ആവേശ സെമിയിൽ മും​ബൈക്കെതിരെ കൊൽക്കത്തക്ക്​ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ലോകതാരം മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍െറ ചുവപ്പുകാര്‍ഡും കൊല്‍ക്കത്ത ഗോളടിയന്ത്രം ഇയാന്‍ ഹ്യൂമിന്‍െറ ഇരട്ട ഗോളും ഒടുവില്‍ ലീഗ് റൗണ്ടിലെ ഒന്നാം നമ്പറുകാര്‍ക്ക് 3-2ന്‍െറ വമ്പന്‍ തോല്‍വിയും. കാര്‍ഡ് കളിയും ഗോളുത്സവവും കൊണ്ട് സംഭവ ബഹുലമായ ആദ്യ സെമിയിലെ ഒന്നാംപാദം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ജൈത്രയാത്ര. രബീന്ദ്ര സരോബാര്‍ സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്കുമുന്നില്‍ കൊല്‍ക്കത്ത തകര്‍ത്താടിയപ്പോള്‍, ഇതുവരെ കടിഞ്ഞാണില്ലാതെ കുതിച്ച മുംബൈ തരിപ്പണമായി. കളിയുടെ മൂന്നാം മിനിറ്റില്‍ ഗോളടി തുടങ്ങിയ കൊല്‍ക്കത്തക്ക് മുംബൈ അതേ നാണയത്തില്‍ മറുപടിനല്‍കിയെങ്കിലും ആതിഥേയരുടെ ആവേശം തണുപ്പിക്കാനായില്ല.

മൂന്നാം മിനിറ്റില്‍ കോര്‍ണര്‍കിക്കിലൂടെയത്തെിയ പന്ത് വഴിതെറ്റിയപ്പോള്‍ ബോര്‍യ ഫെര്‍ണാണ്ടസിന്‍െറ ലോങ് ബാളായിരുന്നു ഗോളിലേക്ക് വഴിതുറന്നത്. ബോക്സിനുള്ളില്‍ ലാല്‍റന്‍ഡിക റാല്‍തെയുടെ ഹെഡറിലൂടെ പന്ത് ഗോളായി മാറി. പക്ഷേ, 10ാം മിനിറ്റില്‍ മുംബൈ തിരിച്ചടിച്ചു. ഫോര്‍ലാന്‍െറ ഫ്രീകിക്ക് ഹെഡറിലൂടെ ലിയോ കോസ്റ്റ ഗോളാക്കി 1-1ന് സമനിലയാക്കി. വീണ്ടും പോരാട്ടം, 19ാം മനിറ്റില്‍ കൊല്‍ക്കത്തയെ വിറപ്പിച്ച് മുംബൈയുടെ ലീഡ്. ഫോര്‍ലാന്‍െറ ഫ്രീകിക്ക്, ഹെഡറിലൂടെ ജേഴ്സന്‍ വിയേര വലയിലാക്കി. തിരിച്ചടിയില്‍ ഒരുനിമിഷം അടിപതറിയെങ്കിലും കൊല്‍ക്കത്ത സമനില വീണ്ടെടുത്തു.

ഇയാന്‍ ഹ്യൂമും സമീഗ് ദൗതീയും ചേര്‍ന്ന് നടത്തിയ പടയോട്ടത്തിന് ഫലം കണ്ടു. 39ാം മിനിറ്റില്‍ ചാട്ടുളിപോലുള്ള നീക്കം. മുംബൈ ഗോളി അമരീന്ദറില്‍നിന്ന് തട്ടിത്തെറിച്ച പന്ത്, ഹ്യൂം അടിച്ചുകയറ്റിയതോടെ ആതിഥേയര്‍ തിരിച്ചത്തെി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കൊല്‍ക്കത്തയുടെ വിജയം കുറിച്ച പെനാല്‍റ്റി ഗോള്‍ പിറന്നത്. റാല്‍തെയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഹ്യൂം ഗോളാക്കി മാറ്റി 3-2.

രണ്ടാം പകുതിയിലും കൊല്‍ക്കത്ത ആക്രമണം കുറച്ചില്ല. ഒപ്പം, ഫോര്‍ലാനെയും ഛേത്രിയെയും വരിഞ്ഞുകെട്ടുകയും ചെയ്തു. ഇതിനിടെ, 52ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഫോര്‍ലാന്‍ 74ാം മിനിറ്റില്‍ അനാവശ്യമായ ഫൗളിലൂടെ വീണ്ടും മഞ്ഞ കണ്ടതോടെ, മാര്‍ച്ചിങ് ഓര്‍ഡറായി. തോല്‍വി ഭാരത്തിനൊപ്പം, 13ന് മുംബൈയില്‍ നടക്കുന്ന രണ്ടാംപാദ സെമിയും ഫോര്‍ലാന് നഷ്ടം.

Tags:    
News Summary - isl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.