റയലിനും അത് ലറ്റികോക്കും ട്രാന്‍സ്ഫര്‍ വിലക്ക്

സൂറിക്: ലാ ലിഗയിലെ ഗ്ലാമർ ക്ലബുകളായ റയല്‍ മഡ്രിഡിനും അത് ലറ്റികോ മഡ്രിഡിനും പുതിയ താരങ്ങളെ വാങ്ങുന്നതിന് ഫിഫ വിലക്ക്. 18 വയസ്സില്‍ താഴെയുള്ളവരുടെ രജിസ്ട്രേഷന്‍, രാജ്യാന്തര കൈമാറ്റം എന്നിവ സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചതിനാണ് അച്ചടക്ക നടപടി. ഈ മാസാവസാനം വരെ നീളുന്ന നിലവിലെ ട്രാന്‍സ്ഫര്‍ സീസണിന് വിലക്ക് ബാധകമല്ല. ഇതിനുശേഷം താരങ്ങള്‍ക്ക് ടീം വിടാനും പുതിയവരെ സ്വീകരിക്കാനും 2017 ജൂലൈ വരെ കാത്തിരിക്കണം. അത് ലറ്റികോക്ക് ഒമ്പതു ലക്ഷം സ്വിസ് ഫ്രാങ്കും (6,03,67,000 രൂപ) റയല്‍ മഡ്രിഡിന് 3,60,000 സ്വിസ് ഫ്രാങ്കും (2,41,43,000 രൂപ) പിഴയിട്ടിട്ടുമുണ്ട്.

കുട്ടിക്കളിക്കാരുടെയും ചില മുതിര്‍ന്ന താരങ്ങളുടെയും രജിസ്ട്രേഷന്‍, കൈമാറ്റം എന്നിവയില്‍ വീഴ്ചവരുത്തിയതിനാണ് ശിക്ഷയെന്ന് ഫിഫ വക്താവ് അറിയിച്ചു.
മാഞ്ചസ്റ്റര്‍ താരം ഡേവിഡ് ഡി ഗീ, ചെല്‍സിയുടെ ഈഡന്‍ ഹസാഡ് എന്നിവരെ വാങ്ങാന്‍ റയല്‍ പദ്ധതിയിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. മുന്‍നിരതാരം അന്‍േറായിന്‍ ഗ്രീസ്മാനെ വില്‍ക്കാന്‍ അത്ലറ്റികോ പദ്ധതിയിടുന്നതായും സൂചനയുണ്ടായിരുന്നു. പുതിയ നിയന്ത്രണം വരുന്നതോടെ ഇവ നടക്കാനുള്ള സാധ്യത മങ്ങി. ഇരു ടീമുകളും ഫിഫ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നാണ് സൂചന. 2014ല്‍ ബാഴ്സലോണക്കും ഇതേ വിലക്ക് വീണിരുന്നു. ഇതിനുശേഷം അര്‍ഡ ടുറാന്‍, അലെക്സ് വിഡാല്‍ എന്നിവരെ ബാഴ്സ വാങ്ങിയെങ്കിലും അടുത്തിടെയാണ് ടീമിനുവേണ്ടി കളത്തിലിറങ്ങാനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.