മൂന്നാം മിനിറ്റില്‍ ഗോളടിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് സമനില

പുണെ: രണ്ടാം ജയം ലക്ഷ്യമിട്ടത്തെിയ കേരള ബ്ളാസ്റ്റേഴ്സിന്  പുണെയുടെ മണ്ണില്‍ (1-1) സമനില. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ എതിര്‍വലകുലുക്കി ഉശിരന്‍ പ്രകടനത്തോടെയാണ് ബാലെവാഡിയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ ബ്ളാസ്റ്റേഴ്സ് തേരോട്ടമാരംഭിച്ചത്. കേരളത്തിനുവേണ്ടി ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും പുണെക്കുവേണ്ടി മാര്‍ക്വീ താരം മോമോ സിസോക്കോയുമാണ് ഓരോ ഗോളടിച്ചത്. ഉശിരോടെ തുടങ്ങിയ ബ്ളാസ്റ്റേഴ്സ് പിന്നീട് പുണെയുടെ തുടരന്‍ ആക്രമണങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. മഞ്ഞപ്പടയുടെ ഓരോ താരവും കളിമികവ് കാട്ടിയെങ്കിലും ഒരു ടീമെന്നനിലയില്‍ ചേരുംപടി ചേരാനായില്ല.

പന്ത് തട്ടി കളി തുടങ്ങിയത് പുണെയാണെങ്കിലും നിമിഷങ്ങള്‍ക്കകം പന്ത് പിടിച്ചെടുത്ത് മഞ്ഞപ്പട ആദ്യ ജയത്തിന്‍െറ ആവേശം പ്രകടമാക്കി. മിനിറ്റുകളോളം പുണെക്ക് വിട്ടുനല്‍കാതെ പന്ത് കൈയടക്കിയ മഞ്ഞപ്പട മൂന്നാം മിനിറ്റിലാണ് അവരുടെ ആരാധകരെയും ഞെട്ടിച്ച് ഗോള്‍ നേടുന്നത്. ഹോസു എടുത്ത കോര്‍ണര്‍കിക്കില്‍ മാമതിന്‍െറ ഷോട്ട് പുണെ പ്രതിരോധത്തില്‍ തട്ടി ബോക്സില്‍ നിലയുറപ്പിച്ച സെഡ്രിക് ഹെങ്ബര്‍ട്ടന്‍െറ കാലിലേക്ക്. പോസ്റ്റിനു വലതു മൂലയിലേക്കുള്ള ഹെങ്ബര്‍ട്ടിന്‍െറ ഷോട്ട് പിഴച്ചില്ല (1-0). സ്വന്തം തട്ടകത്തില്‍ തങ്ങളുടെ ആദ്യ വിജയത്തിനായി പ്രാര്‍ഥനയോടെ കാത്തിരുന്ന പുണെ എഫ്.സി ആരാധകരുടെ ഹൃദയത്തിലേക്കാണ് പ്രഹരമായി ഹെങ്ബര്‍ട്ടിന്‍െറ ഗോള്‍ ചെന്നുപതിച്ചത്. സീസണിലെ അതിവേഗ ഗോളുമായിരുന്നു ഇത്.

ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള തീവ്ര ശ്രമമാണ് പുണെ എഫ്.സിയില്‍ കണ്ടത്. വലതു വിങ്ങിലൂടെ പാഞ്ഞുകയറി നിരന്തര ശ്രമം നടന്നു. ആദ്യ പകുതിയില്‍ റോഡ്രിഗ്സ് ടാറ്റോ, ജോനാഥന്‍ ലൂക, ഡ്രമാനെ ട്രവര്‍ എന്നിവരിലൂടെ ആറോളം അവസരങ്ങളാണ് പുണെ തുറന്നെടുത്തത്. ചിലതില്‍ ഉന്നംപിഴച്ചു. ചിലത് ഹോസു, ഹ്യൂസ്, ഹെങ്ബര്‍ട്ട്, ജിങ്കന്‍ എന്നിവര്‍ തീര്‍ത്ത മഞ്ഞപ്പടയുടെ പ്രതിരോധത്തില്‍ തട്ടി ചിതറി. ട്രവര്‍ മഞ്ഞപ്പടയുടെ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. സീസണില്‍ ആദ്യവിജയം നേടിക്കൊടുത്ത ഗോള്‍വേട്ടക്കാരന്‍ മൈക്കല്‍ ചോപ്ര പലകുറി പുണെയുടെ ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്തെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുത്തത്. പന്ത് പുണെ ഗോളി ഇഡെല്‍ ബേട്ടയുടെ കൈകളിലൊതുങ്ങി.

