മസാചുസെറ്റ്സ്: കോപ അമേരിക്കയിൽ പെറുവിനോട് തോറ്റ് പുറത്തായതോടെ ബ്രസീൽ കോച്ച് ദുംഗയുടെ ഭാവി ഭീഷണിയിൽ. ടൂർണമെൻറിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ബ്രസീൽ ടീമിന് അടിയന്തിരമായി മാറ്റം വേണമെന്നും പരിശീലക സ്ഥാനത്ത് നിന്ന് ദുംഗയെ പുറത്താക്കണമെന്നും രാജ്യത്ത് ആവശ്യമുയർന്നു. കോപയിൽ ദുർബലരായ ഹെയ്തിയുടെ വലയിൽ ഏഴ് ഗോളുകൾ അടിച്ചുകൂട്ടിയെങ്കിലും സമീപകാലത്ത് ബ്രസീൽ ടീമിൻെറ പ്രകടനം നിലവാരം കുറഞ്ഞതായിരുന്നു.
ആഗസ്റ്റിൽ ബ്രസീലിൽ നടക്കുന്ന ഒളിമ്പിക്സ് ടീമിനെ പരിശീലിപ്പിക്കുന്നതിൽ നിന്നും ദുംഗയെ ഒഴിവാക്കണമെന്നാണ് ആവശ്യം ഉയർന്നത്. പെറുവിനെതിരെ മത്സരത്തിന് ശേഷം ദുംഗ വൈകാരികമായാണ് പ്രതികരിച്ചത്. താൻ മരണത്തെ മാത്രമേ ഭയപ്പെടുവുള്ളുവെന്നും ജോലി നഷ്ടമാകുന്നതിനെ പേടിക്കുന്നില്ലെന്നും ദുംഗ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഞങ്ങൾ എന്താണ് ചെയ്തിരുന്നത് എന്ന് അസോസിയേഷൻ പ്രസിഡൻറിന് അറിയാവുന്നതാണ്. എങ്ങനെയാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നതും ടീമിന് മുകളിലുള്ള സമ്മർദത്തേയും പറ്റി ഞങ്ങൾ ബോധവാന്മാരാണ്. ബ്രസീൽ ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കൊപ്പം വിമർശവും ഉണ്ടാവുമെന്ന് മനസ്സിലാക്കണമെന്നും മുൻ ക്യാപ്റ്റൻ കൂടിയായ ദുംഗ വ്യക്തമാക്കി.
2014 ലോകകപ്പിൽ ജർമനിയോട് ഏഴുഗോളുകൾ വാങ്ങിക്കൂട്ടി പുറത്തായ ശേഷമാണ് ദുംഗ വീണ്ടും മഞ്ഞപ്പടയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാൽ ജർമനിക്കെതിരായ തോൽവിയുടെ പ്രേതം ഇപ്പോഴും മഞ്ഞപ്പടയെ വേട്ടയാടുന്നതായാണ് ടീമിൻെറ നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.