കൊച്ചി: കേരളം കാത്തിരിക്കുന്ന ഫുട്ബാൾ ആഘോഷത്തിന് ടിക്കറ്റെടുത്ത് തയാറെടുക്കാം. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപനക്ക് കേരള ബ്ലാസ്റ്റേഴ്സ് തുടക്കമിട്ടു. മുന്‍കൂർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇൗമാസം 24 വരെ വാങ്ങുന്ന ടിക്കറ്റിന് 199 രൂപയാണ് കുറഞ്ഞ നിരക്ക് (സൗത്ത്, നോര്‍ത്ത് ഗാലറി).
ഈസ്റ്റ്, വെസ്റ്റ് ഗാലറി ടിക്കറ്റിന് 249 രൂപ. എ, ഇ,സി ബ്ലോക്കുകൾക്ക് 449, ബി, ഡി ബ്ലോക്കുകൾക്ക് 349 എന്നിങ്ങനെയാണ് വില. 1250 രൂപയാണ് വി.ഐ.പി ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ 24നുമുമ്പ് പ്രത്യേക നിരക്കിൽ ഓണ്‍ലൈനിൽ വാങ്ങാം. പേടിഎം, ഇന്സൈഡര്ഇന് എന്നിവ വഴിയാണ് വില്പന. 24നുശേഷം സാധാരണ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കും. അതേസമയം, നിരക്കിൽ കാര്യമായ വര്‍ധനവ് ഉണ്ടാവില്ലെന്നാണ് സൂചന. ഓണ്‍ലൈൻ ടിക്കറ്റുകള്‍ മാറ്റാൻ ഇത്തവണ ആരാധകര്‍ക്ക് വരിനില്‍ക്കേണ്ടി വരില്ല. ഇ-ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ സ്കാന്‍ ചെയ്ത് പ്രവേശിക്കാം.
ഗാലറി ഒഴിച്ചുള്ള ടിക്കറ്റുകളില്‍ കഴിഞ്ഞ സീസണിനേക്കാള്‍ കാര്യമായ നിരക്ക് കുറവുണ്ട്. മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയായിരുന്നു നാലാം സീസണിലെ ടിക്കറ്റ് വില്പന. ഗാലറി ടിക്കറ്റിന് 200-240 രൂപ, ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 400-500, എ, സി, ഇ ബ്ലോക്കിന് 650-700, വി.ഐ.പി ബോക്സ് 2500-3500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍. അതേസമയം, കഴിഞ്ഞ രണ്ട് സീസണുകളിലായി ആരാധകര്‍ ഉന്നയിക്കുന്ന സീസണ് ടിക്കറ്റെന്ന ആവശ്യം ഇത്തവണയും ടീം മാനേജ്മെൻറ് പരിഗണിച്ചില്ല.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്കി എറണാകുളം ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മത്സരങ്ങൾക്കിടയിൽ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തർ, മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് എന്നിവർ പങ്കെടുത്തു. ഒക്ടോബര്‍ അഞ്ചിന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഹോം മത്സരം. സെപ്റ്റംബര്‍ 29ന് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.