വീണ്ടും തോറ്റ് ജര്‍മനി

ബര്‍ലിന്‍: ഏഴുമാസം, ആറ് മത്സരങ്ങള്‍, നാലാം തോല്‍വി. ലോക ചാമ്പ്യന്മാരെന്ന പകിട്ടില്‍ യൂറോകപ്പ് പോരാട്ടത്തിനൊരുങ്ങുന്ന ജര്‍മനിയുടെ ആത്മവിശ്വാസം തകര്‍ത്ത് തുടര്‍ച്ചയായ തോല്‍വികള്‍. യൂറോസന്നാഹമത്സരത്തില്‍ സ്ലോവാക്യക്കെതിരെയിറങ്ങിയ ജര്‍മനി ബര്‍ലിനിലെ മുറ്റത്താണ് ഏറ്റവുമൊടുവിലായി തോറ്റമ്പിയത് (3-1). അതേസമയം, നിലവിലെ യൂറോചാമ്പ്യന്‍ സ്പെയിന്‍, മുന്‍ ചാമ്പ്യന്‍ ഇറ്റലി, പോര്‍ചുഗല്‍ ടീമുകള്‍ക്ക് ജയത്തോടെ ഒരുക്കം.

യുവനിരയെയും പരിചയസമ്പന്നരെയും ഇടകലര്‍ത്തിയിറങ്ങിയപ്പോഴാണ് യൊആഹിംലോയ്വിന്‍െറ സംഘം തോല്‍വിവഴങ്ങിയത്. കളിയുടെ 13ാം മിനിറ്റില്‍ മരിയോ ഗോമസിന്‍െറ പെനാല്‍റ്റി ഗോളിലൂടെ ജര്‍മനിയാണ് തുടങ്ങിയതെങ്കിലും പിന്നീട് കണ്ടത് ആദ്യമായി യൂറോകപ്പിന് യോഗ്യതനേടിയ സ്ലോവാക്യയുടെ ഓള്‍റൗണ്ട് ഷോ. ആദ്യപകുതി പിരിയുംമുമ്പേ മരെക് ഹംസിക് (41ാം മിനിറ്റ്), മിഷേല്‍ ഡുറിസ് (43) എന്നിവര്‍ സ്ലോവാക്യയെ മുന്നിലത്തെിച്ചു (2-1). രണ്ടാം പകുതിയില്‍ അരങ്ങേറ്റക്കാരന്‍ ഗോള്‍കീപ്പര്‍ ബ്രെന്‍ഡ് ലെനോയെ പിന്‍വലിച്ച് ബാഴ്സലോണയുടെ ഒന്നാം നമ്പറുകാരന്‍ ടെര്‍സ്റ്റീഗനെ ഇറക്കിയെങ്കിലും രക്ഷയില്ലായിരുന്നു. 52ാം മിനിറ്റില്‍ കോര്‍ണര്‍കിക്കിലൂടെയത്തെിയ പന്ത് യുരാജ് കുകാ ദുര്‍ബലമായ ഷോട്ടിലൂടെ നീട്ടിയടിച്ചപ്പോള്‍ ടെര്‍സ്റ്റീഗന്‍െറ കാലുകള്‍ക്കിടയിലൂടെ വലകുലുക്കി. സ്ലോവാക്യയുടെ മൂന്നാം ഗോള്‍. സൂപ്പര്‍താരങ്ങളായ തോമസ് മ്യൂളര്‍, ടോണി ക്രൂസ്, ക്യാപ്റ്റന്‍ ഷൈ്വന്‍സ്റ്റീഗര്‍, ഗോളി മാനുവല്‍ നോയര്‍ എന്നിവരില്ലാതെയാണ് ജര്‍മനി കളത്തിലിറങ്ങിയത്. ഒക്ടോബറില്‍ യൂറോ യോഗ്യതാമത്സരത്തില്‍ അയര്‍ലന്‍ഡിനോട് തോറ്റതുമുതല്‍ (1-0) തുടങ്ങിയാണ് ജര്‍മനിയുടെ വീഴ്ച. ഫ്രാന്‍സ് (2-0), ഇംഗ്ളണ്ട് (3-2) ടീമുകളോടും തോറ്റു.

ഞായറാഴ്ചത്തെ മറ്റു മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി 1-0ത്തിന് സ്കോട്ലന്‍ഡിനെ വീഴ്ത്തി. രണ്ടാം പകുതിയിലെ 57ാം മിനിറ്റില്‍ സതാംപ്ടണ്‍ താരം ഗ്രസിയാനോ പെല്ളെയുടെ ഗോളിലാണ് അസൂറിപ്പടയുടെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപെയുമില്ലാതെയിറങ്ങിയ പോര്‍ചുഗല്‍ 3-0ത്തിന് നോര്‍വേയെ വീഴ്ത്തി. റിക്കാര്‍ഡോ ക്യൂറെസ്മ, റാഫേല്‍ ഗ്വരീറോ, എഡര്‍ എന്നിവരുടെ ഗോളിലൂടെയാണ് പോര്‍ചുഗല്‍ തകര്‍പ്പന്‍ ജയം നേടിയത്. യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ 3-1ന് ബോസ്നിയയെ വീഴ്ത്തി. സെല്‍റ്റ സ്ട്രൈക്കര്‍ നൊലിറ്റോ ഇരട്ട ഗോള്‍ നേടിയപ്പോള്‍, പെഡ്രോ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ലീഡുയര്‍ത്തി. മറ്റു മത്സരഫലങ്ങള്‍: തുര്‍ക്കി 1-മോണ്ടിനെഗ്രോ 0, റുമേനിയ 3-യുക്രെയ്ന്‍ 4.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.