ഗുവാഹതി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ സെമി സ്വപ്നങ്ങള്‍ കഠിനമാക്കി ഗുവാഹതിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. കരുത്തരായ ഡല്‍ഹി ഡൈനാമോസിനെ 2-1ന് തരിപ്പണമാക്കിയ വടക്കുകിഴക്കന്‍ സംഘം ഡിസംബര്‍ നാലിന് കൊച്ചിയിലെ പോരാട്ടം നിര്‍ണായകമാക്കി. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവര്‍ക്കു പിന്നാലെ സെമിയിലിടം നേടുന്ന നാലാമത്തെ ടീം ആരെന്നറിയാന്‍ കൊച്ചിവരെ കാത്തിരിക്കണം. ജയമോ സമനിലയോ നേടിയാല്‍ കേരള ബ്ളാസ്റ്റേഴ്സിന് സെമിയില്‍ കടക്കാം. മഞ്ഞപ്പട തോറ്റാല്‍, നോര്‍ത്ത് ഈസ്റ്റ് ആദ്യമായി സെമിയില്‍ ഇടം പിടിക്കും.
ഡല്‍ഹിക്കെതിരായ ജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് 18 പോയന്‍റായി. ചൊവ്വാഴ്ച അത്ലറ്റികോ കൊല്‍ക്കത്തയോട് സമനില വഴങ്ങിയ ബ്ളാസ്റ്റേഴ്സ് 19 പോയന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും. രണ്ടും കല്‍പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങിയത്. റിച്ചാര്‍ഡ് ഗാഡ്സെ, മാഴ്സലീന്യോ, ഫ്ളോറന്‍റ് മലൂദ എന്നിവരടങ്ങിയ ഡല്‍ഹി ആക്രമണത്തെ ഗൗനിക്കാതെയുള്ള വിങ്ങ് അറ്റാക്കുകള്‍. ഇതിനിടയില്‍ പത്താം മിനിറ്റില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നികോളസ് വെലസ് പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായെങ്കിലും ആര്‍ത്തുവിളിച്ച സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ അവര്‍ എല്ലാം മറന്ന് കളിച്ചു. ഇതിന് ഫലവും കണ്ടു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൈതാനത്തെ മൂന്ന് ഗോളും പിറന്നത്. 60ാം മിനിറ്റില്‍ ഡല്‍ഹി പ്രതിരോധത്തെ വെറും കാഴ്ചക്കാരാക്കി സെയ്ത്യസെന്‍ സിങ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലത്തെിച്ചു. കെട്ടുപൊട്ടിയ ഡല്‍ഹി പ്രതിരോധത്തെ വീണ്ടും പരിഹസിച്ചുകൊണ്ടായിരുന്നു രണ്ടാം ഗോള്‍. 71ാം മിനിറ്റില്‍ റോബര്‍ട് കുളന്‍ നല്‍കിയ ക്രോസില്‍ റോമറിക് സ്കോര്‍ ചെയ്തു.
ടൂര്‍ണമെന്‍റിലുടനീളം തകര്‍പ്പന്‍ മുന്നേറ്റവും ശക്തമായ പ്രതിരോധവുമായി കളം നിറഞ്ഞ ഡല്‍ഹി കളിമറന്ന് നിരന്തരം ഉഴപ്പിയപ്പോള്‍ ഇരന്നു വാങ്ങിയ തോല്‍വിയായിരുന്നു ഇത്. ഇതിനിടെ മാഴ്സലീന്യോയും കീന്‍ ലൂയിസും നടത്തിയ മുന്നേറ്റങ്ങളെ നോര്‍ത്ത് ഈസ്റ്റിന്‍െറ മലയാളി ഗോളി ടി.പി. രഹനേഷ് തട്ടിയകറ്റി. രണ്ടാം മിനിറ്റില്‍ തന്നെ ഗാഡ്സെയുടെ ഉജ്ജ്വല ഷോട്ട് രക്ഷപ്പെടുത്തിയാണ് രഹനേഷ് സീസണിലെ രണ്ടാം കളി തുടങ്ങിയത്. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ മാഴ്സലീന്യോയുടെ വകയായിരുന്നു ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ പിറന്നത്.
കഴിഞ്ഞ തവണ ഗോവയെ 5-1ന് തകര്‍ത്തവര്‍ നിര്‍ണായക പോരാട്ടത്തില്‍ നാണംകെട്ട് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.