കൊച്ചി: കൈമാടി വിളിക്കുകയാണ് കലാശക്കളി. കരഘോഷവുമായി കരുത്തേകാന്‍ കല്‍പ്പടവുകളില്‍ കേരളത്തിന്‍െറ കളിപ്പെരുമ. ഗാലറിയില്‍ മഞ്ഞക്കടലിരമ്പുമ്പോള്‍ കൊച്ചിയുടെ മൈതാനത്ത് പതിവുപോലെ തിരയിളക്കം തീര്‍ക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് കൈമെയ് മറന്നു പൊരുതേണ്ടത് ഞായറാഴ്ചയാണ്. മൂന്നാമത് ഐ.എസ്.എല്ലിന്‍െറ ആദ്യപാദ സെമിയില്‍ കേരളത്തിന്‍െറ സ്വന്തം കളിക്കൂട്ടം ഹോം മത്സരത്തില്‍ ഞായറാഴ്ച ഡല്‍ഹി ഡൈനാമോസിന്‍െറ പ്രഹരശേഷിയെ എതിരിടുമ്പോള്‍ അടിതടയുടെ വിസ്ഫോടനങ്ങളിലേക്കാണ് പ്രവചനങ്ങളത്രയും.
ഈമാസം 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം പാദത്തിന് പന്തുരുളുംമുമ്പ് നില ഭദ്രമാക്കുകയെന്ന അജണ്ടയിലൂന്നിയാണ് ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം. സ്വന്തം തട്ടകത്തില്‍ മികച്ച മുന്‍തൂക്കം നേടുകയെന്ന ലക്ഷ്യത്തിലൂന്നി ആക്രമണത്തിന് പ്രാമുഖ്യം കല്‍പിച്ചാവും കേളീതന്ത്രങ്ങളെന്ന് ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പല്‍ സൂചന നല്‍കുന്നു. പരിക്കുമാറി ഹോസു പ്രീറ്റോ ഞായറാഴ്ച കളത്തിലിറങ്ങുമെന്നും കോച്ച് വ്യക്തമാക്കി. വിജയം തന്നെയാണ് പരമമായ ഉന്നം.
പ്രതിഭാധനരായ താരങ്ങളടങ്ങിയ നിരയാണ് ഡല്‍ഹിയെന്നും ഏറ്റവുംമികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണെന്നും കോപ്പല്‍ പറഞ്ഞു. ലോകകപ്പ് ജയിച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഗിയാന്‍ലൂക്ക സംബ്രോട്ടയുടെ ശിക്ഷണത്തിലിറങ്ങുന്ന ഡല്‍ഹിക്ക് എതിരാളികളുടെ തട്ടകത്തില്‍ കരുത്തുകാട്ടി നില ഭദ്രമാക്കുകയാണ് ലക്ഷ്യം. ബ്ളാസ്റ്റേഴ്സ് കരുത്തുറ്റ നിരയാണെന്നും അതു മാനിച്ചുകൊണ്ടുതന്നെ പോരാടുമെന്നും സംബ്രോട്ട പറഞ്ഞു. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സിനു പിന്നില്‍ മൂന്നാമതായാണ് ഡല്‍ഹിയുടെ സെമി പ്രവേശം.
