ബാഴ്സയുടെ ആദ്യ പാദം

ബാഴ്സലോണ: ഹീറോയില്‍നിന്ന് വില്ലനിലേക്ക് കളംമാറ്റിച്ചവിട്ടി ഫെര്‍ണാണ്ടോ ടോറസ് തലകുനിച്ച് മടങ്ങിയ പഴുതില്‍ ആക്രമിച്ചുകയറിയ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദ പോരാട്ടം സ്വന്തം പേരിലെഴുതി. രണ്ടാം പകുതിയിലെ ഇരട്ടപ്രഹരവുമായി അത്ലറ്റികോ മഡ്രിഡിനെ 2-1ന് മുട്ടുകുത്തിക്കാന്‍ ബാഴ്സക്ക് ഊര്‍ജം പകര്‍ന്നത് ലൂയി സുവാരസും. മറ്റൊരു ക്വാര്‍ട്ടര്‍ ആദ്യ പാദ പോരാട്ടത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്, പോര്‍ചുഗീസ് പോരാട്ടവീര്യവുമായത്തെിയ ബെന്‍ഫിക്കയെ 1-0ത്തിന് വീഴ്ത്തി.

മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് എല്‍ക്ളാസിക്കോയില്‍ റയല്‍ മഡ്രിഡിനോട് 2-1ന് തോറ്റതിന്‍െറ ക്ഷീണമകറ്റാനുള്ള കാത്തിരിപ്പായിരുന്നു ബാഴ്സക്കും ന്യൂകാമ്പിനും ചാമ്പ്യന്‍സ് ലീഗ് പോരാട്ടം. എന്നാല്‍, കറ്റാലന്‍ കാണികളുടെ നെഞ്ചില്‍ തീകോരിയിട്ട് 25ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് ആതിഥേയ വലയില്‍ പന്തത്തെിച്ചു. ബോക്സിനുമുന്നില്‍ ബാഴ്സ പ്രതിരോധം വീഴ്ത്തിയ വലിയൊരു വിള്ളല്‍ മുതലെടുത്ത്, കൊകെയില്‍നിന്നുള്ള പാസ് കാല്‍ക്കലാക്കി ടോറസ് വലയിലേക്ക് ഷോട്ട് അളന്നെടുത്തപ്പോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗനും രക്ഷപ്പെടുത്താനായില്ല. അത്ലറ്റികോക്ക് സ്വപ്നതുല്യ തുടക്കം സമ്മാനിച്ച ടോറസ് തന്നെ ആക്രമണത്തിന്‍െറ കേന്ദ്രമായി കളംനിറഞ്ഞു. മഡ്രിഡിലെ രണ്ടാമത്തെ വമ്പന്മാരും നിലവിലെ ചാമ്പ്യന് തലവേദന സൃഷ്ടിക്കുകയാണെന്ന നിലയിലായി കാര്യങ്ങള്‍. വലയില്‍ പന്തത്തെിച്ച് നാലു മിനിറ്റിനകം, നെയ്മറെ ഫൗള്‍ ചെയ്തതിന് ടോറസ് ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങിയപ്പോഴും വലിയ അപകടം അത്ലറ്റികോ മുന്നില്‍ക്കണ്ടില്ല.
എന്നാല്‍, ആറു മിനിറ്റിനപ്പുറം രണ്ടാം മഞ്ഞക്കാര്‍ഡും ‘ചോദിച്ചു’ വാങ്ങിയ ടോറസ്, ഡീഗോ സിമിയോണിയെയും സംഘത്തെയും അവിശ്വസനീയ വീഴ്ചയിലേക്ക് തള്ളിയിട്ട് പുറത്തായി. മധ്യവരയില്‍ ബസ്ക്വറ്റ്സിനെ അനാവശ്യമായി തള്ളിയിട്ടാണ് ടോറസ് രണ്ടാം കാര്‍ഡ് വാങ്ങി തന്‍െറ ടീമിനെ 10 പേരിലേക്ക് ചുരുക്കിയത്.

ആദ്യ പകുതിയില്‍ ലീഡ് ഒരുവിധം കാത്തുസൂക്ഷിച്ച അത്ലറ്റികോക്ക് പക്ഷേ, രണ്ടാം പകുതിയില്‍ ബാഴ്സയുടെ ആക്രമണവീര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനുപിറകെ ഒന്നായി മെസ്സിയും നെയ്മറും സുവാരസും അത്ലറ്റികോ ഗോള്‍മുഖത്ത് അപകടമുയര്‍ത്തി. അതിന്‍െറ ഫലമായി 63ാം മിനിറ്റില്‍ സമനില ഗോളും പിറന്നു.നിരന്തര ആക്രമണത്തിനൊടുവില്‍ ഗോള്‍ ഏരിയയില്‍ ജോര്‍ഡി ആല്‍ബയില്‍നിന്ന് കിട്ടിയ പാസ് വലയിലേക്ക് തട്ടിയിടാന്‍ സുവാരസിന് അധികം ശ്രമപ്പെടേണ്ടിവന്നില്ല. 74ാം മിനിറ്റില്‍ ബോക്സിന്‍െറ വലത്തേ അരികില്‍നിന്ന് പ്രതിരോധത്തിന് മുകളിലൂടെ ഡാനി ആല്‍വസ് നീട്ടിനല്‍കിയ ക്രോസ് ഒന്നാന്തരം ഹെഡര്‍ ഫിനിഷിങ്ങിലൂടെ വലയിലത്തെിച്ചാണ് സുവാരസ് ബാഴ്സയെ മുന്നിലത്തെിച്ചത്. വിജയം നിര്‍ണയിച്ച ഗോളായും അത് മാറി. കൂടുതല്‍ ഗോളുകള്‍ വഴങ്ങിയില്ല എന്നത് മാത്രമാണ് പിന്നീട് ആശ്വസിക്കാനുള്ള വകയായി അത്ലറ്റികോക്ക് കിട്ടിയത്.

വിദാല്‍ ഗോളില്‍ ബയേണ്‍
രണ്ടാം മിനിറ്റില്‍ ആര്‍തുറോ വിദാല്‍ പറത്തിവിട്ട ഹെഡറില്‍ പിടിച്ചാണ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ബെന്‍ഫിക്കക്കെതിരെ ബയേണ്‍ ജയം നേടിയത്. മത്സരത്തിന്‍െറ ചൂടിലേക്ക് ബെന്‍ഫിക്ക എത്തുന്നതിന് മുമ്പുതന്നെ യുവാന്‍ ബെര്‍നാറ്റിന്‍െറ ഇടതുവിങ്ങില്‍നിന്നുള്ള തകര്‍പ്പന്‍ ക്രോസ് വിദാല്‍ വലയിലേക്ക് തലകൊണ്ട് ചത്തെിയിടുകയായിരുന്നു. തുടര്‍ന്ന് സമനിലപിടിക്കാനുള്ള അവസരം ഇടക്ക് സന്ദര്‍ശകര്‍ക്ക് കൈവന്നെങ്കിലും ഒന്നും മുതലാക്കാനായില്ല.
സ്വന്തം തട്ടകത്തില്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ ജയം സ്വന്തമാക്കാനുള്ള ബയേണിന്‍െറ മോഹത്തിന് തിരിച്ചടി നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ ബെന്‍ഫിക്കക്ക് ആശ്വസിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.