ചാപ്പെകോ (ബ്രസീല്‍): ആരാധകരെ സങ്കടക്കടലിലാഴ്ത്തി കളിമുറ്റത്ത് അഭിമാനതാരങ്ങള്‍ വീണ്ടുമത്തെി. ആകാശത്ത് പൊലിഞ്ഞുപോയ കൂട്ടുകാരുടെ സ്മരണകളിരമ്പിയപ്പോള്‍ സ്റ്റേഡിയം കണ്ണീരില്‍ കുതിര്‍ന്നു. കഴിഞ്ഞ നവംബര്‍ 28ന് വിമാനദുരന്തത്തില്‍ മരിച്ച 19 താരങ്ങളുടെ ഓര്‍മക്കായി ബ്രസീലിലെ ഫുട്ബാള്‍ സംഘമായ ചാപ്പെകോയന്‍സ് വീണ്ടും പന്തുതട്ടി. കോപ സുഡാമേരിക്കാനയുടെ ഫൈനലിനായി പുറപ്പെട്ടപ്പോഴായിരുന്നു ആകാശദുരന്തം. ആ കിരീടം ദുരന്തത്തില്‍ രക്ഷപ്പെട്ട മൂന്നുതാരങ്ങള്‍ ഞായറാഴ്ച ഏറ്റുവാങ്ങി. ബ്രസീലിലെ ചാമ്പ്യന്‍ ക്ളബായ പാല്‍മിറാസുമായുള്ള ചാരിറ്റി മത്സരത്തിന് മുമ്പായിരുന്നു കിരീടവും മെഡലുകളും ഏറ്റുവാങ്ങിയത്. മത്സരം 2-2ന് സമനിലയിലവസാനിച്ചു. കൊളംബിയയിലെ അത്ലറ്റികോ നാഷനലായിരുന്നു കോപ സുഡാമേരിക്കാന ഫൈനലിലെ എതിരാളികള്‍. എതിര്‍ ടീമംഗങ്ങള്‍ മരണത്തിന്‍െറ ചുവപ്പുകാര്‍ഡ് കണ്ടപ്പോള്‍ ചാപ്പെകോയന്‍സിന് കിരീടം വിട്ടുകൊടുത്തായിരുന്നു അത്ലറ്റികോ അന്ന് സ്മരണാഞ്ജലിയര്‍പ്പിച്ചത്.
വിമാന ദുരന്തത്തില്‍ കാല്‍ നഷ്ടമായ ചാപ്പെകോയന്‍സ് ഗോളി ജാക്സണ്‍ ഫോള്‍മാന്‍ കോപ സുഡാമേരിക്ക കിരീടവുമായി
തികച്ചും വികാരഭരിതമായിരുന്നു ശനിയാഴ്ച കോണ്ട അറീന സ്റ്റേഡിയം. ദുരന്തത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിക്കേണ്ടിവന്ന ഗോള്‍ കീപ്പര്‍ ജാക്സണ്‍ ഫോള്‍മാന്‍ വീല്‍ചെയറിലത്തെിയാണ് കണ്ണീരോടെ ട്രോഫിയും മെഡലും സ്വീകരിച്ചത്. ഇനി കളത്തിലിറങ്ങാനാവിലെന്നതിന്‍െറ സങ്കടവും ഫോള്‍മാന്‍െറ വാക്കുകളിലുണ്ടായിരുന്നു. പ്രതിരോധതാരം നെറ്റോ, വിംഗര്‍ അലന്‍ റഷല്‍ എന്നിവരും ജീവന്‍ തിരിച്ചുകിട്ടിയതിന് നന്ദിപറഞ്ഞ് പുരസ്കാരം ഏറ്റുവാങ്ങി. രക്ഷപ്പെട്ട റേഡിയോ ജേണലിസ്റ്റ് റാഫേല്‍ ഹെന്‍സലാണ് സൗഹൃദമത്സരം റേഡിയോ ബൂത്തിലിരുന്ന് വിവരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് മെഡലുകള്‍ ഏറ്റുവാങ്ങി. 20,000ത്തോളം ആരാധകരാണ് ചടങ്ങിനത്തെിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 241 മാധ്യമപ്രവര്‍ത്തകരും എത്തി. 71 പേര്‍ കൊല്ലപ്പെട്ടതിന്‍െറ ആദരസൂചകമായി കളിയുടെ 71ാം മിനിറ്റില്‍ ഗാലറിയില്‍നിന്ന് ‘വാമോസ് ചാപ്പെ’ വിളികളുയര്‍ന്നു. അതേനിമിഷം കളിനിര്‍തി താരങ്ങളും ഓര്‍മയില്‍ പങ്കുചേര്‍ന്നു. ഇനിമുതല്‍ ചാപ്പെകോയന്‍സിന്‍െറ എല്ലാ മത്സരങ്ങളിലും 71ാം മിനിറ്റില്‍ ഇതുപോലെ ഓര്‍മ പുതുക്കും.
പുതിയ കളിക്കാരെയുള്‍പ്പെടുത്തി ടീമിനെ വീണ്ടും പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ചാപ്പെകോയന്‍സ് അധികൃതര്‍. 22 പേരാണ് അടുത്തിടെ ക്ളബിലത്തെിയത്. പലരും വായ്പായടിസ്ഥാനത്തിലാണ് കളിക്കുന്നത്. പുത്തന്‍താരങ്ങളാണ് ചാരിറ്റി മത്സരത്തില്‍ ബൂട്ടണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.