അത്ലറ്റികോ മിലാനിലേക്ക്; ഒരു ജയം അകലെ ചരിത്രനേട്ടം

മ്യൂണിക്: ഒരു സ്വപ്നംപോലെ അത്ലറ്റികോ മഡ്രിഡ് ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്. രണ്ടുതവണ കൈയത്തെുമകലെ നഷ്ടമായ യൂറോപ്യന്‍ കിരീടത്തിലേക്ക് ഇനിയൊരു ജയംകൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ്് സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എവേഗോളിന്‍െറ മികവില്‍ സെമിയില്‍ വീഴ്ത്തി ഡീഗോ സിമിയോണിയുടെ സംഘം മൂന്നാംവട്ടം ഫൈനലില്‍ കടന്നു. മഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ അത്ലറ്റികോക്കായിരുന്നു ജയം (1-0). ബുധനാഴ്ച മ്യൂണിക്കില്‍ നടന്ന രണ്ടാം പാദത്തില്‍ ബയേണ്‍ (1-2)ന് ജയിച്ചെങ്കിലും എതിരാളിയുടെ മണ്ണില്‍ നേടിയ ഒരുഗോളിന്‍െറ മുന്‍തൂക്കം അത്ലറ്റികോയുടെ മിലാന്‍ മാര്‍ച്ചിന് വാതില്‍തുറന്നു. മേയ് 28നാണ് ഫൈനല്‍.

അഞ്ചുതവണ യൂറോപ്യന്‍ കിരീടമണിഞ്ഞ ബയേണ്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സെമിയില്‍ ഇടറിവീഴുന്നത്. 2012-13 സീസണില്‍ അവസാനമായി യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണിനെ അടുത്ത രണ്ടു സീസണുകളില്‍ റയല്‍ മഡ്രിഡും ബാഴ്സലോണയുമാണ് സെമിയില്‍ മടക്കിയത്. ഏറ്റവുമൊടുവിലായി അത്ലറ്റികോയും വഴിമുടക്കിയതോടെ ചാമ്പ്യന്‍സ് ലീഗിലെ സ്പാനിഷ് കടമ്പ ബയേണിന് വീണ്ടും വില്ലനായി.
അലയന്‍സ് അറീനയില്‍ നടന്ന സ്വപ്നപോരാട്ടത്തില്‍ ബയേണിനായിരുന്നു മേധാവിത്വം. നേടിയത് രണ്ടു ഗോളുകളായിരുന്നെങ്കിലും സൃഷ്ടിച്ച അവസരങ്ങളുടെ എണ്ണമെടുത്താല്‍ അരഡസന്‍ തവണയെങ്കിലും അത്ലറ്റികോ വല കുലുങ്ങേണ്ടതായിരുന്നു. ആദ്യ പാദത്തില്‍ ബെഞ്ചിലായിരുന്ന തോമസ് മ്യൂളര്‍, ജെറോം ബൊട്ടെങ്, ഫ്രാങ്ക് റിബറി എന്നിവര്‍ ഗ്വാര്‍ഡിയോളയുടെ പ്ളെയിങ് ഇലവനില്‍ തന്നെയത്തെി. അത്ലറ്റികോക്കായി പരിക്കില്‍നിന്ന് മോചിതനായ ഡീഗോ ഗോഡിനുമത്തെി.

കളിയുടെ 31ാം മിനിറ്റില്‍ സാബി അലോന്‍സോയാണ് ബയേണിനായി ആദ്യം വലകുലുക്കിയത്. ബോക്സിനോട് ചേര്‍ന്ന ഫൗളിന് പെനാല്‍റ്റി അപ്പീല്‍ നടത്തിയെങ്കിലും റഫറി അനുവദിച്ച ഡയറക്ട് ഫ്രീകിക്ക് ഗോളിലേക്കുള്ള വഴിയായി. ബോക്സിന് തൊട്ടുമുന്നില്‍ അലോന്‍സോയെടുത്ത കിക്ക് മഡ്രിഡ് പ്രതിരോധക്കാരന്‍ ഗിമനസിന്‍െറ കാലില്‍തട്ടി വലയിലേക്ക്. ബയേണിന് 1-0 ലീഡ്.
 


