കൊച്ചി: രാജ്യാന്തര നിലവാരത്തിൽ ഒരു കളി മൈതാനവും നാലു പരിശീലന മൈതാനങ്ങളുമാണ് കൗമാര ലോകകപ്പിലൂടെ കേരളത്തിന് കിട്ടിയത്. ഒരു വർഷംകൊണ്ട് 41.5 കോടിയോളം ചെലവിട്ടാണ് മൈതാനങ്ങൾ നവീകരിച്ചത്. പവിലിയൻ നിർമാണത്തിനും മറ്റുമായി 20.75 കോടിയോളവും ചെലവിട്ടു. കൊച്ചിക്കും കായികലോകത്തിനും മുതൽക്കൂട്ടാണ് ഇവ. എന്നാൽ, വരും തലമുറക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ മൈതാനങ്ങൾ എങ്ങനെ, ആരു സംരക്ഷിക്കും? അതിനുള്ള
ചെലവ് ആരു വഹിക്കും? ഫ്ലഡ്ലൈറ്റ്, മൈതാനത്തെ പുല്ല് എന്നിവയുടെ സംരക്ഷണമാണ് പ്രധാനം. ഫ്ലഡ്ലൈറ്റുകളുടെ പ്രവർത്തനക്ഷമത നിലനിർത്തണം. പുൽത്തകിടി ദിവസവും നനക്കണം. ഒരു ലക്ഷം ലിറ്റർ വെള്ളമെങ്കിലും അതിനാവശ്യമാണ്. പുല്ലിന് വളമിടണം, വെട്ടിനിർത്തണം. ഇൗ രീതിയിൽ നിലനിർത്തുന്നതിന് പ്രതിവാരം 25,000 രൂപയെങ്കിലും ഒാരോ മൈതാനത്തിനും ചെലവുവരും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് വലിയ പ്രശ്നം തന്നെയാണ്.
കലൂര്‍ സ്റ്റേഡിയം ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിറ്റി) ഉടമസ്ഥതയിലുള്ളതാണ് കലൂര്‍ സ്റ്റേഡിയം. ഫിഫ മാനദണ്ഡത്തില്‍ ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ച് നവീകരിച്ചപ്പോള്‍ സ്റ്റേഡിയത്തിെൻറ ശേഷി 60,000ത്തിൽനിന്ന് 41,700 ആയി കുറഞ്ഞു. നവീകരണ ചെവല് 25 കോടി. അടുത്തമാസം 24 മുതൽ ഐ.എസ്.എൽ മത്സരങ്ങൾ നടക്കും. ഫുട്ബാൾ സീസൺ കഴിയുമ്പോൾ ക്രിക്കറ്റ് മത്സരങ്ങളെത്തും. മൈതാനമധ്യത്തെ പുല്ല് ഉൾപ്പെടെ നീക്കേണ്ടതായും വരും. എങ്കിലും മൈതാനം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്.
മഹാരാജാസ് ഗ്രൗണ്ട് മഹാരാജാസ് കോളജിെൻറ കീഴിലുള്ള ഗ്രൗണ്ട് ഫിഫ നിലവാരത്തില്‍ പുല്‍ത്തകിടി, ഫ്ലഡ്ലൈറ്റ്, ഡ്രസിങ് മുറി എന്നിവക്കൊപ്പം ഗാലറികളും പ്രവേശന കവാടവുമൊക്കെ സ്ഥാപിച്ചാണ് നവീകരിച്ചത്. മൂന്നു കോടിയോളമായിരുന്നു ചെലവ്. മൈതാനത്തെ പുല്ല് നനച്ചു വളർത്താനും വെട്ടിനിർത്താനുമൊക്കെയുള്ള ചെലവ് ബാധ്യതയാകും.
പനമ്പള്ളിനഗര്‍ ഗ്രൗണ്ട് ഫ്ലഡ്ലൈറ്റുകളും ചുറ്റുവേലിയും കെട്ടി മൈതാനം സംരക്ഷിച്ചിട്ടുണ്ട്. ഡ്രസിങ്, വിശ്രമ മുറികള്‍ നവീകരിച്ചു. സ്പോർട്സ് കൗൺസിലിെൻറ ഉടമസ്ഥതയിലുള്ള മൈതാനത്തിനായി ആറു കോടിയോളമാണ് ചെലവിട്ടത്. ഗ്രാസ് റൂട്ട് തലത്തിൽ ഫുട്ബാൾ വികസനത്തിനായി വിവിധ പദ്ധതികൾ കൗൺസിൽ ലക്ഷ്യമിടുന്നതിനാൽ ഗ്രൗണ്ട് മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടേക്കാം.
ഫോര്‍ട്ട്കൊച്ചി, വെളി ഗ്രൗണ്ട് റവന്യൂ വകുപ്പിെൻറ ഉടമസ്ഥതയിലാണ് മൈതാനം. തുറസ്സായി കിടന്നിരുന്ന സ്ഥലം സംരക്ഷണവേലി കെട്ടി മറച്ച് പുല്‍ത്തകിടിയും ഫ്ലഡ്ലൈറ്റുകളും ഡ്രസിങ്, വിശ്രമമുറികളും ഒരുക്കി. രണ്ടരക്കോടിയായിരുന്നു ചെലവ്. കൊച്ചി കോർപറേഷെൻറ കീഴിലുള്ള വെളി മൈതാനം അഞ്ചു കോടിയോളം ചെലവിട്ടാണ് മികച്ച ഗ്രൗണ്ടായി മാറ്റിയെടുത്തത്. ഫിഫ നിലവാരത്തില്‍ പുല്‍ത്തകിടി തയാറാക്കി. ഫ്ലഡ്ലൈറ്റ്, ഡ്രസിങ്, വിശ്രമമുറികള്‍ തയാറാക്കിയിട്ടുണ്ട്. ഇരു മൈതാനങ്ങളുടെയും ഫ്ലഡ്ലൈറ്റ് അറ്റകുറ്റപ്പണിക്കും പുല്ല് നനച്ചു വളർത്തുന്നതിനും വെട്ടിനിർത്തുന്നതിനുമൊക്കെയായി പ്രതിദിനം വൻതുക തന്നെ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.