യൂറോപ്പ ലീഗ്: ആദ്യപാദം ലിവര്‍പൂള്‍

ലണ്ടന്‍: ആറടി ഉയരക്കാരന്‍ ഡേവിഡ് ഗിയ ഇല്ലെങ്കില്‍ കാണാമായിരുന്നു ആന്‍ഫീല്‍ഡിലെ ഗോള്‍ പൂരം. ഇടത്തും വലത്തും ചാടിവീണും നിവര്‍ന്നുനിന്ന് കുത്തിയകറ്റിയും ഡി ഗിയ വലനിറഞ്ഞതുകൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ തോല്‍വിഭാരം രണ്ടു ഗോളിലൊതുങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ബെഞ്ചില്‍നിന്നും ഇരിപ്പിടം നഷ്ടപ്പെട്ട രണ്ടുപേരുടെ മരണപ്പോരാട്ടമായി മാറിയ യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ യുനൈറ്റഡിനെതിരെ ലിവര്‍പൂള്‍ ജയിച്ചത് (2-0) ആധികാരികമായി. വാന്‍ഗാലിന്‍െറ മാരകാസ്ത്രങ്ങള്‍ ഒന്നും വിജയം കാണാതെപോയ ആന്‍ഫീല്‍ഡിലെ രാത്രിയില്‍ അരഡസന്‍ ഗോളുകളെങ്കിലും ഗോളി ഡി ഗിയയുടെ മിടുക്കില്‍  യുനൈറ്റഡ് തട്ടിയകറ്റി. ഇതോടെ, സ്വന്തം ഗ്രൗണ്ടിലെ ആദ്യപാദം അനായാസം ജയിച്ച ലിവര്‍പൂള്‍ രണ്ടടി മുന്നിലത്തെി. ഇനി, ഓള്‍ഡ്ട്രഫോഡില്‍ 17ന് നടക്കുന്ന രണ്ടാം പാദത്തില്‍ കടംവീട്ടിയെങ്കില്‍മാത്രം യുനൈറ്റഡിന് രക്ഷപ്പെടാം.

യൂറോപ്പയിലെ മറ്റു മത്സരങ്ങളില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ കണ്ണുവെച്ച ടോട്ടന്‍ഹാം ഹോട്സ്പറിനെ ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 3-0ത്തിന് തകര്‍ത്തു. യുക്രെയ്ന്‍ ക്ളബ് ഷാക്തര്‍ ഡൊണസ്ക് 3-1ന് ബെല്‍ജിയത്തിലെ ആന്‍ഡര്‍ലെഷ്റ്റിനെയും, വിയ്യാ റയല്‍ (സ്പെയിന്‍) 2-0ത്തിന് ബയര്‍ ലെവര്‍കൂസനെയും (ജര്‍മനി), ഫെനര്‍ബാഷെ (തുര്‍ക്കി) 1-0ത്തിന് ബ്രാഗയെയും (പോര്‍ചുഗല്‍) തോല്‍പിച്ചു.

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനോടേറ്റ തോല്‍വിയുടെ മുറിവുമായായണ് ലിവര്‍പൂള്‍ ഇറങ്ങിയത്. കളിയുടെ ഇരു പകുതികളിലുമായി പിറന്ന രണ്ടു ഗോളിലൂടെ ആതിഥേയര്‍ മത്സരവും പിടിച്ചു. 20ാം മിനിറ്റില്‍ സ്റ്ററിഡ്ജ് പെനാല്‍റ്റി ഗോളാക്കി മാറ്റിയപ്പോള്‍, 73ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മീന്യോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ഡോര്‍ട്ട്മുണ്ടില്‍ നടന്ന മത്സരത്തില്‍ മാര്‍കോ റ്യൂസിന്‍െറ ഇരട്ട ഗോളുകളാണ് ബൊറൂസിയക്ക് ജയമൊരുക്കിയത്. 61, 70 മിനിറ്റിലായിരുന്നു റ്യൂസ് സ്കോര്‍ ചെയ്തത്. ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ ഒബുമെയാങ്ങും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.