കസാൻ: െവള്ളിയാഴ്ച കളി ബ്രസീൽ ടീമുകൾ തമ്മിലാണ്. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ യഥാർഥ ബ്രസീലിനെ നേരിടാൻ യൂറോപ്പിലെ ‘ബ്രസീലാ’യ ബെൽജിയം കച്ചമുറുക്കിക്കഴിഞ്ഞു. ടിറ്റെയുടെ ബ്രസീലിനെ മലർത്തിയടിക്കാൻ റോബർേട്ടാ മാർട്ടിനസിെൻറ ബ്രസീലിന് കഴിയുമോ എന്നാണ് ലോകകപ്പ് ക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കുേമ്പാൾ ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
സമീപകാലത്തെ ബെൽജിയത്തിെൻറ മനോഹരമായ കേളീശൈലിയെ തുടർന്നാണ് യൂറോപ്പിലെ ബ്രസീൽ എന്ന വിളിപ്പേര് ടീമിന് കിട്ടിത്തുടങ്ങിയത്. ഏറെ പ്രതിഭകളടങ്ങിയ സുവർണ തലമുറ പന്ത് തട്ടുന്ന ഇപ്പോഴത്തെ ബെൽജിയം ടീം ലോകകിരീടം സ്വന്തമാക്കാൻ കെൽപുള്ളവരാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, അത് യാഥാർഥ്യമാവണമെങ്കിൽ മറികടക്കേണ്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ബെൽജിയത്തിെൻറ മുന്നിൽ െവള്ളിയാഴ്ച മഹാമേരു കണക്കെ ഉയർന്നുനിൽക്കുന്നത്, സാക്ഷാൽ ബ്രസീൽ.
സന്തുലിതം ടിറ്റെയുടെ ടീം
ഒാരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന ടീമാണ് ഇൗ ലോകകപ്പിൽ ബ്രസീൽ. സ്വിറ്റ്സർലൻഡിനോട് 1-1ന് സമനില വഴങ്ങിയ ശേഷം കോസ്റ്ററീകയെയും സെർബിയയെയും മെക്സികോയെയും തോൽപിച്ച ബ്രസീൽ അവസാന മൂന്ന് മത്സരങ്ങളിലും രണ്ട് വീതം ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. മൂന്ന് കളികളിലും ഗോൾ വഴങ്ങിയുമില്ല.
ഏറെ സന്തുലിതമാണ് ടീം എന്നതാണ് ബ്രസീലിെൻറ പ്രത്യേകത. പ്രതിരോധവും മധ്യനിരയും മുൻനിരയും ഒന്നിനൊന്ന് മികവുറ്റത്. പോരാത്തതിന് ടിറ്റെയെന്ന തന്ത്രശാലിയായ കോച്ചിന് കീഴിൽ സാഹചര്യത്തിനൊത്ത രീതിയിൽ പന്തുതട്ടുകയും ചെയ്യുന്നു. നെയ്മർ എന്ന സൂപ്പർ താരം ടീമിെൻറ നെടുന്തുണായി ഉണ്ടെങ്കിലും അമിതമായി ആശ്രയിക്കേണ്ടിവരുന്നില്ല. സന്ദർഭത്തിനനുസരിച്ച് ഫിലിപെ കുടീന്യോയും വില്യനുമൊക്കെ ടീമിെൻറ ചാലകശക്തികളായി ഉയരുന്നതാണ് മുൻ മത്സരങ്ങളിലെ അനുഭവം. ടീമിെൻറ അവിഭാജ്യ ഘടകമായി കരുതപ്പെട്ടിരുന്ന മാഴ്സലോയുടെ അഭാവംപോലും ടീമിനെ ബാധിക്കാത്തവിധം നികത്താൻ ഫിലിപെ ലൂയിസിനെ പോലുള്ള കളിക്കാർ അവസരത്തിനൊത്തുയർന്നു.
ഗോൾവലക്ക് മുന്നിൽ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അലിസണ് െവള്ളിയാഴ്ച കാര്യങ്ങൾ അൽപം കടുപ്പമായേക്കും. ക്യാപ്റ്റൻ എഡൻ ഹസാർഡും റൊമേലു ലുകാകുവും ഡ്രെയ്സ് മെർട്ടൻസുമടങ്ങിയ ബെൽജിയത്തിെൻറ മുൻനിര മികവുറ്റതാണ്. എന്നാൽ, തിയാഗോ സിൽവയും മിറാൻഡയുമടങ്ങുന്ന ബ്രസീലിെൻറ സെൻട്രൽ ഡിഫൻസ് മറികടക്കുക ഇവർക്ക് ദുഷ്കരമാവും. അതിനാൽ വിങ് ബാക്കുകളായ മാഴ്സലോയെയും ഫാഗ് നറെയുമാവും ത്രിമൂർത്തികൾ നോട്ടമിടുക. പരിക്കുമാറിയെത്തുന്ന മാഴ്സലോയുടെ ഫോം നിർണായകമാവും.
