ലീബ്രവില്‍ (ഗാബോണ്‍): ആഫ്രിക്കന്‍ ഉപഭൂഖണ്ഡം കാത്തിരുന്ന ഫൈനല്‍ പോരാട്ടത്തിന് ടീമുകളാരൊക്കെയെന്നതില്‍ തീരുമാനമായി. നേഷന്‍സ് കപ്പ് രണ്ടാം സെമിഫൈനലില്‍ യൂറോപ്യന്‍ ക്ളബുകളിലെ സൂപ്പര്‍ താരങ്ങളുമായിറങ്ങിയ ഘാനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജപ്പെടുത്തി കാമറൂണ്‍ ഫൈനല്‍ പ്രവേശനം നേടി. ഇതോടെ ആദ്യ സെമിയില്‍ ബുര്‍കിനഫാസോയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഫൈനലിലേക്കു കടന്ന ഈജിപ്തുമായി കാമറൂണ്‍ ഏറ്റുമുട്ടും. മിഖായേല്‍ എന്‍ഗാഡ്യൂയും ക്രിസ്റ്റ്യന്‍ ബസോഗോഗും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലാണ് കാമറൂണിന്‍െറ ഫൈനല്‍ പ്രവേശനം.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചരിത്രത്തില്‍ തുല്യശക്തികളായ ഘാനയും കാമറൂണും മുഖാമുഖമത്തെിയപ്പോള്‍ സെമി തന്നെ ഫൈനല്‍ അങ്കമായി. വാശിയേറിയ ആദ്യപകുതിയില്‍ ഇരു ടീമുകളും ബലാബലം. മികച്ച മുന്നേറ്റം നടത്തിയെന്നതല്ലാതെ ആര്‍ക്കും പന്ത് വലയിലത്തെിക്കാനായില്ല. ഒടുവില്‍ ആദ്യ സെമിപോലെ തന്നെ കളി അധികസമയത്തേക്കും പെനാല്‍റ്റിയിലേക്കും നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 72ാം മിനിറ്റില്‍ പ്രതിരോധ താരം മിഖായേല്‍ കാമറൂണിന്‍െറ രക്ഷക്കത്തെി.
ഗോള്‍സാധ്യത ഏറെയുള്ള പൊസിഷനില്‍നിന്ന് ലഭിച്ച ഫ്രീകിക്ക് ഘാന ഗോള്‍ കീപ്പര്‍ റസാഖ് ബ്രിമാഹിനെ കബളിപ്പിച്ച് വലയിലത്തെിക്കുകയായിരുന്നു. സടകുടഞ്ഞെഴുന്നേറ്റ ഘാന പിന്നീട് കനത്ത ആക്രമണം അഴിച്ചുവിട്ടു. ഏക ഗോളില്‍ വിജയിക്കാമെന്ന പ്രതീക്ഷയില്‍ കാമറൂണ്‍ പ്രതിരോധത്തിലൂന്നി കളി മെനയുകയും ചെയ്തതോടെ ഘാനയുടെ മുന്നേറ്റത്തിന്‍െറ മുനയൊടിഞ്ഞു. ഇടക്കുകിട്ടിയ അവസരങ്ങള്‍ പലതും വഴിമാറിപ്പോവുകയും ചെയ്തു. അവസാനം നിശ്ചിത സമയം കഴിഞ്ഞ് 93ാം മിനിറ്റില്‍ ബസോഗോഗ് ഹെഡറിലൂടെ ഗോള്‍ നേടിയതോടെ കാമറൂണിന്‍െറ വിജയവും ഘാനയുടെ തോല്‍വിയും ഉറപ്പിച്ചു.
പിന്നീട് ഒരു തിരിച്ചുവരവില്ളെന്ന് മനസ്സിലാക്കിയ ഘാന കീഴടങ്ങുകയും ചെയ്തു. ക്യാപ്റ്റന്‍ അസമാവോ ഗ്യാന്‍, ഇതിഹാസ താരം അബ്ദി പെലെയുടെ മക്കളായ വെസ്റ്റ് ഹാം യുനൈറ്റഡ് താരം ആന്ദ്രെ ആയുവ്, സ്വാന്‍സീയുടെ ജോര്‍ദാന്‍ അയുവ് എന്നിവരടങ്ങിയ താരനിരയയെയാണ് കാമറൂണിന്‍െറ യുവസംഘം തരിപ്പണമാക്കിയത്. 2008ല്‍ ഈജിപ്തിനോട് ഫൈനലില്‍ തോറ്റതിനുശേഷം കാമറൂണിന്‍െറ ആദ്യ ഫൈനല്‍ പ്രവേശനമാണിത്. പഴയ കണക്കുതീര്‍ക്കാനാവും കാമറൂണ്‍ ഇക്കുറി ഇറങ്ങുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. തോല്‍വിയോടെ മൂന്നാം സ്ഥാനത്തിനുവേണ്ടി ശനിയാഴ്ച ബുര്‍കിനഫാസോയുമായി ഘാന ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.