ആംസ്റ്റർഡാം: ചില ഇതിഹാസ താരങ്ങൾ അങ്ങനെയാണ്. കാൽപന്തുെകാണ്ട് കരിയറിലുടനീളം വിപ്ലവം രചിക്കുമെങ്കിലും മടക്കം തലകുനിച്ചുകൊണ്ടായിരിക്കും. 2018 റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാവാതെ നെതർലൻഡ്സ് മടങ്ങുേമ്പാൾ, ഒാറഞ്ച് ജഴ്സി അഴിച്ചുവെക്കാനൊരുങ്ങുന്ന ആർയൻ റോബനെ ഒരിക്കലും ഫുട്ബാൾ ലോകം മറക്കില്ല. അവസാന യോഗ്യത മത്സരത്തിൽ 2-0ന് സ്വീഡനെ തോൽപിച്ചെങ്കിലും റഷ്യയിലേക്കുള്ള ടിക്കറ്റിന് ആ ജയം മതിയാവുമായിരുന്നില്ല. സ്വീഡനെതിരെ നേടിയ രണ്ടു ഗോളുകളും റോബെൻറ മാന്ത്രികകാലുകളിൽ നിന്നാണെന്നത് കിരീടങ്ങളില്ലാത്ത ഇതിഹാസ താരത്തിന് ചരിത്രം കാത്തുവെച്ച അർഹിച്ച അംഗീകാരമായിരുന്നു.
‘‘അടുത്ത തലമുറക്ക് അവസരം കൈമാറേണ്ട സമയമായിരിക്കുന്നു. തീർത്തും വൈകാരികമായ രാത്രിയാണിത്. രാജ്യത്തിനായുള്ള എെൻറ കരിയറിലെ അവസാന മത്സരമാണിതെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. മുന്നിലുണ്ടായിരുന്ന ലക്ഷ്യം ദൂരത്താണെന്ന ബോധ്യം മത്സരത്തിനുമുെമ്പ മനസ്സിലുണ്ടായിരുന്നതാണ്. രാജ്യത്തിനായി കിരീടം നേടാനാവാത്തതിൽ ദുഃഖമേറെയുണ്ട്. അവസാന മത്സരം വിജയിച്ചുകൊണ്ട് അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാനായത് വലിയ കാര്യം തന്നെ’’- കണ്ണീരിൽ കുതിർന്ന വാക്കുകളോടെ റോബൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരോട് പറഞ്ഞു.
ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ്, ചെൽസി ക്ലബുകളുടെ ഇടതു-വലതു വിങ്ങുകളിലെ പകരം വെക്കാനില്ലാത്ത താരമായിരുന്ന ആർയൻ റോബൻ 2003ലാണ് ദേശീയ ജഴ്സിയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് 15 വർഷത്തോളം ഒാറഞ്ചുപടയുടെ കുന്തമുനയായി നിറഞ്ഞുനിന്നു. അതിനിടക്ക് ലോകകിരീടം കപ്പിനും ചുണ്ടിനുമിടയിൽ പലതവണ നഷ്ടമായി. 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് ഒരു ഗോളിന് തോൽക്കാനായിരുന്നു നെതർലൻഡ്സിെൻറ നിയോഗം. കിരീട വരൾച്ചക്ക് തടയിടാനായി ഒരുങ്ങിയ ബ്രസീൽ ലോകകപ്പിൽ സെമിയിൽ പോരാട്ടം അവസാനിച്ചു. 96 മത്സരങ്ങളിൽ നിന്നായി 37 ഗോളുകളാണ് ഒാറഞ്ചുകുപ്പായത്തിൽ റോബൻ അടിച്ചുകൂട്ടിയത്. ബയേൺ മ്യൂണിക്കിനായി കൂടുതൽ കാലം കളിക്കാനാണ് ആഗ്രഹമെന്ന് 33കാരനായ റോബൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.