നെഞ്ചുതകര്‍ന്ന് ആരാധകക്കൂട്ടം

കൊച്ചി: കോട്ടകെട്ടിയ സ്വപ്നങ്ങളാണ് ഒറ്റ രാത്രിയില്‍ തകര്‍ന്നു വീണത്.  സ്വന്തം മണ്ണില്‍ കൊല്‍ക്കത്തക്കെതിരെ പ്രതികാരത്തോടെ ആരോണ്‍ ഹ്യൂസും സംഘവും കപ്പുയര്‍ത്തുന്നത് കാണാന്‍ ആരാധകര്‍ വല്ലാതെ കൊതിച്ചിരുന്നു. അതിനായി രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയ ആരാധകരുടെ നെഞ്ചകമാണ് തകര്‍ന്നത്. കൊല്‍ക്കത്തന്‍ ആക്രമണ തിരമാലകളെ കോട്ടകെട്ടി നിര്‍ത്തിയ പ്രതിരോധത്തിന്‍െറ മികവില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട ഉദ്വേഗത്തിനൊടുവില്‍ ബ്ളാസ്റ്റേഴ്സ് രണ്ടാം ഫൈനലിലും കിരീടം വംഗനാട്ടുകാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നതില്‍ ഗാലറിയിലുള്ള ആരാധകര്‍ മാത്രമല്ല, മഞ്ഞയുടുപ്പിട്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച കുഞ്ഞു മനസ്സുകളുടെ ഉള്ളുപോലും തേങ്ങിയിട്ടുണ്ടാവും.

 ആരാധകര്‍ സ്നേഹത്തോടെ വല്യേട്ടനെന്ന് വിളിക്കുന്ന ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് എടുത്ത അവസാന കിക്ക്  കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാര്‍ തട്ടിയകറ്റുമ്പോള്‍ 54,146 കണ്ഠങ്ങള്‍ ഒരുമിച്ച് നിശ്ശബ്ദമാകുകയായിരുന്നു. കൊല്‍ക്കത്തയുടെ അവസാന കിക്കെടുക്കാനത്തെിയ ജുവല്‍ രാജ പിഴവുകൂടാതെ ഗ്രഹാം സ്റ്റാക്കിനെ കീഴടക്കിയപ്പോള്‍ താരങ്ങളുടെ അടര്‍ന്നുവീണ കണ്ണുനീര്‍  ഇതുവരെ നെഞ്ചേറ്റിയ ആരാധകരോടുള്ള ക്ഷമാപണവും. ഗാലറിയില്‍നിന്ന് നിറചിരിയുമായി സൗരവ് ഗാംഗുലി ഇറങ്ങിവന്നപ്പോള്‍ വി.വി.ഐ.പി ലോഞ്ചില്‍ സചിന്‍ ടെണ്ടുല്‍കറുടെ നിരാശ പടര്‍ന്ന മുഖം ഗാലറിയെ കൂടുതല്‍ വിഷമത്തിലാക്കി. എങ്കിലും തകര്‍ന്ന കളിക്കാര്‍ക്കിടയിലേക്ക് സചിന്‍ ഇറങ്ങിവന്നു. അവരെ ആശ്വസിപ്പിച്ചു. പരിശീലകന്‍ സ്റ്റീവ് കോപ്പലാകട്ടെ, വികാര വിക്ഷോഭങ്ങളൊന്നുമില്ലാതെ താരങ്ങളെ ആശ്വസിപ്പിക്കാന്‍ കളത്തിലിറങ്ങി.  

കളികാണാന്‍ പതിവിലേറെ ആവേശത്തിലായിരുന്നു ആരാധകര്‍. തൊണ്ടപൊട്ടിയുള്ള ആര്‍പ്പുവിളികളും ബാന്‍ഡുമേളങ്ങളുമായി നേരത്തേയത്തെി അവര്‍ സ്റ്റേഡിയത്തിന്‍െറ ജീവനാഡിയായി. സംസ്ഥാനത്തിന്‍െറ നാനാഭാഗത്തുനിന്നും ആരാധകര്‍ കൊച്ചിയെ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു. മലബാറില്‍നിന്ന് കൊച്ചിയിലേക്കുള്ള തീവണ്ടികളില്‍ ആവേശം നിറച്ചായിരുന്നു വടക്കന്‍ ആരാധകരുടെ വരവ്. ഉച്ചയായപ്പോഴേക്കും സ്റ്റേഡിയം പരിസരം ആരാധകരെക്കൊണ്ട് നിറഞ്ഞു. 3.30 മുതല്‍ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുള്ളൂവെന്ന് അറിയിച്ചെങ്കിലും ആരാധകരുടെ ഒഴുക്കു കാരണം പ്രവേശനം നേരത്തേയാക്കി.
 

