സൂറിക്കില്‍ ലോകഫുട്ബാളിന്‍െറ വിസ്മയച്ചെപ്പ്

സൂറിക്: ഫുട്ബാള്‍ മൈതാനത്തെ റഫറിയുടെ അച്ചടക്കവാളായ ചുവപ്പും മഞ്ഞയും കാര്‍ഡ് എന്ന ഐഡിയ മുളപൊട്ടിയ 1966 ലോകകപ്പിലെ ഇംഗ്ളണ്ട്-അര്‍ജന്‍റീന ക്വാര്‍ട്ടറിലെ ഒരു തുണ്ട് കടലാസ്, ഫിഫയുടെ രൂപവത്കരണത്തിന് കാരണമായ ചരിത്രരേഖകള്‍, 1900ത്തിലെ തുന്നിക്കെട്ടിയ തുകല്‍പന്ത് മുതല്‍ 2014 ലോകകപ്പിലെ ബ്രസൂക്ക വരെ, 1934ലെ രണ്ടാം ലോകകപ്പില്‍ റണ്ണറപ്പായി നാട്ടില്‍ മടങ്ങിയത്തെിയ ചെക്കോസ്ളോവാക്യക്ക് പ്രാഗില്‍ നല്‍കിയ വീരസ്വീകരണത്തിന്‍െറ വിക്ടറി മാര്‍ച്ച്...


സൂറിക്കിലെ ഫിഫ ആസ്ഥാനത്തോട് ചേര്‍ന്ന് ഒരുക്കിയ 3000 ചതുരശ്ര മീറ്ററിലെ വിസ്മയലോകം നിങ്ങളെ ലോകഫുട്ബാളിന്‍െറ ചരിത്രത്തിലേക്ക് മാടിവിളിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകര്‍ക്കായി ഫിഫ ഒരുക്കിയ ഫുട്ബാള്‍ മ്യൂസിയമാണ് അതിശയച്ചെപ്പ് തുറക്കുന്നത്. മുന്‍ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ സ്വപ്നപദ്ധതികളിലൊന്നായ ലോകമ്യൂസിയം പുതിയ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ ഞായറാഴ്ചയാണ് ഫുട്ബാള്‍ ലോകത്തിനായി തുറന്നുനല്‍കിയത്. രണ്ടു വര്‍ഷം പിന്നിട്ട നിര്‍മാണപ്രവൃത്തിയിലൂടെയാണ് ഫുട്ബാളിന്‍െറ ചരിത്രവും വര്‍ത്തമാനവും പറയുന്ന മ്യൂസിയം ഒരുങ്ങിയത്. നിര്‍മിതികൊണ്ടും ലോകത്തെ ഒന്നാന്തരമെന്നാണ് വിദേശ മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയത്. ലോകഫുട്ബാളിന്‍െറ വളര്‍ച്ച, ചരിത്രമുഹൂര്‍ത്തങ്ങള്‍, ഫിഫ, ലോകകപ്പ് മത്സരങ്ങള്‍, ഇതിഹാസ താരങ്ങളുടെ ജീവചരിത്രവും കരിയറും മുതല്‍ കാല്‍പന്തുപ്രേമികള്‍ ആവേശത്തോടെ നെഞ്ചേറ്റുന്ന ഓരോ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് മ്യൂസിയം സഞ്ചാരികള്‍ക്കു മുമ്പാകെ തുറന്നത്. 1930ലെ പ്രഥമ ലോകകപ്പ് മുതല്‍ ബ്രസീല്‍ വരെ വിജയികള്‍ക്ക് സമ്മാനിച്ച കിരീടത്തിന്‍െറ വിവിധ രൂപമാറ്റങ്ങളും ഇവിടെ അണിനിരക്കുന്നു. സന്ദര്‍ശകര്‍ക്കായി പെലെ, മറഡോണ, റൊണാള്‍ഡീന്യോ, സിനദിന്‍ സിദാന്‍ എന്നിവര്‍ അണിനിരക്കുന്ന ടേബ്ള്‍ ഫുട്ബാളുമുണ്ട്. ലൈബ്രറി, റിസര്‍ച് സെന്‍റര്‍, സ്പോര്‍ട്സ് ബാര്‍, കഫേ, തിയറ്റര്‍ എന്നിവയും അടങ്ങിയതാണ് വിശാലമ്യൂസിയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.