ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് താരങ്ങളെ ടീമിലെത്തിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ഫ്രാഞ്ചൈസികൾ രംഗത്ത്. മിന്നും താരങ്ങളെ വിദേശ ക്ലബുകളുടെ സ്കൗട്ടുകൾ നോട്ടമിട്ടതിനുപിന്നാലെയാണ് ഐ.എസ്.എല്ലിലെ വിവിധ ടീമുകൾ ഇവരെ സമീപിച്ചിരിക്കുന്നത്. വൻ തുക മുടക്കി താരങ്ങളെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഐ ലീഗിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടീമായ പൈലാൻ ആരോസിനായി ലോകകപ്പ് കളിച്ച 12 പേരെ തെരഞ്ഞെടുത്തത് ഇവരുടെ ഐ.എസ്.എൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. ഗോൾവലക്ക് മുന്നിലെ മികച്ച പ്രകടനംകൊണ്ട് വിദേശ ക്ലബുകളുടെപോലും പ്രശംസ പിടിച്ചുപറ്റിയ ധീരജ് സിങ് മൊയ്റാങ്തെം, മിഡ് ഫീൽഡർ സുരേഷ് സിങ് വാങ്ജാം, ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടിയ ജീക്സൺ സിങ്, ക്യാപ്റ്റൻ അമർജിത്ത് സിങ്, കോമൾ തട്ടാൽ, മലയാളി താരം കെ.പി. രാഹുൽ എന്നിവർക്കായാണ് വിവിധ ഫ്രാഞ്ചൈസികൾ രംഗത്തുള്ളത്. ലോകകപ്പ് ടീമിൽ ഇടം നേടാതെ പോയ ഡിഫൻഡർ മുഹമ്മദ് റകിബിനായും ടീമുകൾ രംഗത്തുണ്ട്.
ഐ ലീഗിൽ കളിക്കാൻ പ്രതിവർഷം ആറ് ലക്ഷം രൂപയാണ് താരങ്ങൾക്ക് ഫെഡറേഷൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിെൻറ രണ്ടും മൂന്നും ഇരട്ടിയാണ് ഐ.എസ്.എൽ ഫ്രാഞ്ചൈസികളുടെ വാഗ്ദാനം. ധീരജാണ് താരങ്ങളിലെ താരം. വൻ തുകയാണ് ഓഫർ. റാകിബിന് പ്രതിവർഷം 18 ലക്ഷവും മറ്റ് താരങ്ങൾക്ക് 15 ലക്ഷവും വാഗ്ദാനം ചെയ്ത ബ്ലാസ്റ്റേഴ്സാണ് ഫ്രാഞ്ചൈസികളിൽ മുന്നിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഫെഡറേഷൻ നൽകുന്ന പ്രതിഫലത്തിൽ പല താരങ്ങളും തൃപ്തരല്ല. ഐ.എസ്.എൽ പോലുള്ള സാധ്യതകളെ പലരും ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ, ഫെഡറേഷനുമായുള്ള കരാറാണ് വെല്ലുവിളി. ജനറൽ സെക്രട്ടറിയുടെ അനുമതിയില്ലാതെ അഞ്ചു വർഷത്തേക്ക് ഏതെങ്കിലും ക്ലബുമായോ ഏജൻറുമാരുമായോ കരാറിൽ ഏർപ്പെടാൻ താരങ്ങൾക്കാവില്ല. ഫെഡറേഷെൻറ അനുമതി കാക്കുകയാണ് താരങ്ങളിൽ പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.