ബാഴ്സലോണ: ലാ ലിഗയിലെ അവസാന എൽ ക്ലാസികോ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാർക്ക് സമനിലയിൽ അവസാനം. കിരീടമുറപ്പിച്ച ബാഴ്സലോണയും മൂന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡും നൂകാംപിൽ ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിനാണ് സമനിലയിൽ പിരിഞ്ഞത്.
പത്താം മിനിറ്റിൽ ലൂയിസ് സുവാരാസാണ് റയൽ വല കുലുക്കി ഗോളിന് തുടക്കമിട്ടത്. എന്നാൽ നാല് മിനിറ്റിനകം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചടിച്ചു. 52ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയുടെ ലീഡ് ഉയർത്തി. പിന്നീട് 72ാം മിനിറ്റിൽ ഗാരെത് ബെയ്ൽ റയലിൻെറ രക്ഷകനായി അവതരിച്ചു സ്കോർ തുല്യ നിലയിലാക്കുകയായിരുന്നു.
എൽ ക്ലാസിക്കോയുടെ വീറും വാശിയും പ്രകടമായ മത്സരത്തിൽ റഫറിക്ക് കാര്യമായി പണിയെടുക്കേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബാഴ്സ താരം സെർജി റോബർട്ടോ ചുവപ്പ് കാർഡ് വാങ്ങി. പിന്നീട് രണ്ടാം പകുതി പത്ത് പേരുമായാണ് ബാഴ്സ കളിച്ചത്. ലൂയിസ് സുവാരസിന് ലഭിച്ച ആദ്യ ഗോൾ സെർജിയോയുടെ ക്രോസിൽ നിന്നായിരുന്നു.
ഒന്നാം പകുതിക്ക് പിന്നാലെ കണങ്കാലിലെ പരിക്ക് കാരണം റൊണാൾഡോയെ കളത്തിൽ നിന്നും പിൻവലിച്ചിരുന്നു. എൽ ക്ലാസിക്കോ സമനിലയാണെങ്കിലും ലാലിഗയിൽ റയലിനേക്കാൾ 15 പോയൻറ് മുമ്പിലാണ് ബാഴ്സയുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ റയലിന് കഴിഞ്ഞ നാല് ലീഗ് മത്സരത്തിലും ബാഴ്സയെ തോൽപിക്കാനായിട്ടില്ല. 25ാം തവണ ലാലീഗ ജേതാക്കളായ ബാഴ്സക്ക് ബഹുമാനസൂചകം നൽകാൻ റയൽ വിസമ്മതിച്ചതോടെ തന്നെ മത്സരം ചൂട് പിടിച്ചിരുന്നു.
ബാഴ്സ നിരയിൽ സീസൺ അവസാനത്തോടെ പടിയിറങ്ങുന്ന ആെന്ദ്ര ഇനിയെസ്റ്റക്ക് അവസാന എൽ ക്ലാസികോയായിരുന്നു ഇന്നലത്തേത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹത്തെ നൗകാംപ് വികാരപരമായാണ് സ്വാഗതം ചെയ്തത്. ബാഴ്സ തലച്ചോറിൻരെ 38ാം എൽക്ലാസിക്കോ പോരാട്ടമായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്ന് ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയലിെൻറ ശ്രദ്ധ മുഴുവൻ മേയ് 26ലെ ഫൈനലിലേക്കാണ്. എന്നാൽ, ബാഴ്സക്ക് 41 മത്സരങ്ങളായി തുടരുന്ന അപരാജിത റെക്കോഡിലായിരുന്നു കണ്ണ്. സീസണിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെന്ന നേട്ടവും ടീമിന് തുടരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.