ജിദ്ദ: മലവെള്ളപ്പാച്ചിൽ പോലെ ആർത്തലച്ചുവന്ന മഞ്ഞപ്പടക്കു മുന്നിൽ ഒലിച്ചുപോവ ാതെ അർജൻറീന പിടിച്ചു നിന്നുവെന്ന് പറയാം. മെസ്സിയും സെർജിയോ അഗ്യൂറോയും മഷറാനോയും ഉൾപ്പെടെ സുവർണ തലമുറയിൽനിന്ന് ടീമിെൻറ കടിഞ്ഞാൺ ഏറ്റെടുത്ത യുവനിരയുടെ വലയിൽ അരഡസൻ ഗോളെങ്കിലും വീഴേണ്ടതായിരുന്നു. എണ്ണയിട്ട യന്ത്രം കണക്കെ അർജൻറീന ഗോൾമുഖത്തേക്ക് റെയ്ഡുകൾ നയിച്ച നെയ്മറും ജീസസും ഫിലിപ് കുടീന്യോയുമെല്ലാം പലവട്ടം ഗോളിനരികിലെത്തി. എന്നാൽ, അവസാന നിമിനിഷം വരെ ‘ഡി’ സർക്കിളിൽ കോട്ടകെട്ടി പ്രതിരോധിച്ച അർജൻറീന പ്രതിരോധനിര കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
അനായാസ ജയം പ്രതീക്ഷിച്ച ബ്രസീലിന് ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ പിറന്ന മിറാൻഡ മിറാക്കിളിൽ ആവേശോജ്ജ്വല ജയം. സൂപ്പർ ക്ലാസികോയെന്ന് ഫുട്ബാൾ ലോകം വിശേഷിപ്പിച്ച സ്വപ്നപോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിെൻറ ജയത്തോടെ കാനറികൾ തന്നെ തലയുയർത്തി മടങ്ങി. 93ാം മിനിറ്റിൽ നെയ്മറിെൻറ കോർണർ കിക്കിനെ മിന്നുന്ന തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ട് ഇൻറർമിലാൻ താരം മിറാൻഡ അർജൻറീന പ്രതീക്ഷകൾ തല്ലിക്കെടുത്തി.
‘‘മത്സരഫലം ഞങ്ങൾക്ക് രണ്ടാമത്തേതു മാത്രമാണ്. ഇൗ തോൽവി ടീമിനെ മുറിപ്പെടുത്തുന്നില്ല. ഒരു ടീമെന്ന നിലയിൽ ബ്രസീൽ ഞങ്ങളെക്കാൾ ഏറെ ശക്തരായിരുന്നു. അവർക്കെതിരെ തുല്യശക്തികളെന്നപോലെ ഉജ്ജ്വലമായി പൊരുതാൻ കഴിഞ്ഞു’’ -മത്സര ശേഷം അർജൻറീന കോച്ച് ലയണൽ സ്കളോണിയുടെ വാക്കുകളിൽ പുതു ഉൗർജത്തിെൻറ പ്രസരിപ്പുണ്ട്.
ആവേശത്തുടക്കം
മലയാളികൾ ഉൾപ്പെടെ 95,000ത്തോളം കാണികൾ നിറഞ്ഞ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ ആവേശത്തോടെയായിരുന്നു സൂപ്പർ ക്ലാസികോക്ക് വിസിൽ മുഴങ്ങിയത്. തുടക്കം മുതൽ പന്തിൽ മേധാവിത്വവുമായി ബ്രസീലും കൗണ്ടർ അറ്റാക്കുമായി അർജൻറീനയും മികച്ച നീക്കങ്ങൾ നടത്തിയതോടെ മത്സരം ചൂടോടെ മുന്നേറി. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, പി.എസ്.