കോഴിക്കോട്: ഐ.എസ്.എൽ 2020-21 സീസണിലെ മുഴുവൻ മത്സരങ്ങളും ഒരു സംസ്ഥാനത്ത് നടത്താനുള്ള തീരുമാനത്തിനു പിന്നാലെ, ക്ലബുകളുടെ പ്രീ സീസൺ മത്സരങ്ങളും അതേ വേദിയിൽ തന്നെ നടത്താൻ സാധ്യത. കോവിഡ് വ്യാപനവും, വിവിധ സംസ്ഥാനങ്ങളുടെ കോവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് ടീമുകളെയെല്ലാം ഒരേ നഗരത്തിലെത്തിച്ച് ടൂർണമെൻറ് നടത്താൻ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡ് ആലോചിക്കുന്നത്.
നവംബർ മുതൽ 2021 മാർച്ച് വരെ നടക്കുന്ന ടൂർണമെൻറ് കേരളത്തിലും ഗോവയിലുമായി നടത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ, പ്രധാന വേദികൾക്കിടയിലെ ദൂരവും, പരിശീലന ഗ്രൗണ്ടുകളുടെ പോരായ്മയും കേരളത്തിന് തിരിച്ചടിയാവും. അതേസമയം, കൂടുതൽ സ്റ്റേഡിയങ്ങൾ ചുരുങ്ങിയ ദൂരപരിധിക്കുള്ളിലുള്ള ഗോവക്ക് സാധ്യത കൂടി. കേരളത്തെക്കാൾ മികച്ച രീതിയിൽ കോവിഡ് പ്രതിരോധിച്ചതും അനുകൂലമായി.
നിരീക്ഷണം ഒന്ന് മതി
ടീമുകളുടെ ക്യാമ്പ് മത്സര വേദിയിലൊരുക്കാനാണ് സംഘാടകരുടെ നീക്കം. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തു നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കളിക്കാർ അതത് ടീമുകളുടെ ഹോം സിറ്റിയിലെത്തുേമ്പാൾ 14 മുതൽ 28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
അതേസമയം, അവർ പ്രീ സീസണിൽ മത്സര വേദിയിലേക്ക് നേരിട്ടെത്തിയാൽ ഒരു ക്വാറൻറീനിൽ എല്ലാം പരിഹരിക്കാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോവയിൽ കടുത്ത നിയന്ത്രണങ്ങൾ ഇല്ല എന്നതും അനുകൂല ഘടകമാണ്.
പുറത്തു നിന്ന് വരുന്നവരെ നേരിട്ട് കോവിഡ് പരിശോധനക്ക് വിധേയരാക്കുകയും, പോസിറ്റിവാണെങ്കിൽ അവർക്ക് നിരീക്ഷണത്തിലാക്കി ചികിത്സ ലഭ്യമാക്കുകയുമാണ് ഗോവയിലെ രീതി. നിലവിലെ സാഹചര്യത്തിൽ ഐ.എസ്.എൽ ടീമുകളെല്ലാം വിദേശ പരിശീലനമൊഴിവാക്കി ഇന്ത്യയിൽ തന്നെയാവും തയാറെടുപ്പ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.