മലപ്പുറം: ‘പരിക്കുകാരണം എത്രയോ കളികൾ നഷ്ടപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇത്ര നിരാശയോ വേദനയോ തോന്നിയിരുന്നില്ല. എന്നെസംബന്ധിച്ച് ഐ.എസ്.എല്ലിൽ അഞ്ചു സീസൺ കളിച്ചിട്ടും ഫൈനലും കിരീടവും ആദ്യത്തെ അനുഭവമാണ്. പേക്ഷ, മൊബൈൽ ഫോൺ സ്ക്രീനിൽ ഒറ്റക്കിരുന്ന് മത്സരം കാണാനായിരുന്നു വിധി. ഫൈനലിനുശേഷം കോച്ചും പ്ലയേഴ്സും വിഡിയോ കോൾ ചെയ്തു. എണീറ്റ് നടക്കാൻ വയ്യെങ്കിലും അവർക്കരികിലേക്ക് ഓടിച്ചെല്ലാനാണ് തോന്നിയത്’... ഐ.എസ്.എല്ലിൽ എ.ടി.കെ ജേതാക്കളായപ്പോൾ അനസ് എടത്തൊടികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഫെബ്രുവരി 16ന് ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിൽ മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ് അനസ്.
ഫൈനൽ മത്സരത്തിന് മുമ്പെടുത്ത ടീം ഫോട്ടോ സഹതാരങ്ങൾ അയച്ചുകൊടുത്തിരുന്നു. ടീമിനൊപ്പമില്ലാത്ത അനസിെൻറ 30ാം നമ്പർ ജഴ്സിയും അഗസ് ഗാർസിയയുടെ 14ാം നമ്പർ ജഴ്സിയും പിടിച്ചാണ് അവർ ഫട്രോഡ സ്റ്റേഡിയത്തിൽ ഫോട്ടോക്ക് പോസ് ചെയ്തത്. അസാന്നിധ്യത്തിലും ഇരുവരും കൂടെ ഉണ്ടെന്ന് കാണിക്കുകയായിരുന്നു എ.ടി.കെ കളിക്കാർ. കോഴിക്കോട്ട് ആശുപത്രിക്കിടക്കയിലായിരിക്കെ വിളിച്ച സഹതാരങ്ങൾ ‘വീ മിസ് യൂ ബ്രോ...’ എന്ന് പറയുമ്പോഴെല്ലാം വാക്കുകൾ കിട്ടാതെ അനസ് വിഷമിച്ചു. ‘ജയവും തോൽവിയും പരിക്കുമൊന്നും കരിയറിൽ പുതുമയില്ലാത്തതാണ്. വിഷമമേറിയ പലഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പേക്ഷ, ഒരുകിരീടം ഏതൊരു താരത്തിെൻറയും സ്വപ്നമാണ്. അതിെൻറ പടിക്കലെത്തിനിൽക്കുമ്പോഴാണ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്’ -അനസ് തുടർന്നു.
ഡൽഹി ഡൈനോമോസിന് രണ്ടും ജാംഷഡ്പൂർ എഫ്.സിക്കും കേരള ബ്ലാസ്റ്റേഴ്സിനും വേണ്ടി ഓരോ സീസണും കളിച്ച അനസ് ഇക്കുറി എ.ടി.കെക്ക് വേണ്ടി ഒമ്പതു മത്സരങ്ങളിൽ ഇറങ്ങി. ഗൗരവമുള്ളതായിരുന്നു പരിക്ക്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഡോ. പ്രദീപിന് കീഴിൽ രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തി. അൽപം സങ്കീർണമായതിനാൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആശുപത്രി വിട്ടശേഷം കൊണ്ടോട്ടിയിലെ വീട്ടിലേക്ക് പേക്ഷ ധാരാളം പേർ കാണാനെത്തി. ഇടക്ക് പകർച്ചപ്പനി ബാധിച്ച് വീണ്ടും ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ടാണ് ഡിസ്ചാർജായത്.
അണുബാധ ഉണ്ടാകാതിരിക്കാൻ കുറച്ചുദിവസം സന്ദർശകരെ സ്വീകരിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചതിനാൽ വീടിെൻറ മുകൾനിലയിൽ ഒറ്റക്ക് കഴിയുകയാണ് അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.