പാരിസ്: റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കാൻ യൂറോപ്പിലെ വമ്പൻ ടീമുകൾ കളത്തിലിറങ്ങിയപ്പോൾ ഗോൾ പൂരം. ഫ്രാൻസ്, പോർചുഗൽ, സ്വിറ്റ്സർലൻഡ്, ബെൽജിയം, ജർമനി, െഡന്മാർക്ക്, ഇംഗ്ലണ്ട് എന്നിവർ സൂപ്പർ ജയത്തോടെ യോഗ്യതയിലേക്ക് മുന്നേറിയപ്പോൾ, നെതർലൻഡ്സിനും പോളണ്ടിനും കാലിടറി. നിലനിൽപ് ഭീഷണിയിലായിരുന്ന നെതർലൻഡ്സ്, ഫ്രാൻസിനോടാണ് വൻതോൽവി വഴങ്ങിയത്. എന്നാൽ, ലെവൻഡോവ്സ്കിയുടെ പോളണ്ട് തോറ്റത് െഡന്മാർക്കിനോടാണ്.
യോഗ്യത ലഭിക്കുമോയെന്ന ആശങ്കയിലിരിക്കെയാണ് ഫ്രാൻസിൽ നെതർലൻഡ്സ് ‘എട്ടുനിലയിൽ െപാട്ടിയത്.’ റോബിൻ വാൻപേഴ്സിയെയടക്കം തിരിച്ചു വിളിച്ച് ടീമിനെ രക്ഷിക്കാൻ ഫുട്ബാൾ ഫെഡറേഷൻ ശ്രമം നടത്തിയെങ്കിലും 4-0ത്തിന് തോറ്റമ്പി. ഫ്രാൻസിനായി തോമസ് ലീമർ (72, 88) രണ്ടു ഗോളുകൾ നേടിയപ്പോൾ അേൻറായിൻ ഗ്രീസ്മാൻ (14), കെയ്ലിയൻ എംബാപ്പെ (91) എന്നിവർ ഒാരോ ഗോളും നേടി. ഇൗ മത്സരവും കൈവിട്ടതോടെ ഗ്രൂപ്പിൽ നെതർലൻഡ്സിെൻറ നില പരുങ്ങലിലായി. ഏഴു മത്സരത്തിൽ മൂന്നെണ്ണം തോറ്റതോടെ 10 പോയൻറുമായി നാലാമതാണ് ഒാറഞ്ചുപട. ഫ്രാൻസും (16) സ്വീഡനും (13) ബൾഗേറിയയുമാണ് (12) ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ ദ്വീപ് രാജ്യമായ ഫറോ െഎലൻഡിനെ 5-1നാണ് പോർചുഗൽ തോൽപിച്ചത്. മൂന്നാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ ആദ്യേഗാൾ നേടിയ ക്രിസ്റ്റ്യാനോ 29, 64 മിനിറ്റുകളിൽ ഹാട്രിക് തികച്ചു. ഗ്രൂപ് ബിയിൽ 18 പോയൻറുമായി സ്വിറ്റ്സർലൻഡിനു (21) പിറകിൽ രണ്ടാം സ്ഥാനത്താണ് പറങ്കികൾ. അതേസമയം, ജിബ്രാൾട്ടർ എന്ന ചെറു രാജ്യത്തിനെതിരെ ഗോൾപൂരം തീർക്കുകയായിരുന്നു താരസമ്പന്നതയിലെത്തിയ ബെൽജിയം. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റൊമേലു ലുക്കാക്കുവും (21, 38, 84) തോമസ് മ്യൂനിയറും(18, 60, 67) ഹാട്രിക്ക് തികച്ച മത്സരത്തിൽ എതിരാളികളെ കശക്കിയത് ഒമ്പതു ഗോളുകൾക്കാണ്. ഡ്രിയസ് മേർട്ടൻസ് (15), ആക്സൽ വിസൽ (27), എഡൻ ഹസാർഡ് (45) എന്നിവരാണ് മറ്റു സ്കോറർമാർ. ഗ്രൂപ് ജിയിൽ 19 പോയൻറുമായി ബെൽജിയം തന്നെയാണ് ഒന്നാമത്. ഏഴു കളിയിൽ ഏഴും തോറ്റതോടെ ജിബ്രാൾട്ടർ റഷ്യയിലേക്കില്ലെന്ന് ഉറപ്പിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ജർമനി, ചെക്ക്റിപ്പബ്ലിക്കിനെയും തോൽപിച്ചതോടെ (1-2)യോഗ്യതക്കരികെയെത്തി. ഗ്രൂപ് സിയിൽ ജർമനിക്ക് 21 പോയൻറായപ്പോൾ, വടക്കൻ അയർലൻഡിെൻറ (16 പോയൻറ്) പിന്നിൽ മൂന്നാമതാണ് ചെക്ക് റിപ്പബ്ലിക് (9 പോയൻറ്). തിമോ വെർണർ (4ാം മിനിറ്റ്), മാറ്റ് ഹമ്മൽസ് (88) എന്നിവരാണ് ജർമനിയുടെ സ്കോറർമാർ. അതേസമയം, ബയേൺമ്യൂണിക് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലിറങ്ങിയ പോളണ്ട് ഡെന്മാർക്കിനു മുന്നിൽ 4-0ത്തിന് തോറ്റു. മത്സരം കൈവിെട്ടങ്കിലും 16 പോയൻറുമായി ഗ്രൂപ് ഇയിൽ പോളണ്ട് തന്നെയാണ് ഒന്നാമത്. മോണ്ടിനെഗ്രോയും (13) ഡെന്മാർക്കുമാണ് (13) രണ്ടും മൂന്നും സ്ഥാനത്ത്. മറ്റൊരു മത്സരത്തിൽ ദുർബലരായ മാൾട്ടയെ നാലുഗോളിന് തോൽപിച്ച് ഇംഗ്ലണ്ട് (17 പോയൻറ്) ഗ്രൂപ് എഫിൽ ഒന്നാം സ്ഥാനം നിലനിർത്തി.
മത്സര ഫലം: ചെക്ക് റിപ്പബ്ലിക്-1 ജർമനി-2, െഡന്മാർക്ക്-4 പോളണ്ട്-0, മാൾട്ട-0 ഇംഗ്ലണ്ട്-4, ബൾഗേറിയ-3 സ്വീഡൻ-2, ഫ്രാൻസ്-4 നെതർലൻഡ്സ്-0, പോർചുഗൽ-5 ഫറോ െഎലൻഡ്-1, സ്വിറ്റ്സർലൻഡ്-3 അൻഡോറ-0, ബെൽജിയം-9 ജിബ്രാൾട്ടർ-0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.