സാവോപോളോ: ചാമ്പലായിപ്പോയ പ്രിയപ്പെട്ടവരുടെ ഒാർമകൾ നിറഞ്ഞ ആകാശത്തിനു കീഴെ ഇഷ്ടപ്പെട്ട പച്ചക്കുപ്പായത്തിൽ അവർ 11 പേർ പന്തുതട്ടി. വിങ്ങുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി അറീന കോണ്ടയിലെ ഗാലറിപ്പടവുകളിൽ തിങ്ങിനിറഞ്ഞ ആരാധകർക്കു നടുവിൽ അവർ ആകാശച്ചുഴിയിൽ പൊലിഞ്ഞുപോയ 19 പേരുടെ ആത്മാവായി മാറി. സാൻറകാതറീന നഗരിയും ബ്രസീലും മാത്രമായിരുന്നില്ല, കാൽപന്തിനെ സ്നേഹിക്കുന്ന ലോകവും ആ പച്ചക്കുപ്പായക്കാർക്കൊപ്പമുണ്ടായിരുന്നു. മറുപാതിയിൽ പന്തുതട്ടിയ എതിരാളികളായ അത്ലറ്റികോ നാഷനൽ കളിയുടെ വീറും വാശിയും ഒഴിവാക്കി ചാപ്പെകോയൻസിെൻറ പടയാളികളെ ആദരിച്ചു. 90 മിനിറ്റ് നീണ്ട േപാരാട്ടത്തിന് ലോങ് വിസിൽ മുഴങ്ങിയപ്പോൾ 2-1ന് ചാപ്പെകോയൻസിെൻറ ജയം.
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബ്രസീലിയൻ ക്ലബ് ചേരുംപടി ചേർക്കുകയാണ്. അതാവെട്ട, പാതിവഴിയിൽ വിമാനദുരന്തം കരിച്ചുകളഞ്ഞ സ്വപ്നനേട്ടം പകുതി ജയിച്ചുകൊണ്ടും. 2016 നവംബർ 28െൻറ വിമാനദുരന്തം കാരണം മുടങ്ങിപ്പോയ കോപ സുഡാമേരിക്കാന ചാമ്പ്യൻഷിപ് ഫൈനലിനാണ് ചാപ്പെകോയൻസ് ഗ്രൗണ്ടായ അറീനകോണ്ട വേദിയായത്. ഇൗ ചാമ്പ്യൻഷിപ്പിലെ ആദ്യ പാദത്തിൽ കൊളംബിയൻ ക്ലബ് അത്ലറ്റികോ നാഷനലിനെ നേരിടാനുള്ള യാത്രാമധ്യേയായിരുന്നു ബ്രസീൽ ക്ലബിെൻറ 19 താരങ്ങളും കോച്ചുമടക്കം 77 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ, സുഡാമേരിക്കാന കിരീടം ചാപ്പെകോയൻസിന് സമ്മാനിച്ച് അത്ലറ്റികോ സ്പോർട്സ്മാൻ സ്പിരിറ്റിെൻറ അതുല്യ മാതൃകയും കാണിച്ചു.
എന്നാൽ, ബ്രസീലിലെ മറ്റു ക്ലബുകളുടെ കൈത്താങ്ങിൽ പുതിയ ടീം കെട്ടിപ്പടുത്തശേഷം ചാപ്പെകോയൻസ് വീണ്ടും കളിക്കാനൊരുങ്ങുകയായിരുന്നു. ഇതോെട, പരിമിതികൾ മറികടന്ന് സ്വന്തം ഗ്രൗണ്ടിൽ ആദ്യ പാദം കളിക്കാൻ തെക്കനമേരിക്കൻ കോൺഫെഡറേഷൻ അനുമതിയും നൽകി. കണ്ണീർ തളംകെട്ടിയ ഗാലറിക്കു മുന്നിലെ പോരാട്ടം അതിവൈകാരികവുമായിരുന്നു. വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട താരങ്ങളായ റാഫേൽ ഹെൻസ്, ഹീലിയോ സാംപിയർ നെറ്റോ, അലൻ റഷൽ, ജാക്സൻ േഫാൾമാൻ എന്നിവർ മത്സരത്തിന് മുന്നോടിയായി കൈകൾ കോർത്തുപിടിച്ച് മൈതാനത്തിറങ്ങിയപ്പോൾ ഗാലറിയും താരങ്ങളും ആദരസൂചകമായി എഴുന്നേറ്റുനിന്നു. രണ്ടാം പാദ മത്സരത്തിനായി മേയ് 10ന് കൊളംബിയയിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.