ഹ്യൂസ് x മാഴ്സലീന്യോ
13 മത്സരങ്ങളില്‍ ഒമ്പതു ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ മുന്‍നിരയില്‍ വിരാജിക്കുന്ന ഡല്‍ഹിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സലീന്യോയും ബ്ളാസ്റ്റേഴ്സിന്‍െറ സ്റ്റാര്‍ ഡിഫന്‍ഡര്‍ ആരോണ്‍ ഹ്യൂസും തമ്മിലുള്ള പോരാട്ടമായിരിക്കും ആദ്യപാദ സെമിയെ ആകര്‍ഷകമാക്കുന്നത്. ഹ്യൂസിനൊപ്പം സെഡ്രിക് ഹെങ്ബര്‍ട്ടും ചേരുന്നതോടെ കെട്ടുപൊട്ടിച്ചു ചാടാന്‍ മാഴ്സലീന്യോ ഏറെ പണിപ്പെടണ്ടേി വരും. ഘാന സ്ട്രൈക്കര്‍ റിച്ചാര്‍ഡ് ഗാഡ്സെ, സെനഗാളില്‍നിന്നുള്ള ബദാരാ ബാദ്ജി, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായ മാര്‍കോസ് ടെബര്‍, കീന്‍ ലൂയിസ് എന്നിവര്‍ കൊമ്പന്മാരുടെ ഗോള്‍മുഖത്തേക്ക് ചിന്നംവിളിച്ചടുക്കുമ്പോള്‍ ആന കുത്തിയാലിളകാത്ത ചങ്കുറപ്പോടെ ഹ്യൂസ്-ഹെങ്ബര്‍ട്ട് ജോടി പ്രതിരോധത്തില്‍ പടുകോട്ട കെട്ടുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
വലതു വിങ്ങില്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിക്കാന്‍ സന്ദേശ് ജിങ്കാന്‍ മഞ്ഞക്കുപ്പായമിടുമ്പോള്‍ ഹോസു പ്രീറ്റോയുടെ പരിക്കുതീര്‍ത്ത അനിശ്ചിതത്വത്തിലാണ് ലെഫ്റ്റ്ബാക്ക് പൊസിഷന്‍. ഹോസു ഫിറ്റ്നസ് വീണ്ടെടുത്തതോടെ കോപ്പലിന്‍െറ വലിയൊരു തലവേദനയാണ് മാറിക്കിട്ടിയത്. വിങ്ങിലൂടെയുള്ള ആതിഥേയ ആക്രമണങ്ങള്‍ക്ക് കരുത്തേകാനും ഹോസുവിന്‍െറ തിരിച്ചുവരവ് സഹായകമാവും. കിട്ടിയ അവസരങ്ങളില്‍ ഇടതുവിങ് ബാക്കിന്‍െറ സ്ഥാനത്ത് തിളങ്ങാന്‍ കഴിയാതെപോയ റിനോ ആന്‍േറാ കരക്കിരിക്കും.
മലൂദയുടെ മിഡ്ഫീല്‍ഡും ബ്ളാസ്റ്റേഴ്സിന്‍െറ മറുതന്ത്രവും
ഫ്രാന്‍സിന്‍െറ പരിചയസമ്പന്നനും പ്രതിഭാധനനുമായ ഫ്ളോറന്‍റ് മലൂദ നയിക്കുന്ന ചലനാത്മകമായ മധ്യനിരക്കെതിരെ പ്രതിരോധം മുഖ്യമാക്കി കളിക്കുന്ന ആതിഥേയ മിഡ്ഫീല്‍ഡ് ഏതുവിധം പടിച്ചുനില്‍ക്കുമെന്നത് മത്സരത്തില്‍ നിര്‍ണായകമാവും. മലൂദക്കൊപ്പം ബ്രൂണോ പെലിസാരി, മിലന്‍ സിങ്, സൗവിക് ചക്രവര്‍ത്തി എന്നിവരുള്‍പ്പെട്ട ഡല്‍ഹി മിഡ്ഫീല്‍ഡ് മൈതാനത്തിന്‍െറ ഏതു കോണില്‍നിന്നും ആക്രമണം കരുപ്പിടിപ്പിക്കാന്‍ കെല്‍പുള്ളവരാണ്.
