കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കലിപ്പടക്കി കപ്പടിക്കാൻ കച്ചകെട്ടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലകൻ കൈവിട്ടു. ടൂർണമെൻറിൽ താളംകിട്ടാതെ ടീം ഉഴലുന്നതിനിടെയാണ് റെനെ മ്യൂലെൻസ്റ്റീൻ സ്ഥാനമൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണം. മാനേജ്മെൻറുമായി ചേർന്നെടുത്ത തീരുമാനമെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. അതേസമയം, വൻ പരാജയവും കളിക്കാരെ വിന്യസിക്കുന്നതും സംബന്ധിച്ച് റെനെക്കും മാനേജ്മെൻറിനുമിടയിലുണ്ടായ അഭിപ്രായഭിന്നത രൂക്ഷമായതാണ് രാജിയിലെത്തിച്ചതെന്നാണ് സൂചന.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സഹപരിശീലകനായിരുന്നു റെനെ. അലക്സ് ഫെർഗൂസൻ പ്രധാന പരിശീലകനായിരിക്കെ 12 വർഷം റെനെ കൂടെയുണ്ടായിരുന്നു. തുടർന്ന് ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ പരിശീലക സ്ഥാനമേറ്റെടുത്തു. ഇന്ത്യൻ താരങ്ങളെയും വിദേശതാരങ്ങളെയും ടീമിലേക്ക് തിരഞ്ഞെടുത്തതും സ്പെയിനിലെ വിദേശ പരിശീലനം ഉൾപ്പെടെ നിയന്ത്രിച്ചതും തീരുമാനിച്ചതും റെനെയുടെ നിർദേശപ്രകാരമായിരുന്നു. മാഞ്ചസ്റ്റർ ജഴ്സിയിൽ കളിച്ചിട്ടുള്ള ബെർബറ്റോവ്, വെസ് ബ്രൗൺ എന്നിവരെ ബ്ലാസ്റ്റേഴ്സ് നിരയിലെത്തിച്ചതും റെനെയായിരുന്നു. ടീം ഫോർമേഷനിലും പരിശീലനത്തിലുമെല്ലാം മാഞ്ചസ്റ്റർ ശൈലി പിന്തുടരാനായിരുന്നു ശ്രമം. ക്ലീൻ ഷീറ്റിനൊപ്പം താരങ്ങൾക്ക് പരിക്കേൽക്കാതെ ടീമിനെ ടൂർണമെൻറ് ഫൈനലിലെത്തിക്കുക എന്നതാണ് നയമെന്ന് പലകുറി ആവർത്തിച്ചെങ്കിലും കളിക്കളത്തിൽ അതൊന്നും കണ്ടില്ല.
നടുവൊടിഞ്ഞ മധ്യനിരയും മുനയില്ലാത്ത ആക്രമണങ്ങൾക്കുമിടെ ഓരോ മത്സരത്തിലും പരീക്ഷണങ്ങൾ നടത്തുകയായിരുന്നു റെനെ. അതെല്ലാം അമ്പേ പാളി. ഗോൾ പിറക്കാത്ത വിരസമായ കളിയും വൻ തോൽവിയുമായപ്പോൾ വിമർശനങ്ങൾ ഏറിവന്നു. ഇയാന്‍ ഹ്യൂമിനെ ആദ്യ മത്സരത്തില്‍ പകരക്കാരനാക്കിയതോടെയാണ് റെനെയും മാനേജ്മെൻറും തമ്മില്‍ ആദ്യം ഇടയുന്നത്. ഗോവക്കെതിരെ 5-2ന് തോറ്റതോടെ ഭിന്നത രൂക്ഷമായി. ഹോംഗ്രൗണ്ടിൽ ബംഗളൂരുവിനെതിരായ തോൽവിയോടെ ആരാധകരും കൈവിട്ടതോടെ മാനേജ്മെൻറ് പൊട്ടിത്തെറിക്കുകയായിരുന്നു. സഹികെട്ട് റെനെയോട് രാജി എഴുതിവാങ്ങിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ബംഗളൂരു എഫ്.സിക്കെതിരെ 1-3നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. തലേദിവസം പരിശീലനത്തിനിറങ്ങിയ ബെർബറ്റോവിനും മികച്ച ഫോമിൽ പന്തുതട്ടിയിരുന്ന സി.കെ. വിനീതിനും ഇടംകൊടുക്കാതെ വൻപരാജയം ഇരന്നുവാങ്ങുകയായിരുന്നു. സീസണിൽ ഏഴ് മത്സരങ്ങളിൽ ഒന്നു മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പത്തംഗ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ടീമിെൻറ സ്ഥാനം. വ്യാഴാഴ്ച പുണെ സിറ്റിയെ നേരിടുന്ന ടീമിനെ സഹപരിശീലകൻ താങ്ബോയ് സിങ്തോയായിരിക്കും പരിശീലിപ്പിക്കുക.
2015നു സമാനമാണ് ബ്ലാസ്റ്റേഴ്സിെൻറ ഇപ്പോഴത്തെ സ്ഥിതി. ഇംഗ്ലണ്ട് അണ്ടർ 20 ടീം കോച്ചായിരുന്ന പീറ്റർ ടെയ്്ലറിനെയാണ് അന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് നിയമിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചശേഷം തുടർച്ചയായ നാല് തോൽവികളിൽ ബ്ലാസ്റ്റേഴ്സ് കൂപ്പുകുത്തിയപ്പോഴാണ് പീറ്റർ ടെയ്്ലറുടെ സ്ഥാനം തെറിച്ചത്. അസിസ്റ്റൻറ് കോച്ച് ട്രെവൻ മോർഗനായിരുന്നു അടുത്ത മത്സരത്തിൽ കോച്ചിെൻറ താൽക്കാലിക ചുമതല. തുടർന്ന് ബ്ലാസ്റ്റേഴ്സ് ഗ്രാസ്റൂട്ട് പരിശീലകനായിരുന്ന ടെറി ഫെലാനെ പരിശീലക സ്ഥാനത്തേക്ക് അവരോധിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിെൻറ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. രണ്ടാം സീസണിൽ അവസാനസ്ഥാനക്കാരായി ടൂർണമെൻറ് അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.