കോഴിക്കോട്: ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾവലക്കു മുന്നിലും മാഞ്ചസ്റ്റർ യുനൈറ്റഡ് ടച്ച്. മുൻ ഇംഗ്ലണ്ട് യൂത്ത് ടീം ഗോളി കൂടിയായ പോൾ റചൂബ്ക്കയെയാണ് കോച്ച് റെനെ മ്യൂലൻസ്റ്റീൻ മഞ്ഞക്കുപ്പായക്കാരുടെ ഗോൾവല കാക്കാനായി എത്തിച്ചത്. 17 വർഷം കൊണ്ട് 18 ക്ലബുകളുടെ ജഴ്സിയണിഞ്ഞ 36കാരനെ ടീമിലെടുത്ത തീരുമാനത്തോട് ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. ശ്രദ്ധേയമായ നേട്ടങ്ങളൊന്നുമില്ലാത്ത ഗോൾകീപ്പറുടെ കരാർ മ്യൂലൻസ്റ്റീെൻറ പിഴച്ച തീരുമാനമായെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം.
മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് ടീമിൽ കരിയർ തുടങ്ങിയ റചൂബ്ക്ക, 2000-02 സീസണിലാണ് സീനിയർ ടീമിലെത്തുന്നത്. ഒരു കളിയിൽ മാത്രമേ യുനൈറ്റഡ് ജഴ്സി അണിയാൻ കഴിഞ്ഞുള്ളൂ. തുടർന്ന് നിരവധി ക്ലബുകൾ. 2004ൽ മാത്രം നാല് ക്ലബുകളുടെ ജഴ്സിയണിഞ്ഞു. 2007 മുതൽ 2011 വരെ ബ്ലാക്പൂളിൽ കളിച്ചതു മാത്രമാണ് ദൈർഘ്യമേറിയ കരിയർ. ഒരു സീസണിൽ ക്ലബിെൻറ മികച്ച താരവുമായി. ഇംഗ്ലീഷ് മൂന്നാം ഡിവിഷൻ ക്ലബ് ബറി എഫ്.സിയിൽനിന്നാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തുന്നത്.
യുവതാരങ്ങൾക്കാവും മുൻതൂക്കമെന്ന മ്യൂലൻസ്റ്റീെൻറ വാഗ്ദാനത്തിന് വിരുദ്ധമാണ് റചൂബ്ക്കയുടെ വരവെന്നാണ് പ്രധാന വിമർശനം.
മുൻ മാഞ്ചസ്റ്റർ താരം വെസ്ബ്രൗൺ, ഘാന യൂത്ത് ടീമംഗം കറേജ് പെകൂസൻ, സെർബിയൻ താരം നെമാഞ്ച പെസിച്, ഇയാൻ ഹ്യൂം എന്നീ വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇതിനകം സ്വന്തമാക്കി. മുൻനിരയിൽ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ദിമിതർ ബെർബറ്റോവിനായുള്ള ശ്രമവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.