കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് കളി മാറ്റുന്നു. മധ്യനിര ശക്തിപ്പെടുത്താനും ഗോളടിച്ചുകൂട്ടാൻ പ്രാപ്തരുമായ കളിക്കാരെ നിരയിലെത്തിക്കാനുമാണ് പരിശീലകൻ ഡേവിഡ് ജയിംസിെൻറ ശ്രമം. പരിക്കേറ്റവർക്കുപകരം പുതിയ താരങ്ങൾ ടീമിലെത്തും. അവസാന അടവ് പയറ്റുന്ന കോച്ചിന് പിന്തുണയുമായി ടീം മാനേജ്മെൻറും രംഗത്തെത്തിയതോടെ ഇൗ മാസത്തെ ട്രാൻസ്ഫർ വിൻഡോ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
ബ്ലാസ്റ്റേഴ്സിന് ആദ്യ സീസണിൽ കളിച്ച സ്പാനിഷ് താരം വിക്ടർ ഫൊർക്കാഡ എന്ന പുൾഗ, മുൻ ബ്രസീൽ സ്ട്രൈക്കർ നിൽമർ എന്നിവരാണ് ടീമിനൊപ്പം ചേരുന്ന വിദേശതാരങ്ങൾ. ഇരുവരും കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ പുൾഗ ഗാലറിയിലുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി എത്രയുംവേഗം കളത്തിലിറങ്ങുമെന്ന കുറിപ്പുകൾ താരം ഫേസ്ബുക്ക് പേജിലും ചേർത്തിട്ടുണ്ട്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ വിശ്വസ്തനായിരുന്നു പുൾഗ. കളി മെനയുന്നതിൽ ഇയാൻ ഹ്യൂമിനൊപ്പമുള്ള ഒത്തിണക്കവും ഡേവിഡ് ജയിംസിനുള്ള താൽപര്യവുമാണ് പുൾഗക്ക് വീണ്ടും വഴിതുറക്കുന്നത്.
ഡേവിഡ് ജയിംസിെൻറ താൽപര്യപ്രകാരംതന്നെയാണ് നിൽമറും ടീമിലെത്തുന്നത്. നിലവിൽ യു.എ.ഇ ക്ലബ് അൽ നാസറിനുവേണ്ടിയാണ് നിൽമർ കളിക്കുന്നത്. ക്ലബിൽ 26 മത്സരത്തിൽ 11 ഗോളും ദേശീയ കുപ്പായത്തിൽ 24 മത്സരത്തിൽ നാല് ഗോളും നേടിയിട്ടുണ്ട്. മാർക്ക് സിഫ്നിയോസിന് പകരം ഐസ്ലൻഡ് സ്ട്രൈക്കർ ഗുഡ്ജോൺ ബാൾവിൻസൺ ഡൽഹിക്കെതിരെ അരങ്ങേറിയിരുന്നു.
അനുവദനീയമായ എട്ട് വിദേശതാരങ്ങൾ ടീമിലുണ്ട്. അതിനാൽ രണ്ടുപേരെ റിലീസ് ചെയ്താെല പുതിയ താരങ്ങളെ എടുക്കാനാകൂ. പരിക്കേറ്റ് പുറത്തിരിക്കുന്ന ബെർബറ്റോവ്, കെസിറോൺ കിസിറ്റോ എന്നിവരെ റിലീസ് ചെയ്യാനാണ് സാധ്യത. അതേസമയം, ഏഴര കോടി നൽകിയ ബെർബക്കുപകരം പരിക്കേറ്റ നെമാഞ്ച പെസിച്ചിനെ റിലീസ് ചെയ്യാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
റിനോ ആേൻറായുടെ നിരന്തര പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന ഗുർവീന്ദർ സിങ്ങിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഈസ്റ്റ് ബംഗാൾ നിരാകരിച്ചിരുന്നു. ഐ.എസ്.എൽ കിരീട ലക്ഷ്യത്തിനൊപ്പം സൂപ്പർ കപ്പ് പ്രവേശന സാധ്യതകളും കണക്കുകൂട്ടിയാണ് ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.