ജി ക്ലബുകളുടെ ഗ്ലാമർ താരങ്ങളായ ഗബ്രിയേൽ ജീസസ്-ഫിർമീന്യോ- നെയ്മർ എന്നിവരെ മുന്നേറ്റത്തിൽ കളിപ്പിച്ച് 4-4-3 ശൈലി സ്വീകരിച്ച ടിറ്റെയുടെ കാനറികൾക്ക് സുവർണാവസരങ്ങളും ഒന്നിനു പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു. മറുവശത്ത് സൂപ്പർ താരം മെസ്സിയില്ലാത്ത അർജൻറീനയും ഇതേ ഫോർമേഷനിൽ കരുക്കൾ നീക്കി. ഡിബാല-ഇക്കാർഡി-കൊരേറ സഖ്യത്തിനായിരുന്നു മുന്നേറ്റ ചുമതല. സീനിയർ താരങ്ങളുടെ അഭാവം അർജൻറീനയുടെ നീക്കങ്ങളിൽ ബാധിച്ചിരുന്നില്ല. ഏഴാം മിനിറ്റിൽ ലോസെൽസോയുടെ ഷോട്ട് ബ്രസീൽ ഗോളി അലിസണിനെ പേടിപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ കടന്നുപോയപ്പോൾ, കാനറികളുടെ മൂർച്ചക്കൊത്ത മറുനീക്കങ്ങൾ തങ്ങൾക്കുണ്ടെന്ന് സ്കെേളാണിയുടെ സംഘവും തെളിയിച്ചു. കളി ചൂടുപിടിച്ചതിനു പിന്നാലെ വാശിയും കൂടി. കാനറികളുടെ സൂപ്പർ താരം നെയ്മർ പലതവണ ടാക്ലിങ്ങിൽപെട്ട് വീണു. ബാഴ്സ താരം കുട്ടീന്യോയുമൊത്ത് മധ്യനിരയിൽ നെയ്മർ നടത്തിയ തന്ത്രപരമായ നീക്കങ്ങൾ പലതും വഴിമാറിയത് നിർഭാഗ്യംകൊണ്ടായിരുന്നു. ഫിർമീന്യോക്കും ജീസസിനും നിരവധി അവസരങ്ങൾ ഒരുക്കിയതും നെയ്മർ തന്നെ. 18ാം മിനിറ്റിൽ പി.എസ്.ജി താരത്തെ ടാക്ലിങ്ങിന് ശ്രമിച്ചതിന് ലിനാർഡോ പാരഡൈസിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
കഥയിൽ മാറ്റമില്ലാതെ രണ്ടാം പകുതി
ഗോളിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു രണ്ടാം പകുതിയും. ഇരുഭാഗത്തുനിന്നും ലക്ഷ്യം കാണാത്ത കുറെ മുന്നേറ്റങ്ങൾ. അഞ്ചു മാറ്റങ്ങളാണ് സ്കളോണി രണ്ടാം പകുതിയിൽ വരുത്തിയത്. തുടക്കത്തിൽ തന്നെ ഇക്കാർഡിക്ക് മികച്ച അവസരമെത്തിയെങ്കിലും ഗോളാക്കാനായില്ല. ബോക്സിൽനിന്ന് തിരിഞ്ഞ് നിറയൊഴിക്കാനുള്ള ശ്രമം ഡാനിലോയും മിറാൻഡയും ചേർന്ന് തടുത്തു. രണ്ടാം പകുതി മാത്രം നെയ്മറുൾപ്പെടെ ആറു താരങ്ങൾക്ക് മഞ്ഞക്കാർഡുമെത്തി.
വിധിയെഴുത്ത് ഇഞ്ചുറി ടൈമിൽ
ഒരുഗോൾ പോലുമില്ലാതെ കളി അവസാനിക്കുമെന്ന് ആരാധകർ നിരാശയിലിരിക്കെയാണ് വിജയഗോൾ എത്തുന്നത്. 93ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് മത്സരത്തിെൻറ വിധിയെഴുതി. മാർക്ക് ചെയ്യപ്പെടാതിരുന്ന മിറാൻഡ നെയ്മറെടുത്ത കിക്കിന് തലവെച്ച് ചെത്തിയിട്ടതോടെ റൊമേരോക്ക് പിടികൊടുക്കാതെ പന്ത് വലയിൽ. കാനറികളുടെ ആരാധകർ ആനന്ദനൃത്തം ചവിട്ടിയ നിമിഷങ്ങൾ. ഒടുവിൽ ചിരവൈരികളായ അയൽക്കാർക്കെതിരെ ബ്രസീലിെൻറ അവസാന ചിരി. ഇതോടെ അർജൻറീനക്കെതിരെയുള്ള ബ്രസീലിെൻറ കുതിപ്പ് തുടരുകയാണ്. 105 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, 41 മത്സരങ്ങളിൽ ബ്രസീലും 38 തവണ അർജൻറീനയും ജയിച്ചു. 26 മത്സരങ്ങൾ സമനിലയിലായി. നവംബറിലാണ് ഇരുവർക്കും അടുത്ത മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.