കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ടീം മാനേജ്മെൻറിനുമെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീൻ. കളിക്കളത്തിലും പുറത്തും ഒട്ടും പ്രഫഷനലല്ലാത്ത താരമാണ് ജിങ്കാൻ. കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ ഉൾപ്പെടെ നിരുത്തരവാദപരമായാണ് മാനേജ്മെൻറ് ഇടപെട്ടത്. സ്വമേധയാ രാജിവെച്ചതല്ലെന്നും പുറത്താക്കാൻ നടത്തിയ കരുനീക്കങ്ങൾക്കൊടുവിൽ പദവി ഒഴിഞ്ഞതാണെന്നും ഫുട്ബാൾ വെബ്സൈറ്റായ ‘ഗോൾ ഡോട്ട് കോമിന്’ നൽകിയ അഭിമുഖത്തിൽ റെനെ ആരോപിക്കുന്നു.
കളി തോൽക്കുമ്പോഴും മദ്യപാനവും പാർട്ടിയുമായിരുന്നു ജിങ്കാെൻറ വിനോദം. ഗോവയോട് 5-2ന് തോറ്റിട്ടും ജിങ്കാൻ നൈറ്റ് പാർട്ടിയിലായിരുന്നു. പുലർച്ചെ നാലുവരെ മദ്യപിച്ചു. ക്യാപ്റ്റനെന്ന നിലയിലെ സമീപനത്തെ പ്രഫഷനൽ എന്ന് വിളിക്കാനാകുമോ? നിർണായകമായ ബംഗളൂരുവിനെതിരായ മത്സരം ജയിക്കാനും താരങ്ങൾക്ക് താൽപര്യമില്ലായിരുന്നു. വഴങ്ങിയ ഗോളുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും. പെനാൽറ്റിക്കായി ഒരിക്കലും അംഗീകരിക്കാനാകാത്ത സാഹചര്യമാണ് ജിങ്കാൻ ഒരുക്കിയത്. മിക്കുവിെൻറ മൂന്നാമത്തെ ഗോളിന് തുറന്ന അവസരമൊരുക്കി. കളി കഴിഞ്ഞ് ഇക്കാര്യം ചർച്ചചെയ്യാൻ സമീപിച്ചപ്പോഴും ജിങ്കാനെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ വലിയ പ്രഫഷനലാണെന്നാണ് ജിങ്കാെൻറ ധാരണ. എന്നാൽ, താനങ്ങനെ കരുതുന്നില്ല. ജിങ്കാൻ ഉൾപ്പെടെ ഏതെങ്കിലും കളിക്കാരുമായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഡ്രസിങ് റൂമിൽ പ്രശ്നങ്ങളുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
പുറത്താവൽ ചിലരുടെ താൽപര്യം പരിശീലക സ്ഥാനത്തുനിന്ന് നീക്കാൻ തക്ക കാര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ടീമിലെ ചിലരുടെ താൽപര്യപ്രകാരമാകണം മാനേജ്മെൻറ് അത്തരമൊരു തീരുമാനമെടുത്തത്. ഏഴ് മത്സരങ്ങളിൽ നാലു സമനില, രണ്ടു തോൽവി, ഒരു ജയം എന്ന നിലയിൽ ടീം ഉടമകളുടെ അഭിപ്രായത്തെ സ്വാധീനിക്കാൻ വളരെ എളുപ്പമാണ്. പരിശീലനം നല്ലതാണോ, അതുകൊണ്ട് ഗുണമുണ്ടോ, കളിക്കാർ നന്നായി പരിശീലനം നടത്തുന്നുണ്ടോ എന്നിങ്ങനെ കാര്യങ്ങൾ കണക്കിലെടുക്കാതെ നിരാശയുടെയോ വികാരത്തിെൻറയോ പുറത്തായിരുന്നു മാനേജ്മെൻറിെൻറ തീരുമാനം.
