ഐ.എസ്.എല്‍ മത്സരക്രമമായി; ബ്ളാസ്റ്റേഴ്സിന് ഉദ്ഘാടനപ്പോരാട്ടം

മുംബൈ: കാല്‍പ്പന്തുകളിയുടെ വര്‍ണക്കാഴ്ചയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) മൂന്നാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിന് ഗുവാഹതിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് ആതിഥേയരായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് കേരളത്തിന്‍െറ പ്രതീക്ഷയായ കേരള ബ്ളാസ്റ്റേഴ്സുമായി ഉദ്ഘാടനപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഡിസംബര്‍ 18നാണ് ഫൈനല്‍. ആദ്യ പാദ സെമിഫൈനലുകള്‍ ഡിസംബര്‍ പത്തിനും 11നും നടക്കും. 13നും 14നുമാണ് രണ്ടാം പാദ സെമി. സെമിയുടെയും ​ഫൈനലിന്‍െറയും വേദികള്‍ തീരുമാനമായിട്ടില്ല. ഹോം-എവേ അടിസ്ഥാനത്തില്‍ 79 ദിവസങ്ങളിലായി 69 മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും വൈകീട്ട് ഏഴിനാണ്.
ഒക്ടോബര്‍ അഞ്ചിന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോം മത്സരം.

അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മൈതാനം അപ്പോഴേക്കും സജ്ജമാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഒക്ടോബര്‍ 9-ഡല്‍ഹി ഡൈനാമോസ്, ഒക്ടോബര്‍ 14-മുംബൈ സിറ്റി എഫ്.സി, നവംബര്‍ എട്ട്- എഫ്.സി ഗോവ, നവംബര്‍ 12-ചെന്നൈയിന്‍ എഫ്.സി, നവംബര്‍ 25-പുണെ സിറ്റി, ഡിസംബര്‍ നാല്-നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എന്നിങ്ങനെയാണ് കൊച്ചിയിലെ മത്സരക്രമം.
ഒക്ടോബര്‍ 17ന് പുണെയുമായും 24ന് ഗോവയുമായും 29ന് ചെന്നൈയിനുമായും ബ്ളാസ്റ്റേഴ്സിന് എവേ മത്സരമുണ്ട്. നവംബര്‍ നാലിന് ഡല്‍ഹിക്കെതിരെയും 19ന് മുംബൈക്കെതിരെയും 29ന് കൊല്‍ക്കത്തക്കെതിരെയുമാണ് മറ്റ് എവേ പോരാട്ടങ്ങള്‍. മുംബൈ സിറ്റി എഫ്.സിയുടെ ഹോം മത്സരങ്ങള്‍ അന്ധേരി സ്പോര്‍ട്സ് കോംപ്ളക്സിലെ മുംബൈ ഫുട്ബാള്‍ അറീനയിലാണ് നടക്കുക. കഴിഞ്ഞ രണ്ട് സീസണിലും ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു ഹോം മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.