തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടുണ്ട്. ഇവിടെ ഒരു പടികൂടി കടന്ന് എല്ലാം റെക്കോഡോടെ പൊന്നാക്കുകയാണ് എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ അനുമോള്‍ തമ്പി. ദേശീയ, സംസ്ഥാന റെക്കോഡുകള്‍ പലതവണ സ്വന്തം പേരിലാക്കുകയും പുതുക്കുകയും ചെയ്ത താരം തേഞ്ഞിപ്പലത്തും പതിവ് തെറ്റിച്ചില്ല. സീനിയര്‍ ഗേള്‍സ് 5000 മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാന സ്കൂള്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് അനുമോള്‍. 17 മിനിറ്റ് 14.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വഴിമാറിയത് 2013ല്‍ മുണ്ടൂര്‍ എച്ച്.എസിലെ പി.യു. ചിത്ര കുറിച്ച 17:24.94 മിനിറ്റ്. ഇടുക്കി വെള്ളായംകുടി എസ്.ജെ.എച്ച്.എസ്.എസിലെ സാന്ദ്ര എസ്. നായര്‍ (18:11.22) വെള്ളിയും കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ അഞ്ജു മുരുകന്‍ (18:52.78) വെങ്കലവും നേടി.
ഡച്ച് ദമ്പതികളുടെ ദത്തുപുത്രി: ജന്മനാടായ ഇടുക്കി പാറത്തോട് സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ ഷിജോയാണ് അനുമോളിലെ കായികതാരത്തെ കണ്ടത്തെിയത്. ആദ്യത്തെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ വെറുംകൈയോടെ മടക്കം. 2014ല്‍ എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലേക്ക് മാറിയ ഒമ്പതാം ക്ളാസുകാരിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഡച്ച് ദമ്പതികളായ അന്നയും റോബര്‍ട്ടുമാണ് അത്ലറ്റിക്സില്‍ അനുമോളുടെ സ്പോണ്‍സര്‍മാര്‍. പഠനത്തിനും സ്പോര്‍ട്സിനും വേണ്ട സാമ്പത്തിക സഹായം ഇവരാണ് ചെയ്യുന്നത്. മാര്‍ബേസിലിലെ പ്രിന്‍സിപ്പലായിരുന്ന എല്‍സിയാണ് അനുമോളെ തുടക്കത്തില്‍ സ്പോണ്‍സര്‍ ചെയ്തത്. ഇവിടുത്തെ മറ്റൊരു അധ്യാപിക സോമിയുടെ സഹോദരന്‍ വഴി നെതര്‍ലന്‍ഡുകാരായ അന്നയും റോബര്‍ട്ടും അനുമോളെപ്പറ്റി അറിഞ്ഞു.
മെഡല്‍ ഷോക്കേസ്: 2014ലെ വിജയവാഡ ജൂനിയര്‍ അത്ലറ്റിക് മീറ്റിലായിരുന്നു ആദ്യ ദേശീയ മെഡല്‍. 3000 മീറ്ററില്‍ സ്വര്‍ണത്തോടെ തുടങ്ങി. ഇതേവര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും ദേശീയ സ്കൂള്‍ മീറ്റിലും രണ്ടാം സ്ഥാനം. 2014ലെ ദേശീയ യൂത്ത് മീറ്റിലും വെള്ളി മെഡല്‍. 2015 ആയിരുന്നു അനുമോളുടെ ഭാഗ്യവര്‍ഷം. ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 3000 മീറ്ററില്‍ മെഡല്‍ നേടാനായി-വെങ്കലം. ജൂനിയര്‍ ഫെഡറേഷന്‍ മീറ്റില്‍ വെള്ളിയും സീനിയര്‍ മീറ്റില്‍ വെങ്കലവും. 2015ലെ സംസ്ഥാന മീറ്റില്‍ 1500ലും 3000ത്തിലും ഒന്നാമതത്തെിയപ്പോള്‍ ദേശീയ റെക്കോഡുകാരിയെയും പിറകിലാക്കി. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ ആറാം സ്ഥാനം. 2016ലെ ദേശീയ യൂത്ത് മീറ്റ് 3000 മീറ്ററില്‍ സ്വര്‍ണം നേടിയതും റെക്കോഡോടെ. 1500 മീറ്ററാണ് അടുത്ത ലക്ഷ്യം.
വീടില്ലാതെ അനു കുടുംബം: പാറത്തോട് തമ്പി-ഷൈനി ദമ്പതികളുടെ മക്കളില്‍ രണ്ടാമത്തെയാളായി 1999 ആഗസ്റ്റ് 19നാണ് അനുമോളുടെ ജനനം. സ്വന്തമായി വീട് പോലുമില്ലാത്ത നിര്‍ധന കുടുംബത്തിലെ അംഗമാണ് ഈ പ്രശസ്ത താരം. സഹോദരന്‍ ബേസില്‍ കൂലിപ്പണിക്ക് പോയി കിട്ടുന്ന സംഖ്യയാണ് പ്രധാന വരുമാനം. കുടുംബ സുഹൃത്തിന്‍െറ വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അനുമോള്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് സര്‍ക്കാറും സന്നദ്ധസംഘടനകളും പലവട്ടം പ്രഖ്യാപിച്ചതാണ്. കുറച്ചുകാലം മുമ്പ് സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ വീടിന് തറക്കല്ലിട്ടെങ്കിലും പുരോഗതിയുണ്ടായില്ല.
സ്പോര്‍ട്സാണ് ലോകം: സ്പോര്‍ട്സിന് പുറത്തൊരു ലോകമില്ല അനുമോള്‍ക്ക്. സ്കൂളിലെ പരിപാടികളില്‍ മോണോ ആക്ട് അവതരിപ്പിക്കാറുണ്ട്. അടുത്ത വര്‍ഷത്തോടെ സംസ്ഥാന സ്കൂള്‍ മീറ്റിനോട് വിടപറയും. നല്ല പരിശീലകര്‍ വന്നുവിളിച്ചാല്‍ അനുമോളെ ഷിബി സന്തോഷത്തോടെ വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.