റാമോസിന് മോദ്രിച് നല്‍കിയ പണി- വിഡിയോ

പാരിസ്: ‘കൂടെ നടക്കുന്നവനേ രാപ്പനി അറിയൂ’ എന്ന ചൊല്ലുപോലെയാണ് സെര്‍ജിയോ റാമോസിന്‍െറയും ലൂകാ മോദ്രിച്ചിന്‍െറയും കാര്യം. റയല്‍ മഡ്രിഡിന്‍െറ വന്മതിലാണ് റാമോസ്. മോദ്രിച് മുന്നേറ്റത്തിലെ പടനായകനും. യൂറോകപ്പ് ഗ്രൂപ് ‘ഡി’യില്‍ പക്ഷേ, ഇരുവരും എതിര്‍ ടീമിലാണ്. കഴിഞ്ഞദിവസം റാമോസിന്‍െറ സ്പെയിനിനെതിരെ ക്രൊയേഷ്യ ഇറങ്ങിയപ്പോള്‍ പക്ഷേ, പ്ളെയിങ് ഇലവനില്‍ മോദ്രിച്ചില്ലായിരുന്നു. കളിയില്‍ ഇരുവരും 1-1ന് സമനില പിടിച്ച സമയം. 72ാം മിനിറ്റില്‍ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കെടുക്കാനത്തെിയത് സെര്‍ജിയോ റാമോസ്. പരിചയസമ്പന്നനായ താരത്തിനു മുന്നില്‍ കിക്ക് തടയാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്രൊയേഷ്യന്‍ ഗോളി ഡാനിയല്‍ സുബാസിച്ചിനടുത്തേക്ക് ക്യാപ്റ്റന്‍ ഡാരിയോ സര്‍ന ഓടിയത്തെുന്നത്. ചെവിയോട് ചേര്‍ന്നുനിന്ന് സ്വകാര്യം പറയുന്ന നിമിഷം കാമറകളും ഒപ്പിയെടുത്തു. പോസ്റ്റിനുകീഴെ ഏകാഗ്രതയോടെ സുബാസിച്. റഫറിയുടെ വിസിലിനുപിന്നാലെ റാമോസിന്‍െറ കിക്കും. നിന്നടത്തുനിന്ന് ഒന്നു വാംഅപ് മാത്രം ചെയ്ത സുബാസിച്ചിന്‍െറ കൈകളില്‍ പതിച്ച ഷോട്ടില്‍ സ്പെയിനിന്‍െറ ഉറച്ച ഗോള്‍ നിഷ്ഫലമായി. 87ാം മിനിറ്റില്‍ ഒരുഗോള്‍കൂടി നേടി ക്രൊയേഷ്യ മത്സരം ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരും. സ്പെയിനിന് പ്രീക്വാര്‍ട്ടറില്‍ എതിരാളിയായി ഇറ്റലിയും.

കളികഴിഞ്ഞ് കയറിയപ്പോഴാണ് സുബാസിച് രഹസ്യം വെളിപ്പെടുത്തിയത്. ‘റാമോസിന്‍െറ കിക്കിനെക്കുറിച്ച് ഗ്രൗണ്ട് ലൈനിന് പുറത്തുനിന്നും മോദ്രിച് സര്‍നയിലൂടെ നല്‍കിയ ഉപദേശമായിരുന്നു സേവിന് സഹായിച്ചത്. വലതുവശത്തൂടെയാവും അദ്ദേഹത്തിന്‍െറ കിക്ക്. ഇത് കണക്കുകൂട്ടി നിന്നപ്പോള്‍ എല്ലാം മനസ്സില്‍ കണ്ടപോലത്തെന്നെ സംഭവിച്ചു’ -സുബാസിച് പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.