ഐ.എസ്.എൽ: കൊല്‍ക്കത്ത ഫൈനലില്‍

മുംബൈ: കോച്ച് ജോസ് മൊളീനയുടെ കളിതന്ത്ര മികവില്‍ അത്ലറ്റികൊ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍. സെമിയിലെ രണ്ടാംപാദ മത്സരത്തില്‍ ആതിഥേയരായ മുംബൈയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഫൈനല്‍ പ്രവേശനം. ആദ്യപാദ മത്സരത്തില്‍ നേടിയ ഒരു ഗോളിന്‍െറ ലീഡ് (3-2 ) തകരാനനുവദിക്കാതെ മുംബൈയുടെ നീലപ്പടയെ പ്രതിരോധത്തില്‍ വരിഞ്ഞുമുറുക്കിയാണ് വംഗനാട്ടുകാര്‍ വിജയമുറപ്പിച്ചത്. ഡല്‍ഹി ഡൈനാമോസ് -കേരള ബ്ളാസ്റ്റേഴ്സ് രണ്ടാം സെമിയിലെ വിജയികളാവും 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്തയുടെ എതിരാളി. 2014ല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ രണ്ടാം ഫൈനല്‍ പ്രവേശമാണിത്. ഇരട്ട ഗോളിട്ട ഇയാന്‍ ഹ്യൂമിനെയും നായകന്‍ ഹെല്‍ഡര്‍ പൊസ്റ്റിഗ, സമീഗ് ദൗതീ, ഡാനിയേല്‍ കാസ്ട്രൊ എന്നീ താരങ്ങളെയും ആവശ്യമെങ്കില്‍ മാത്രം കളത്തിലിറക്കാന്‍ കരുതിവെച്ച്, 4-5-1 എന്ന കടുത്ത പ്രതിരോധത്തിലൂന്നിയായിരുന്നു മൊളീന തന്ത്രം മെനഞ്ഞത്. 

ഡീഗോ ഫോര്‍ലാന്‍െറ അഭാവത്തില്‍ ക്യാപ്റ്റന്‍ പദവിയുമായിറങ്ങിയ സുനില്‍ ഛേത്രിയെ മുന്നില്‍ നിര്‍ത്തിയും സോണി നോര്‍ദെ, മാതിയാസ് ഡിഫെഡ്രിക്കൊ, ലിയനാര്‍ദൊ കോസ്റ്റ എന്നിവരെ മധ്യനിരയില്‍ അണിനിരത്തിയുമായിരുന്നു മുംബൈ കോച്ച് അലക്സാണ്ടര്‍ ഗുമിറസ് തന്ത്രം മെനഞ്ഞത്. വംഗനാടന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിപ്പായുന്ന മുംബൈ മുന്നേറ്റ നിരയെയാണ് കളിയിലുടനീളം കാണാനായത്. എന്നാല്‍, ഓരോ മുന്നേറ്റങ്ങളും ഹെന്‍ഡ്രിക് സെറെനൊ, ജോസ് ലൂയിസ് അറെയോ കൂട്ടുകെട്ട് തീര്‍ത്ത പ്രതിരോധ മതിലില്‍ തട്ടി തകര്‍ന്നു. ഇടക്ക് മുംബൈ ഗോള്‍മുഖത്തേക്ക് കൊല്‍ക്കത്തന്‍ താരങ്ങളായ അബിനാഷ് റൂയിദാസ്, ഹാവിയര്‍ ഗ്രാന്‍ഡെ, ബിദയാനന്ദ സിങ് എന്നിവര്‍ നടത്തിയ മുന്നറ്റങ്ങളില്‍ ചിലത് ലക്ഷ്യം പിഴച്ചും ലൂസിയാന്‍ ഗേയാന്‍െറ നേതൃത്വത്തിലുള്ള പ്രതിരോധത്തില്‍ തട്ടിത്തെറിച്ചും പോയി. 43ാം മിനിറ്റില്‍ പ്രതിരോധക്കാരന്‍ റോബര്‍ട്ട് ലാല്‍തിലാമുവാന രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കളംവിട്ടത് മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി.

ആറാം മിനിറ്റില്‍ പിന്നില്‍നിന്ന് നീട്ടിനല്‍കിയ പന്തില്‍ സുനില്‍ ചേത്രിക്ക് ലഭിച്ച സുവര്‍ണാവസരം പാഴായത് ആതിഥേയര്‍ക്ക് കണ്ണീരായി. മുമ്പില്‍ ഗോളി ദേബ്ജി മജുംദാര്‍ മാത്രം നില്‍ക്കെയാണ് ഛേത്രി അവസരം കളഞ്ഞത്. തൊട്ടുപിന്നാലെ സോണി നോര്‍ദെയും മാതിയാസും നടത്തിയ നീക്കവും വംഗനാടന്‍ പ്രതിരോധത്തിലെ ബോര്‍യ ഫെര്‍ണാണ്ടസ് തകര്‍ത്തു. രണ്ടാം പാതിക്കു ശേഷം ക്രിസ്റ്റ്യന്‍ വഡോക്സിന് പകരം തിയാഗൊയെയും മാതിയാസ് ഡിഫെഡ്രിഗൊക്ക് പകരം കഫുവിനെയും ഇറക്കി കളിയുടെ ഗതിമാറ്റാന്‍ അലക്സാണ്ടര്‍ ഗുമിറസ് നടത്തിയ ശ്രമവും ഫലംകണ്ടില്ല. 88 ാം മിനിറ്റില്‍ ഇടതു വശത്തുനിന്ന് നോര്‍ദെ നല്‍കിയ ക്രോസില്‍ ലൂസിയാന്‍ കാലുവെച്ചെങ്കിലും ലക്ഷ്യം പിഴച്ചു. വഴിതെറ്റിയത്തെിയ പന്ത് വലയിലാക്കാന്‍ ജാക്കിചന്ദ് സിങ് നടത്തിയ ശ്രമവും പിഴച്ചു. ഇഞ്ചുറി ടൈമില്‍ ലൂസിയാനു കിട്ടിയ അവസരവും വംഗനാടന്‍ ഗോളിയുടെ കൈകളിലൊതുങ്ങി. ഫോര്‍ലാന്‍െറ അഭാവം മുംബൈയെ പ്രതികൂലമായി ബാധിച്ചു.

കൂട്ടത്തല്ലില്‍ കലാശം
കാര്‍ഡ് കളിയായി മാറിയ മത്സരം അവസാനിച്ചത് കൂട്ടത്തല്ലും രണ്ട് ചുവപ്പ്കാര്‍ഡുമായി. ലോങ് വിസിലിന് തൊട്ടുമുമ്പുള്ള ഫൗളാണ് കൂട്ടത്തല്ലിന് വഴിവെച്ചത്. മുംബൈ താരത്തെ ആക്രമിച്ചതിന് കൊല്‍ക്കത്ത സ്ട്രൈക്കര്‍ യുവാന്‍ ബെലന്‍കോസോയെയും, കൊല്‍ക്കത്തയുടെ റാല്‍തെയെ ചവിട്ടി വീഴ്ത്തിയതിന് മുംബൈയുടെ തിയാഗോ കുന്‍ഹക്കും ചുവപ്പ്കാര്‍ഡ് നല്‍കി.മത്സരത്തിനിടെ അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് റഫറി എ. റോവന്‍ കൊല്‍ക്കത്തക്കെതിരെ പുറത്തെടുത്തത്.

Tags:    
News Summary - atletico de kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.