ഐ.എസ്.എല്‍: എഫ്.സി ഗോവയും നോര്‍ത് ഈസ്റ്റും പരിശീലനത്തിനായി വിദേശത്തേക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്‍െറ മൂന്നാം പതിപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ടീമുകള്‍ പരിശീലനക്കളരിയിലേക്ക്. കഴിഞ്ഞതവണത്തെ റണ്ണേഴ്സപ്പായ എഫ്.സി ഗോവയും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും മുന്നൊരുക്കങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ്. എഫ്.സി ഗോവ പരിശീലകന്‍ സീക്കോയുടെ നാട്ടിലേക്കാണ് പറക്കുന്നത്. മുന്‍ ലോകകപ്പ് താരത്തിന്‍െറ സ്വന്തം അക്കാദമിയായ റിയോ ഡെ ജനീറോയിലെ ‘സീക്കോ 10’ലാണ് ടീം പരിശീലിക്കുക. ബ്രസീലിലെ വിവിധ ക്ളബുകളുമായി സന്നാഹ മത്സരങ്ങളിലും എഫ്.സി ഗോവ കളിക്കും.

കോച്ചും പ്രമുഖ കളിക്കാരുമായി നേരത്തെതന്നെ ബ്രസീല്‍ ബന്ധമുള്ള ക്ളബാണ് എഫ്.സി ഗോവ. സീക്കോക്ക് പുറമെ റോമിയോ അടക്കം പ്രമുഖ താരങ്ങളില്‍ ചിലരും ബ്രസീലുകാര്‍ തന്നെ. റിയോയിലെ പരിശീലനം ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് സീക്കോ പറഞ്ഞു. കഴിഞ്ഞതവണത്തെ പ്രധാന കളിക്കാര്‍ക്ക് പുറമെ മികച്ച ചില പുതിയ താരങ്ങളെയും ചേര്‍ത്ത് ശക്തമാക്കിയ ടീം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലില്‍ പരിശീലനം നടത്താനാവുന്നത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് മുന്‍ അത്ലറ്റികോ പരനീസ് താരം കൂടിയായ റോമിയോ പറഞ്ഞു. ബ്രസീലിലെ ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത് മികച്ച നേട്ടമാവും -റോമിയോ അഭിപ്രായപ്പെട്ടു. നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് ദുബൈയാണ്. ടീം വെള്ളിയാഴ്ച ദുബൈയിലേക്ക് തിരിക്കുമെന്ന് കോച്ച് നീലോ വിന്‍ഗാഡ അറിയിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ പരിശീലനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു.


മാഴ്സലീന്യോ ഡല്‍ഹി
ഡൈനാമോസില്‍

ന്യൂഡല്‍ഹി: ബ്രസീല്‍ താരം മാഴ്സലീന്യോയെ (മാഴ്സലോ ലെയ്റ്റെ പെരേര) ഡല്‍ഹി ഡൈനാമോസ് ടീമിലത്തെിച്ചു. സ്ട്രൈക്കറായും ഇരു വിങ്ങുകളിലും കളിക്കാന്‍ മിടുക്കനായ 29കാരന്‍ ബ്രസീലിലെ നാലാം ഡിവിഷന്‍ ക്ളബായ അനപോലിസ് എഫ്.സിയില്‍നിന്നാണ് ഡല്‍ഹി അണിയിലത്തെുന്നത്. റോബര്‍ട്ടോ കാര്‍ലോസ് രാജിവെച്ച ഒഴിവില്‍ എത്തിയ പുതിയ പരിശീലകന്‍ ഗിയന്‍ലുക സാംബ്രോട്ടയുടെ കീഴില്‍ ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാമില്‍ ഐ.എസ്.എല്ലിനായി ഒരുങ്ങുകയാണ് ഡൈനാമോസ്.

ബെലകോസോ
അത്ലറ്റികോയില്‍

കൊല്‍ക്കത്ത: സ്പാനിഷ് ബന്ധമുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്തയിലേക്ക് മറ്റൊരു സ്പെയിന്‍കാരന്‍ കൂടി. സ്ട്രൈക്കര്‍ യുവാന്‍ കാര്‍ലോസ് റോഡ്രിഗ്വസ് ബെലകോസോയാണ് പുതുതായി ടീമിലത്തെിയത്. ഇന്തോനേഷ്യയിലെ ചാമ്പ്യന്‍ക്ളബ് പെര്‍സിബ് ബന്‍ഡുങ്ങില്‍നിന്നാണ് 34കാരന്‍െറ വരവ്. ആറടിയിലേറെ ഉയരമുള്ള ബെലകോസോ ക്ളബിനായി 39 മത്സരങ്ങളില്‍ 30 ഗോള്‍ നേടിയിട്ടുണ്ട്. ഹോങ്കോങ്ങിലെ കിച്ചെ എഫ്.സിയുടെ താരമായിരിക്കെ നിലവിലെ അത്ലറ്റികോ കോച്ച് ജോസ് ഫ്രാന്‍സിസ്കോ മൊലീനയുടെ കീഴില്‍ കളിച്ചിട്ടുമുണ്ട് ബെലകോസോ.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.