മധ്യനിരയിൽ ടീമിെൻറ നെട്ടല്ലായ കസെമിറോയുടെ സസ്പെൻഷനാണ് ബ്രസീലിനെ അലട്ടുന്ന പ്രശ്നം. എതിർ ടീമുകളുടെ മുന്നേറ്റങ്ങളുടെ മുന മുളയിലേ നുള്ളിക്കളയുന്നതിൽ മുമ്പനായ കസെമിറോക്ക് പകരം വെക്കാനാവില്ലെങ്കിലും ഫെർണാണ്ടീന്യോ ആ റോൾ ഏറ്റെടുക്കുമെന്നാണ് കോച്ചിെൻറ പ്രതീക്ഷ. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന കുടീന്യോ കഴിഞ്ഞ കളിയിൽ ഒെട്ടാന്ന് മങ്ങിയത് താൽക്കാലികമാണെന്നും അദ്ദേഹം കരുതുന്നു.
മുൻനിരയിൽ നെയ്മറുടെ ഫോം തന്നെയാണ് ടീമിെൻറ പ്ലസ് പോയൻറ്്. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത് ടീമിനാകെ പ്രചോദനമാവുന്ന താരത്തിെൻറ ഒാൾറൗണ്ട് ഗെയിമിന് അനുസൃതമായി മുൻനിരയിൽ ഒപ്പമുള്ള ഗബ്രിയേൽ ജീസസും വില്യനും കളിക്കുന്നതിനാൽ ബെൽജിയം പ്രതിരോധത്തിന് പിടിപ്പത് പണിയാവും. ജീസസ് ഇതുവരെ ഗോൾ നേടാത്തതുപോലും ബാധിക്കാത്തവിധമാണ് ടീമിെൻറ കളി. കഴിഞ്ഞ കളിയിൽ അവസാന ഘട്ടത്തിൽ ഇറങ്ങിയ ഉടൻ സ്കോർ ചെയ്ത റോബർേട്ടാ ഫിർമീന്യോയെ ജീസസിന് പകരം െവള്ളിയാഴ്ച ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ടിറ്റെ തയാറായേക്കും എന്നും സൂചനയുണ്ട്.
മാർട്ടിനെസിെൻറ സുവർണ ടീം
ബെൽജിയത്തിെൻറ സുവർണ തലമുറ ശരിക്കും സ്വർണം കൊണ്ടുള്ളതാണോ എന്ന് െവള്ളിയാഴ്ചയറിയാം. തുടക്കം മുതൽ ആക്രമിച്ചുകളിക്കുന്ന സംഘം എല്ലാ കളികളും ജയിച്ചാണ് അവസാന എട്ട് റൗണ്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ജപ്പാനോട് വിയർത്തെങ്കിലും രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം തിരിച്ചടിച്ച് നേടിയ വിജയം ടീമിെൻറ പോരാട്ടവീര്യം വെളിവാക്കുന്നതായിരുന്നു.
ഭാവനാസമ്പന്നമായ മധ്യനിരയും പ്രഹരശേഷിയുള്ള മുൻനിരയുമാണ് ടീമിെൻറ ശക്തി. മുൻനിരയിൽ ഹസാർഡ്-ലുകാകു-മെർട്ടൻസ് ത്രയത്തിന് പിന്തുണ നൽകാൻ മധ്യനിരയിൽ കെവിൻ ഡിബ്രൂയിൻ, അക്സൽ വിറ്റ്സൽ, തോമസ് മുനിയർ എന്നിവരുണ്ടാവും. നിറംമങ്ങിയ കറാസ്കോക്ക് പകരം കഴിഞ്ഞ കളിയിൽ നിർണായക ഗോൾ നേടിയ നാസർ ചഡ്ലിയോ മൗറെയ്ൻ ഫെല്ലീനിയോ ഇടംപിടിക്കാൻ സാധ്യതയുണ്ട്.
ഡിഫൻസാണ് ബെൽജിയത്തിന് ആധിയേറ്റുന്ന മേഖല. മാർട്ടിനെസിെൻറ മൂന്നംഗ പ്രതിരോധനിരയിൽ യാൻ വെർടോൻഗനും ടോബി ആൽഡർവെയിറൾഡും പരിക്കുമാറിയെത്തിയ വിൻസെൻറ് കൊംപനിയുമാണുള്ളത്. കടലാസിൽ കരുത്തുറ്റതാണ് ഇൗ സംഘമെങ്കിലും ജപ്പാനെതിരെ തുടരെ രണ്ട് ഗോൾ വഴങ്ങിയേതാടെ ഇതിൽ വിള്ളൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാവും ബ്രസീൽ. ബാറിന് കീഴിൽ തിബോ കോർേട്ടായുടെ വിശ്വസ്ത കരങ്ങളുണ്ടെന്നതാണ് ടീമിെൻറ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.