ലണ്ടൻ: വിലാസങ്ങളിൽ കാര്യമില്ലെന്നുതെളിയിച്ച ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് പോരാട്ടങ്ങളിലെ തോൽവിയുടെ ഞെട്ടൽ മാറ്റാൻ ഇംഗ്ലീഷ് ക്ലബുകളായ ലിവർപൂളും ചെൽസിയും ഇന്ന് വീണ്ടും കളത്തിൽ. ആൻഫീൽഡിലെ കളിമുറ്റത്ത് വിജയം ശീലമാക്കിയ ചുകപ്പൻമാർ ഇന്ന്, കഴിഞ്ഞ കളി വമ്പൻ മാർജിനിൽ ജയിച്ച റെഡ്ബുൾ സാൽസ്ബർഗിനെ നേരിടുേമ്പാൾ മത്സരം തീപാറുമെന്നുറപ്പ്. കരുത്തരുടെ ഗ്രൂപ്പിൽ ഇറ്റാലിയൻ ക്ലബായ നാപോളിയോട് ആദ്യ മത്സരം ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ലിവർപൂൾ തോറ്റത്.
പ്രീമിയർ ലീഗിൽ തുടരെ ജയങ്ങളുടെ ആഘോഷവുമായി ഒന്നാംസ്ഥാനത്ത് തുടരുന്നതിനിടെയായിരുന്നു യൂറോപ്പിലെ ചാമ്പ്യൻമാർക്കായുള്ള പോരാട്ടത്തിൽ ഞെട്ടിക്കുന്ന തോൽവി. പേരുകേട്ട മുന്നേറ്റവും വാൻ ഡൈക് കോട്ട കാക്കുന്ന പ്രതിരോധവും ഉറച്ചുനിന്ന് പൊരുതിയിട്ടും തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം, അരങ്ങേറ്റത്തിൽ ഡബ്ളടിച്ച കൗമാര താരം ഹാലൻഡ് മിന്നും ഫോമുമായി കളി നയിക്കുന്ന സാൽസ്ബർഗിന് ഇന്നുകൂടി ജയിക്കാനായാൽ രണ്ടാം റൗണ്ടിലേക്ക് വഴി എളുപ്പമാകും. ചെൽസിയും ലിലെ ഒളിമ്പിക്കും തമ്മിൽ തോറ്റവരുടെ അങ്കമാണ്. ചെൽസി ആദ്യ മത്സരം വലൻസിയയോടും ലിലെ അയാക്സിനോടുമായിരുന്നു തോറ്റത്. ചെൽസിക്ക് അടുത്ത റൗണ്ട് സ്വപ്നം കാണാൻ ഇന്ന് ജയിച്ചേ തീരൂ.
ബാഴ്സ- ഇൻറർ: സൗഹൃദപ്പോര്
മുമ്പ് വിവിധ ക്ലബുകളിൽ ഒന്നിച്ചുകളിച്ച പ്രമുഖർ വീണ്ടും ഒത്തുചേരുന്നുവെന്ന സവിശേഷത കൂടിയുണ്ട് ബാഴ്സലോണ, ഇറ്റാലിയൻ ക്ലബായ ഇൻറർ മിലാനെ നേരിടുേമ്പാൾ. അത്ലറ്റികോ മഡ്രിഡിൽ ഒന്നിച്ചായിരുന്ന ഗ്രീസ്മാൻ ബദ്ധവൈരികളായ ബാഴ്സക്കൊപ്പം ചേർന്നപ്പോൾ കൂടെ പന്തുതട്ടിയ ഡീഗോ ഗോഡിൻ ഇൻററിനൊപ്പം കളിക്കാനാണ് ടീം വിട്ടത്. ഇരുവർക്കും ഇത് മുഖാമുഖമാണ്.
നേരേത്ത ബാഴ്സയിൽ പന്തുതട്ടിയ അലക്സിസ് ഇപ്പോൾ കളിക്കുന്നത് ഇൻററിൽ. എതിരാളികളാകട്ടെ, പഴയ കളിക്കൂട്ടുകാരായ മെസ്സിയും ബുസ്കെറ്റ്സും പിക്വെയും സംഘവും. ഗ്രൂപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾ രണ്ടും സമനിലയിലായതിനാൽ ഇന്ന് ജയം തേടിയാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. മറ്റു ടീമായ ബൊറൂസിയ ഡോട്മുണ്ടിന് സ്ലാവിയ പ്രാഹയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.