രണ്ടാം പകുതിയുടെ തുടക്കവും ബ്ളാസ്റ്റേഴ്സിന്‍െറ മുന്നേറ്റം കണ്ടുകൊണ്ടായിരുന്നു. 53ാം മിനിറ്റില്‍ പുണെയുടെ പെനാല്‍റ്റി ബോക്സില്‍ തനിക്കു കിട്ടിയ പന്ത് ചോപ്ര റാഫിക്ക് കൈമാറിയെങ്കിലും ഗോളിയെ കബളിപ്പിക്കാവുന്ന അവസരം കൈവിട്ടുപോയി. റാഫിക്ക് പന്ത് തൊടുക്കാനായില്ല. തൊട്ടുപിന്നാലെ ഹാഫ് ലൈനില്‍നിന്ന് മെഹ്താബ് ഹുസൈന്‍ പുണെയുടെ ഗോള്‍വല ഉന്നമിട്ട് കുതിച്ചുകയറി പന്തു തൊടുത്തതും ലക്ഷ്യംപിഴച്ചു. തൊട്ടുപിന്നാലെ കേരളത്തിന്‍െറ പ്രതിരോധത്തില്‍ വലിയ പിഴവുണ്ടാകുന്നതാണ് കണ്ടത്. പ്രതിരോധക്കാരന്‍ ഹോസ് ഗോളി സന്ദീപ് നന്ദിക്ക് നല്‍കിയ ബാക്പാസ് പുണെ സ്ട്രൈക്കര്‍ ട്രവറിന്‍െറ കാലുകളിലാണ് ചെന്നുപെട്ടത്. മുന്നില്‍ ഗോളി മാത്രമായിരുന്നിട്ടും ട്രവറിന് പന്ത് വലയിലാക്കാനായില്ല. തൊട്ടുപിന്നാലെ വലതു വിങ്ങില്‍നിന്ന് കിട്ടിയ ക്രോസില്‍ തലവെച്ച് ട്രവര്‍ പന്ത് വലയിലാക്കിയെങ്കിലും റഫറി അജിത് മീട്ടെ വിളിച്ചത് ഓഫ്.

68ാം മിനിറ്റിലാണ് പുണെ സമനില പിടിച്ചത്. വലതു വിങ്ങില്‍നിന്ന് ലൂകയെടുത്ത ഫൗള്‍കിക്ക് കേരളത്തിന്‍െറ പ്രതിരോധത്തില്‍ തട്ടി പന്ത് മുഹമ്മദ് സിസോക്കോയുടെ ബൂട്ടില്‍. സിസോക്കോ തൊടുത്ത ഷോട്ട് ഹ്യൂസിന്‍െറ കാലില്‍ തട്ടി വലത് പോസ്റ്റിലേക്ക് (1-1). റാഫി, നാന്‍സണ്‍, ചോപ്ര എന്നിവരെ മാറ്റി കേരളം ദിദിയര്‍ കാദിയോ, ഫറൂഖ് ചൗധരി, ആന്‍േറാണിയോ ജര്‍മന്‍ എന്നിവരെ ഇറക്കിയതോടെയാണ് കളിയടക്കം വീണ്ടെടുത്തത്. കാദിയോയും ജര്‍മനും അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ജയിക്കാനുള്ള ഭാഗ്യം മഞ്ഞപ്പടക്കുണ്ടായിരുന്നില്ല. 24ന് ഗോവക്കെതിരെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ അടുത്ത മത്സരം.

Tags:    
News Summary - FC Pune City & Kerala Blasters play out 1-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.