മൂന്ന് മിനിറ്റിനകം ബയേണിന് ലീഡുയര്‍ത്താനുള്ള അവസരം. കോര്‍ണര്‍ ഷോട്ടിനിടെ ബയേണ്‍ താരം മാര്‍ട്ടിനസിനെ വീഴ്ത്തി ഗിമനെസ് വീണ്ടും വില്ലനായി. പക്ഷേ, സ്പോട്ട് കിക്കെടുത്ത തോമസ് മ്യൂളറിന് പിഴച്ചു. പന്ത് റാഞ്ചിയെടുത്ത ഗോളി ഒബ്ളാക്കിലൂടെ മഡ്രിഡിന് പുതുജീവനായി.
രണ്ടാം പകുതിയിലെ 53ാം മിനിറ്റിലായിരുന്നു ബയേണ്‍ പ്രതിരോധം വെട്ടിപ്പൊളിച്ച് അന്‍േറാണിയോ ഗ്രീസ്മാനിലൂടെ അത്ലറ്റികോ സമനില ഗോളടിച്ചത്. ബയേണ്‍ മ്യൂണിക് ആക്രമണത്തിനിടയില്‍ അടിച്ചകറ്റിയ പന്ത് മധ്യവരകടന്ന് പതിച്ചപ്പോള്‍ ഫെര്‍ണാണ്ടോ ടോറസ് നല്‍കിയ ക്രോസുമായി ഗ്രീസ്മാന്‍ കുതിച്ചുപാഞ്ഞു. ഒപ്പമോടാന്‍പോലും ആളില്ലാതെ ബയേണ്‍ പ്രതിരോധം ഒഴിഞ്ഞുനിന്നപ്പോള്‍, ഗോളി മാനുവല്‍ നോയറെയും കബളിപ്പിച്ച് പന്ത് ബയേണ്‍ വലയിലേക്ക്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ബയേണില്‍നിന്നും തട്ടിത്തെറിപ്പിച്ച എവേ ഗോളായി അത് മാറി. 74ാം മിനിറ്റിലാണ് ആതിഥേയരുടെ രണ്ടാം ഗോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഹെഡറിലൂടെ പിറന്നത്. അര്‍തുറോ വിദാല്‍ ഹെഡറിലൂടെതന്നെ മറിച്ചുനല്‍കിയ പന്തില്‍ ഉജ്ജ്വല ഫിനിഷിങ്. ഒരു ഗോള്‍കൂടി നേടി അഗ്രിഗേറ്റില്‍ ജയിക്കാനുള്ള പോരാട്ടം വിജയം കണ്ടില്ല. ഇരുവിങ്ങിലൂടെയും തുരുതുരായുള്ള മുന്നേറ്റത്തെ കെട്ടുറപ്പുള്ള പ്രതിരോധവുമായാണ് സിമിയോണി നേരിട്ടത്. ഇതിനിടെ, 84ാം മിനിറ്റില്‍ അത്ലറ്റികോക്ക് അനുകൂലമായി പെനാല്‍റ്റിയും പിറന്നു. ടോറസിനെ വീഴ്ത്തിയതിനു ലഭിച്ച അവസരം ടോറസ് തന്നെ കളഞ്ഞുകുളിച്ചു. ഷോട്ട് പതിച്ചത് നോയറുടെ സുരക്ഷിത കൈകളിലേക്ക്.
 


ത്രില്ലര്‍ സിനിമ പോലെയുള്ള ജൈത്രയാത്രയെന്നായിരുന്നു അത്ലറ്റികോ കോച്ച് സിമിയോണിയുടെ പ്രതികരണം. ‘കഴിഞ്ഞ മൂന്നുവര്‍ഷത്തെ കഠിനാധ്വാനം 180 മിനിറ്റില്‍ പ്രകടിപ്പിച്ചു. ഇത് ഫൈനലിനും ആത്മവിശ്വാസമാവും. ആര്‍ക്കെതിരെയാവും കിരീടപ്പോരാട്ടമെന്നത് ആശങ്കപ്പെടുത്തുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഇപ്പോള്‍ തോല്‍പിച്ചത്. ആദ്യ പകുതിയില്‍ അവര്‍ മികച്ച ഫോമിലായിരുന്നു. പക്ഷേ, മ്യൂളര്‍ പെനാല്‍റ്റി പാഴാക്കിയത് ഞങ്ങള്‍ക്ക് ഉണര്‍വായി. ടോറസ് നഷ്ടപ്പെടുത്തിയ പെനാല്‍റ്റി ക്ഷീണമായെങ്കിലും ഒരു ത്രില്ലര്‍ സിനിമയായിരുന്നു കളി’ -സിമിയോണി പറഞ്ഞു.
അതേസമയം, ഫൈനലില്‍ കടന്നില്ളെങ്കിലും ഈ ടീമില്‍ അഭിമാനിക്കുന്നുവെന്ന് ബയേണ്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള. ‘കണക്കുകൂട്ടിയ കളി തന്നെയായിരുന്നു ടീമിന്‍േറത്. പക്ഷേ, നഷ്ടപ്പെടുത്തിയ ഗോളിനുള്ള വിലയായി ഫൈനല്‍ നഷ്ടം. ആരാധകരോട് ക്ഷമചോദിക്കുന്നു’ -ഗ്വാര്‍ഡിയോള പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.