തിരുവനന്തപുരം: കൊച്ചിയിൽ ഫുട്ബാളോ ക്രിക്കറ്റോ എന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബ് (ഗ്രീൻഫീൽഡ്) വേദിയാകും. കായികമന്ത്രി എ.സി. മൊയ്തീനുമായുള്ള ചര്‍ച്ചക്കൊടുവിലാണ് മത്സരം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മനസ്സില്ലാമനസ്സോടെ സമ്മതംമൂളിയത്.
സർക്കാറുമായി ഏറ്റുമുട്ടാൻ കെ.സി.എ ഇല്ലെന്നും മന്ത്രിയുടെ അഭ്യർഥന മാനിച്ചാണു ഗ്രീൻഫീൽഡിൽ മത്സരം നടത്തുന്നതെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അടുത്ത മാർച്ചിൽ കേരളത്തിന് ലഭിക്കുന്ന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തുമെന്നും അതിനുള്ള അംഗീകാരം സർക്കാറിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ജയേഷ് അറിയിച്ചു.
വേദി സംബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഫിഫ അംഗീകാരമുള്ള കൊച്ചി സ്റ്റേഡിയം സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, സ്ഥിരമായി ഫുട്ബാൾ മത്സരത്തിന് മാത്രം കൊച്ചി വേദിയാക്കണമെന്ന അഭിപ്രായം സർക്കാറിനില്ല. വരുംകാല ക്രിക്കറ്റ് മത്സരങ്ങൾ കൂടി കൊച്ചിയിൽ നടത്തണം. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായുള്ള ആവശ്യം കെ.സി.എ നൽകിയിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഏകദിന പരമ്പരയിലെ ഒരു മത്സരം കേരളത്തിന് അനുവദിച്ചത്. ബി.സി.സി.ഐയുടെ ചാർട്ടിൽ തിരുവനന്തപുരം സ്പോർട്സ് ഹബ്ബായിരുന്നു വേദി. എന്നാൽ, കെ.സി.എ മത്സരം കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ഭാഗമായി 25 കോടി മുടക്കി തയാറാക്കിയ കലൂർ സ്റ്റേഡിയത്തിലെ ഫുട്ബാൾ ടർഫ് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിപ്പൊളിക്കുന്നതിനെതിരെ ഫുട്ബാൾ പ്രേമികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
സചിന് കളിക്കാനല്ലാതെ വിക്കറ്റ് തയാറാക്കാൻ അറിയില്ല –കെ.സി.എ
തിരുവനന്തപുരം: കൊച്ചിയിൽ ഫുട്ബാളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ അഭിപ്രായത്തെ തള്ളി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത്. സചിന് കളിക്കാനല്ലാതെ വിക്കറ്റ് തയാറാക്കാൻ അറിയില്ലെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ഉടമസ്ഥനായത് കൊണ്ടാണ് കൊച്ചിയിൽ മത്സരം നടത്തുന്നതിനെ സചിൻ എതിർക്കുന്നത്. കാര്യങ്ങൾ പഠിക്കാതെയാണ് പലരും സംസാരിക്കുന്നത്. കെ.സി.എയോട് യാതൊരു കാര്യവും തിരക്കാതെയാണ് ശശി തരൂർ എം.പി സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഇത് ശരിയല്ല. ക്രിക്കറ്റ് മത്സരത്തിനായി സ്റ്റേഡിയം ഒരുക്കുമ്പോൾ ഫുട്ബാൾ ടർഫ് ഇല്ലാതാകുമെന്ന വാദം ഫുട്ബാളിനും ബാധകമാണ്.
കൊച്ചി വേദി ക്രിക്കറ്റിന് സ്ഥിരമായി നഷ്ടപ്പെടുമോ എന്നായിരുന്നു കെ.സി.എയുടെ ആശങ്ക. കെ.സി.എ ഏറെ വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് കലൂർ സ്റ്റേഡിയം. അതൊരു സുപ്രഭാതത്തിൽ നഷ്ടപ്പെടുകയെന്നാൽ ഞങ്ങൾക്ക് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. മത്സരം നടത്താന്‍ കെ.സി.എക്ക് കൂടുതല്‍ ചെലവ് വരുന്നത് തിരുവനന്തപുരത്താണ്. കാര്യവട്ടത്തേത് മികച്ച സൗകര്യങ്ങളാണെങ്കിലും സ്റ്റേഡിയത്തിലെ പല ജോലികളും ഇനിയും പൂര്‍ത്തിയായിട്ടില്ല.
60 കോര്‍പറേറ്റ് ബോക്സുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഫണ്ട് ഇല്ലാത്തതിനാൽ ഇവ പൂർത്തീകരിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ കെ.സി.എ പൂർത്തിയാക്കണമെന്നുമാണ് സ്റ്റേഡിയത്തിെൻറ ഉടമകളായ ഐ.എൽ.ആൻഡ് എഫ്.എസ് പറയുന്നത്. അതിന് ഞങ്ങൾക്ക് കഴിയില്ല- ജയേഷ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.