എ.എഫ്.സി കപ്പ് സെമി; ബംഗളൂരുവിന് ഇന്ന് ആദ്യപാദം

ജോഹര്‍ (മലേഷ്യ): എ.എഫ്.സി കപ്പ് ക്ളബ് ഫുട്ബാള്‍ സെമിഫൈനലിന്‍െറ ആദ്യപാദത്തില്‍ ബംഗളൂരു എഫ്.സിക്ക് ബുധനാഴ്ച നിര്‍ണായക പോരാട്ടം. നിലവിലെ ജേതാക്കളും കരുത്തരുമായ മലേഷ്യന്‍ ക്ളബ് ജെ.ഡി.ടിയാണ് എതിരാളികള്‍. ജെ.ഡി.ടിയുടെ മൈതാനമായ ലാര്‍കിന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.15നാണ് പോരാട്ടം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജെ.ഡി.ടിയോട് മൂന്നു വട്ടം തോറ്റ ചരിത്രമാണ് ബംഗളൂരുവിനുള്ളത്.

ഐ ലീഗ് ജേതാക്കളായ ബംഗളൂരുവിന് ബുധനാഴ്ചത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങാതിരിക്കുകയാണ് ലകഷ്യം. ഗ്രൂപ് എച്ചില്‍ രണ്ടു വട്ടം ബംഗളൂരു ജെ.ഡി.ടിയോട് തോറ്റിരുന്നു. ഈ സീസണില്‍ ഒമ്പത് എ.എഫ്.സി കപ്പ് മത്സരങ്ങള്‍ കളിച്ച മലേഷ്യന്‍ ടീം 31 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ 23 ഹോം മത്സരങ്ങളില്‍ ടീം തോറ്റിട്ടുമില്ല. മുഹമ്മദ് ഷഫീഖ് റഹീം എന്ന മിഡ്ഫീല്‍ഡറും മുന്നേറ്റനിരയിലെ പെരേര ഡയസും മാര്‍ട്ടിന്‍ ലുസേറയുമാണ് ജെ.ഡി.ടിയുടെ അപകടകാരികള്‍.

ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ ആദ്യപാദത്തില്‍ മലയാളി താരം സി.കെ. വിനീതിന്‍െറ ഗോളാണ് ബംഗളൂരുവിന് സെമിപ്രവേശം നേടിക്കൊടുത്തത്. പ്രതിരോധഭടനായ റിനോ ആന്‍േറായാണ് ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഡാനിയല്‍ ലാലിംപുയിയും ആക്രമണത്തിന് ചുക്കാന്‍പിടിക്കും. യൂജിന്‍സണ്‍ ലിങ്ദോയും ജെര്‍മെയ്ന്‍ പെന്നന്‍റും ജോര്‍ദാന്‍ വെബും മധ്യനിരയില്‍ മികച്ച ഫോമിലാണ്. അംറിന്ദര്‍ സിങ് ബാറിനു കീഴില്‍ മികച്ച ഫോമിലാണ്. ഒക്ടോബര്‍ 19ന് ബംഗളൂരുവിലാണ് സെമിഫൈനലിന്‍െറ രണ്ടാം പാദം. അതുവരെ ബംഗളൂരുവിലെ 13 താരങ്ങള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാവില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.