ഇനി അഥവാ കയറ്റിവിട്ടാലോ...
ടിക്കറ്റ് കൈയില്‍ ഇല്ലാത്തവരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ളെന്ന് കര്‍ശനമായി അറിയിച്ചിരുന്നെങ്കിലും എങ്ങനെയെങ്കിലും ഉള്ളില്‍ കയറിപ്പറ്റാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പുറത്ത് കാത്തുനിന്നത് ആയിരങ്ങള്‍. ചില വിരുതര്‍ ചാരിവെച്ച കോണിയില്‍ സ്റ്റേഡിയത്തിലേക്ക് വലിഞ്ഞുകയറി. സ്റ്റേഡിയത്തിനകത്തേക്ക് കയറാനുള്ള സമയപരിധി അടുത്തതോടെ ടിക്കറ്റില്ലാതെ കളികാണാനത്തെിയവര്‍ പൊലീസിന് തലവേദന സൃഷ്ടിച്ചു. ലാത്തിവീശിയാണ് പലപ്പോഴും പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ചിലര്‍ പോസ്റ്ററുകളെഴുതിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ഇതിനിടെ ചിലര്‍ കണ്ണുവെട്ടിച്ച് അകത്തുകയറി. .
 

ഗ്യാലറിയില്‍ മണ്ണിലെ താരങ്ങളും
ഐ.എസ്.എല്‍ മൂന്നാം സീസണ്‍ കലാശപ്പോരാട്ടത്തിന് കൊഴുപ്പേകാന്‍ കൊച്ചിയിലേക്കൊഴുകിയത് താരപ്പട. ബ്ളാസ്റ്റേഴ്സ് സഹ ഉടമ സചിന്‍ ടെണ്ടുല്‍കര്‍ അഞ്ജലിയുമായത്തെിയപ്പോള്‍ കൊല്‍ക്കത്തയുടെ സഹ ഉടമ സൗരവ് ഗാംഗുലിയും വി.വി.ഐ.പി ലോഞ്ചില്‍ ഇടംപിടിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, ഐ.എസ്.എല്‍ ചെയര്‍പേഴ്സന്‍ നിത അംബാനി, ബ്ളാസ്റ്റേഴ്സിന്‍െറ യൂത് അംബാസഡര്‍ നിവിന്‍ പോളി, ഡല്‍ഹി ഡൈനാമോസ് താരം മാഴ്സെലീഞ്ഞോ എന്നിവരും കളി കാണാനത്തെി.  ഐ.എം. വിജയന് വി.ഐ.പി പാസ് സംഘാടകര്‍ നല്‍കിയില്ല എന്ന വിവാദമുയര്‍ന്നത് നേരിയ ശോഭ കെടുത്തി. എന്നാല്‍, വിജയന് രണ്ട് വി.ഐ.പി പാസുകള്‍ നല്‍കിയിരുന്നെന്ന് കെ.എഫ്.എ അറിയിച്ചു. സി.ഐ റാങ്കിലുള്ള വിജയന് വി.വി.ഐ.പി പാസ് നല്‍കുന്നതില്‍ പ്രോട്ടോകോള്‍ പ്രശ്നമുള്ളതുകൊണ്ടാണ് ഒഴിവാക്കേണ്ടിവന്നതെന്നും കെ.എഫ്.എ അധികൃതര്‍ അറിയിച്ചു. എന്തായാലും വി.ഐ.പി ലോഞ്ചിലിരുന്നാണ് ഐ.എം. വിജയന്‍ കളി ആസ്വദിച്ചത്.

Tags:    
News Summary - blasters FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.