അട്ടിമറിച്ചത് മാനേജ്മെൻറ് ഒരു ഗോൾകീപ്പർ ഉൾപ്പെടെ നാലു മുതിർന്ന താരങ്ങളും നാലു യുവതാരങ്ങളും എന്നതായിരുന്നു വിദേശ കളിക്കാരുടെ കാര്യത്തിൽ എടുത്ത തീരുമാനം. ഹോൾഡിങ് മിഡ്ഫീൽഡർ എന്നനിലയിൽ കെസിറോൺ കിസിറ്റോയെ യുവതാരങ്ങളിൽ ഉൾപ്പെടുത്തിയെങ്കിലും മാനേജ്മെൻറിന് അതിനോട് താൽപര്യമുണ്ടായിരുന്നില്ല. സീസണിെൻറ ആദ്യം എത്തേണ്ടിയിരുന്ന കിസിറ്റോയെ ജനുവരിയോടെയാണ് ടീമിലെത്തിച്ചത്. ടീം ഉടമ പ്രസാദിനോട് സംസാരിച്ചതിനെ തുടർന്നായിരുന്നു അത്. മാനേജ്മെൻറിൽ നടക്കുന്ന പല കാര്യങ്ങളും ഉടമകൾ അറിയുന്നില്ലെന്ന് പ്രസാദിനോട് സംസാരിച്ചപ്പോൾ ബോധ്യപ്പെട്ടു. കിസിറ്റോയുടെ പ്രകടനം എങ്ങനെയെന്ന് എല്ലാവരും ഇപ്പോൾ മനസ്സിലാക്കുന്നു. സിഫ്നിയോസ്, പെകൂസൺ എന്നീ യുവതാരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വെസ് ബ്രൗൺ ആദ്യ മത്സരങ്ങളിലേക്ക് ഫിറ്റ് അല്ലായിരുന്നു. റിനോ, വിനീത്, ബെർബറ്റോവ് എന്നിവർക്ക് പരിക്ക്. പ്രീ സീസണിൽ ഹ്യൂമും പരിക്കിലായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ പൂർണസമയം കളിക്കാൻ അദ്ദേഹം പ്രാപ്തനല്ലായിരുന്നു.
ജിങ്കാന് ആരാധക പിന്തുണ റെനെയുടെ ആരോപണങ്ങളെ തള്ളി നായകന് ഉറച്ച പിന്തുണ നൽകി ആരാധകർ. സമൂഹ മാധ്യമങ്ങളിലും ബ്ലാസ്റ്റേഴ്സ് എഫ്.ബി പേജിലും അവർ ക്യാപ്റ്റന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഞായറാഴ്ച എഫ്.സി ഗോവക്കെതിരായ മത്സരത്തിനിടെ ജിങ്കാെൻറ ചിത്രം പതിച്ച കൂറ്റൻ ബാനറുകളുമായാണ് അവർ ഗാലറിയിലെത്തിയത്. റെനെയുടേത് നിലനിൽപിനുള്ള തന്ത്രമാണെന്ന വാദവും സജീവമാണ്. സ്വതന്ത്ര പരിശീലകനെന്ന നിലയിൽ മികവൊന്നും അവകാശപ്പെടാനില്ലാത്ത റെനെക്ക് ഐ.എസ്.എൽ പോലൊരു ടൂർണമെൻറിൽനിന്ന് പുറത്താക്കപ്പെട്ടവനെന്നത് പേരുദോഷമാവും. ഭാവിയിൽ ഏതെങ്കിലും ടീമിെൻറ പരിശീലകനാകാനുള്ള സാധ്യതക്കുപോലും അത് മങ്ങലേൽപിച്ചേക്കാം. ഇക്കാര്യം നന്നായി അറിയാവുന്ന റെനെ മുൻകരുതലെന്നോണം ഉയർത്തിവിടുന്നതാണ് ആരോപണങ്ങളെന്നാണ് ഫുട്ബാൾ പ്രേമികൾ ഉൾപ്പെടെ വാദിക്കുന്നത്. എന്നാൽ, സ്വതന്ത്രമായി തീരുമാനമെടുക്കാൻപോലും റെനെക്ക് ഇട നൽകാത്തവിധം മാനേജ്മെൻറ് നടത്തിയ ഇടപെടലാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് മറുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.