ലണ്ടൻ: ക്ലബ് ഫുട്ബാളിലെ മാസ്റ്റർ ഫൈറ്റുകൾക്ക് ഇന്ന് പാതിരാത്രിയിൽ തുടക്കം. പോരാട്ടം യൂറോപ്പിലെ വമ്പൻ ക്ലബുകൾ തമ്മിലാണെങ്കിലും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്കിത് ‘മിനി ലോകകപ്പ്’ തന്നെയാണ്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രീക്വാർട്ടർ തന്നെ ഫൈനലിനോളം വീറും വാശിയുമുള്ള അങ്കങ്ങളായി. കിരീടം പതിച്ചുനൽകാൻ അർഹതയുള്ളവർ അടർക്കളത്തിലെ ആദ്യ പോരിൽ തന്നെ ചിറകറ്റുവീഴുന്നതും, ഇഷ്ടതാരങ്ങൾ നേരത്തെ പടിയിറങ്ങുന്നതും നോക്കൗട്ടിെൻറ വേദനയാണ്.
റയൽ മഡ്രിഡ് x പി.എസ്.ജി, യുവൻറസ് x ടോട്ടൻഹാം, ബാഴ്സലോണ x ചെൽസി എന്നീ കിരീടഫേവറിറ്റുകളാണ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. അവസാന കുതിപ്പിലേക്ക് ഇവരിൽ ആരൊക്കെയുണ്ടാവും. കാത്തിരുന്ന് കാണാം. ചൊവ്വാഴ്ച രാത്രി 1.15ന് സ്വിറ്റ്സർലൻഡിലും, ഇറ്റലിയിലും നടക്കുന്ന രണ്ട് പോരാട്ടങ്ങളിലൂടെയാണ് പ്രീക്വാർട്ടർ മത്സരങ്ങളുടെ തുടക്കം. എഫ്.സി ബാസൽ സ്വന്തം ഗ്രൗണ്ടിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രബലരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഒരേസമയം, ടൂറിനിലെ അലയൻസ് അറീനയിൽ യുവൻറസും-ടോട്ടൻഹാം ഹോട്സ്പറും മുഖാമുഖും. ബുധനാഴ്ച രാത്രിയിലാണ് ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന കളി. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും വർധിതവീര്യത്തോടെ വരുന്ന പി.എസ്.ജിയും.
ബാസൽ x മാഞ്ചസ്റ്റർ സിറ്റി
വെട്ടാൻ വരുന്ന േപാത്തിനു മുന്നിൽ കുരുങ്ങിയ അവസ്ഥയിലാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാനിറങ്ങുന്ന ബാസൽ എഫ്.സി. ആത്മഹത്യപോലൊരു പോരാട്ടത്തിൽ അവസാനശ്വാസം വരെ പൊരുതാനുള്ള ദൃഢനിശ്ചയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കടിഞ്ഞാണില്ലാതെ കുതിക്കുന്ന സിറ്റി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് ‘എഫ്’ ജേതാക്കളായിരുന്നു. ആറിൽ അഞ്ചും ജയിച്ചവർ ഷാക്തർ ഡൊണസ്കിനോട് മാത്രം തോറ്റു. ബാസൽ ഗ്രൂപ് ‘എ’യിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനു പിന്നിൽ രണ്ടാം സ്ഥാനത്തും. സ്വിസ് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ബാസൽ പൊരുതിമാത്രമേ കീഴടങ്ങൂ.
ഇൗസി വാക്കോവറാണ് പെപ് ഗ്വാർഡിയോളയുടെ ലക്ഷ്യം. ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ എതിരാളിയുടെ ഗ്രൗണ്ടിൽ തന്നെ ജയിച്ചു തുടങ്ങാനുള്ള പടപ്പുറപ്പാട്. പരിക്കേറ്റ ലിറോയ് സാനെ, ഗബ്രിയേൽ ജീസസ് എന്നിവരുടെ സ്ഥാനങ്ങളിൽ സെർജിയോ അഗ്യൂറോയും ബെർണാഡ് സിൽവയും ഉജ്ജ്വല ഫോം തെളിയിച്ചു കഴിഞ്ഞു. സാനെയും ഡേവിഡ് സിൽവയും തിങ്കളാഴ്ച പരിശീലനത്തിനെത്തിയെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല.
യുവൻറസ് x ടോട്ടൻഹാം
ഉജ്ജ്വല ഫോമിൽ കളിക്കുന്ന രണ്ട് വമ്പന്മാരുടെ പോരാട്ടം. അവസാന 16ൽ 14 കളിയിലും ജയിച്ച യുവൻറസ്, 29 ഗോളടിച്ചപ്പോൾ ഒരു ഗോൾ മാത്രം വഴങ്ങി. സീരി ‘എ’യിൽ രണ്ടാം സ്ഥാനക്കാരായി കിരീടപ്പോരാട്ടത്തിലും സജീവം. നിലവിലെ യൂറോപ്യൻ റണ്ണർ അപ്പായി വരുന്ന യുവൻറസ് ഇക്കുറി ഗ്രൂപ് റൗണ്ടിൽ ബാഴ്സക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നെങ്കിലും കരുത്തിന് മാറ്റ്കുറഞ്ഞിട്ടില്ല. ഗോൺസാലോ ഹിഗ്വെയ്ൻ, പൗലോ ഡിബാല, സമി ഖെദീര, മരിയോ മാൻസുകിച് എന്നിവരടങ്ങിയ ഗോളടിക്കാർ ബഹുകേമന്മാർ.
മൗറിസിയോ പൊെചട്ടിനോയുടെ ടോട്ടൻഹാമും മോശമല്ല. തോൽവിയറിയാതെ തുടർച്ചയായി 12കളിയും കടന്നാണ് അവർ ടൂറിനിൽ വരുന്നത്. ഡിസംബർ 16ന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റശേഷം ഒരു കളിപോലും നിരാശപ്പെടുത്തിയിട്ടില്ലെന്ന് സാരം. അവരുടെ ഗോൾമെഷീൻ ഹാരികെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമൻ (23 ഗോൾ). ഗ്രൂപ് റൗണ്ടിൽ റയലിനെ പിന്തള്ളി ഒന്നാം സ്ഥാനക്കാരായിരുന്നുവെന്ന തിളക്കംകൂടിയുണ്ട് ടോട്ടൻഹാമിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.