കൊച്ചി: ഐ.സി.യുവിലുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡും വെൻറിലേറ്ററിലുള്ള കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എല്ലിൽ ഇന്നത്തെ പോരാട്ടമെന്നു പറയുന്നതാവും നല്ലത്. പോയൻറ് പട്ടികയിൽ ആറും ഒമ്പതും സ്ഥാനത്തുള്ള ഇരുവരും ഡെയ്ഞ്ചർ സോണിലാണ്. ഒമ്പതു കളി പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരുജയം മാത്രമാണുള്ളത്. നാലു മത്സരങ്ങൾ സമനിലയായപ്പോൾ നാലെണ്ണത്തിൽ തോറ്റു. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനും കാര്യമായ മെച്ചമൊന്നുമില്ല. എട്ടു മത്സരങ്ങളിൽ രണ്ടു ജയം. രണ്ടു തോൽവിയും നാലു സമനിലയും.
ജയിച്ചാൽ മതിയായിരുന്നു
ഹോം ഗ്രൗണ്ടിലെ ആദ്യ ജയത്തിനു പിന്നാലെ തോൽവിയും സമനിലയും മാത്രം ഏറ്റുവാങ്ങി പ്രതിസന്ധിയിലായെങ്കിലും ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറി പറയുന്നത് പ്ലേ ഓഫ് സാധ്യത ഇനിയും മുന്നിലുണ്ടെന്നാണ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള മത്സരത്തിനുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച കോച്ച്, പ്ലേ ഓഫ് വാതിൽ അടഞ്ഞിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു.
തുടർച്ചയായ രണ്ടു മത്സരങ്ങളിലും തോറ്റതിൽനിന്ന് ഒരു തിരിച്ചുവരവിനാണ് കോച്ച് റോബർട്ട് ജർനിയും സംഘവും ശ്രമിക്കുന്നത്. അവസാന നാലു മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. പ്ലേ ഓഫ് ബർത്ത് സാധ്യത നിലനിർത്താൻ മഞ്ഞപ്പടയെ മെരുക്കി വടക്കുകിഴക്കൻ പോരാളികൾക്ക് ജയിച്ചേ പറ്റൂ.
ബംഗളൂരുവിനെതിരെ സൂപ്പർ താരം അസമാവോ ഗ്യാൻ ഇല്ലാതിരുന്നത് തിരിച്ചടിയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഘാന താരം തിരിച്ചെത്തുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.