ആദ്യപാദം ഹോം ഗ്രൗണ്ടിലായതുകൊണ്ട് ഏതുവിധേനയും മുന്‍തൂക്കം സ്ഥാപിക്കാനുള്ള വെമ്പലില്‍ കോപ്പല്‍ താരതമമ്യേന ആക്രമണത്തിന് സഹായകമാകുന്ന കോമ്പിനേഷനായിരിക്കും തെരഞ്ഞെടുക്കുക. അസ്റാക്ക് മഹ്മതിനെ ഡിഫന്‍സിന്‍െറ തൊട്ടുമുന്നില്‍ വീണ്ടും വിന്യസിച്ചേക്കും. സസ്പെന്‍ഷന്‍ കഴിഞ്ഞ് മെഹ്താബ് ഹുസൈന്‍ തിരിച്ചത്തെുമ്പോള്‍ ഇഷ്ഫാക്ക് അഹ്മദ് ബെഞ്ചിലേക്ക് പിന്‍വലിയും. നോര്‍ത്ത് ഈസ്റ്റിനെതിരെയെന്ന പോലെ റാഫിയെ അല്‍പം പിന്നോട്ടിറക്കിയുള്ള തന്ത്രം തന്നെയാകും കോപ്പല്‍ ഞായറാഴ്ചയും അവലംബിക്കുക. ആക്രമണവും പ്രതിരോധവും ഒരുപോലെ വഴങ്ങുന്ന ഡക്കന്‍സ് നാസണോ ദിദിയര്‍ കാഡിയോയോ മിഡ്ഫീല്‍ഡില്‍ തന്ത്രം മെനയും.
അനസ് x വിനീത്
മലയാളത്തിന്‍െറ മിടുക്കന്മാര്‍ തമ്മിലുള്ളൊരു പോരാകും ഡല്‍ഹിയുടെ നിയന്ത്രണഭൂമിയില്‍. ആറു കളികളില്‍ അഞ്ചു ഗോളടിച്ച് ബ്ളാസ്റ്റേഴ്സിന്‍െറ ഹീറോയായി മാറിയ സി.കെ. വിനീതിന്‍െറ സ്ട്രൈക്കിങ് പാടവത്തിന് മുനയൊടിക്കാന്‍ ഡല്‍ഹി നിയോഗിക്കുന്നത് അനസ് എടത്തൊടിക എന്ന മലപ്പുറംകാരനായ സ്റ്റോപ്പര്‍ ബാക്കിനെയാവും. ഐ.എസ്.എല്ലിലെ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരില്‍ മനസ്സാന്നിധ്യംകൊണ്ടും ജാഗ്രതകൊണ്ടും ശ്രദ്ധേയനായ അനസിന് വിനീതിന്‍െറ ഗോളടിമിടുക്കിനെ തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്തമാകും കോച്ച് സംബ്രോട്ട നല്‍കുക.
അര്‍ധാവസരങ്ങളില്‍നിന്നുപോലും തനിക്ക് വല കുലുക്കാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞ വിനീതിന്, തന്‍െറ കേളീശൈലി നന്നായറിയുന്ന അനസിനെ മറികടക്കാനാകുമോയെന്നത് മത്സരഫലത്തില്‍ നിര്‍ണായകമാകും. ബ്ളാസ്റ്റേഴ്സിന്‍െറ മറ്റൊരു മലയാളി സ്ട്രൈക്കര്‍ മുഹമ്മദ് റാഫിയെ മുനകൂര്‍ത്ത ഹെഡറുകളുതിര്‍ക്കുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്തുകയെന്ന ബാധ്യതകൂടി അനസും റൂബന്‍ റോച്ചയും നയിക്കുന്ന ഡല്‍ഹി ഡിഫന്‍സിനുണ്ടാകും. ഇതിനിടയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നടത്തുന്ന മിന്നല്‍നീക്കങ്ങളില്‍ ബ്ളാസ്റ്റേഴ്സിന് പ്രതീക്ഷയേറെയുണ്ട്.
പ്രാഥമിക ലീഗ് മത്സരങ്ങളില്‍ 27 ഗോളുകള്‍ അടിച്ചുകൂട്ടിയ ഡല്‍ഹി തന്നെയാണ് സെമിയിലത്തെിയ ടീമുകളില്‍ ഏറ്റവുംകൂടുതല്‍ ഗോള്‍ വഴങ്ങിയ (17 ഗോള്‍) നിരയുമെന്നതാകും കലൂരില്‍ ആക്രമിച്ചുകയറാന്‍ ബ്ളാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്ന ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.