കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഹോംഗ്രൗണ്ടിലെ അവസാന മത്സരം ഫൈനൽ പോലെയാണ്. തോറ്റാൽ പുറത്തേക്ക്. ജയിച്ചാൽ മറ്റു ടീമുകളുടെ ജയപരാജയങ്ങൾക്കായി കാത്തിരിക്കാമെങ്കിലും ആയുസ്സ് നീട്ടിയെടുക്കാം. പ്ലേഓഫ് സാധ്യതകളുടെ അവസാന തുരുത്തിൽനിന്നാണ് ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച രാത്രി എട്ടിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയെ നേരിടുന്നത്.
കണക്കിെൻറ കളി
അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. എ.ടി.കെക്കെതിരായ സമനിലയും എഫ്.സി ഗോവക്കെതിരായ തോൽവിയുമാണ് അവസാന നാലിലേക്കുള്ള ടീമിെൻറ വഴിയിൽ മുള്ളുകളായത്. 16 കളികളിൽനിന്ന് 24 പോയൻറുമായി പട്ടികയിൽ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 16 കളികളിൽനിന്ന് 26 പോയൻറുള്ള ജാംഷഡ്പുരാണ് മുന്നിലുള്ളത്. 15 കളികളിൽനിന്ന് 21 പോയൻറുള്ള എഫ്.സി ഗോവ വെല്ലുവിളികളുമായി പിന്നിലുമുണ്ട്. തോറ്റാൽ കപ്പടിക്കാനും കലിപ്പടക്കാനും അടുത്ത സീസൺ വരെ കാക്കണം. ജയിച്ചാൽ ജാംഷഡ്പുർ, എഫ്.സി ഗോവ ടീമുകളുടെ പരാജയത്തിനായി പ്രാർഥിക്കണം. മാർച്ച് ഒന്നിന് ബംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അവസാന മത്സരം. അതേസമയം, 16 കളികളിൽനിന്ന് 28 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈയിൻ. ജയിച്ചാൽ അവസാന നാലിലൊന്നാവും. 16 കളികളിൽനിന്ന് 34 പോയൻറുള്ള ബംഗളൂരു എഫ്.സി മാത്രമാണ് സെമി യോഗ്യത നേടിയത്.
അനിവാര്യ ജയം തേടി
കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായി എന്ന ആത്മവിശ്വാസമാണ് ചെന്നൈയിനെതിരെ പടക്കിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിെൻറ കൈമുതൽ. അതേസമയം, ഹോംഗ്രൗണ്ടിലാണെങ്കിലും നിർണായക മത്സരമെന്ന സമ്മർദം ബ്ലാസ്റ്റേഴ്സിനെ കീഴ്പ്പെടുത്തിയേക്കാം. ഗാലറി നിറഞ്ഞെത്തുന്ന മഞ്ഞക്കൂട്ടം ഒരിക്കൽകൂടി തങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചേക്കുമെന്നാണ് ടീമിെൻറ പ്രതീക്ഷ. പരിക്കിൽനിന്നും ടീം ഏറക്കുറെ മുക്തമായിട്ടുണ്ട്. എങ്കിലും ഇയാൻ ഹ്യൂമിെൻറ അഭാവം മുന്നേറ്റനിരയെ ബാധിക്കുമെന്നുറപ്പ്. സ്ട്രൈക്കർ പൊസിഷനിലേക്ക് ആരെ പരിഗണിക്കുമെന്നത് കോച്ചിന് വെല്ലുവിളിയാകും. ഹ്യൂമിന് പകരമെത്തിയ വിക്ടർ പുൾഗ മധ്യനിരയിൽ പ്ലേമേക്കറുടെ റോളിലാകും കളിക്കുക. ഗുഡ്യോൺ ബാൽഡ്്വിൻസണോ ദിമിതർ ബെർബറ്റോവോ മുന്നേറ്റ നിരയിലെത്തിയേക്കാം. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽനിന്ന് വലിയ മാറ്റങ്ങളുണ്ടായേക്കില്ല.
അവസാന അഞ്ച് കളികളില്‍ രണ്ടുവീതം ജയവും സമനിലയും ഒരു തോല്‍വിയുമായാണ് ചെന്നൈ കൊച്ചിയിലെത്തുന്നത്. അവസാന മത്സരത്തില്‍ ജാംഷഡ്പുരിനെതിരെയായിരുന്നു 1-1 സമനില. ജെജെ ലാൽപെഖ്ലുവയാണ് ചെന്നൈയിന് മുന്നേറ്റത്തിെൻറ കുന്തമുന. റാഫേല്‍ അഗസ്റ്റുസോ, മെയില്‍സണ്‍ ആല്‍വസ്, ഹെൻറിക് സെറേനോ, ഇനിഗോ കാള്‍ഡൺ, ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസ് എന്നിങ്ങനെ മികച്ച താരനിരയാണ് ചെന്നൈയിനിെൻറ ശക്തി. ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.