കൊച്ചി: കേരളത്തിൽ ഫുട്ബാൾ ആവേശത്തിന് പുതിയ തുടക്കം കുറിച്ച് കൂടുതൽ പുതുമകളോടെ കേരള പ്രീമിയർ ലീഗ് ഫുട്ബാൾ നാലാം പതിപ്പിന് ശനിയാഴ്ച കിക്കോഫ്. ആറ് വേദികളിലായി പത്ത് ടീമുകൾ ഹോം, എവേ മത്സരങ്ങൾ കളിക്കുന്നതാണ് പുതിയ രീതി. ടൂർണമെൻറിലെ ആദ്യ 20 കളികളുടെ ഫിക്സർ തയാറായി. തിരൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എസ്.എ.ടി മലപ്പുറം എഫ്.സി തൃശൂരിനെ നേരിടും. എല്ലാ മത്സരങ്ങളും വൈകുന്നേരം നാലിനാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സർ പിന്നീട് തയാറാക്കും. ലീഗിെൻറ ആദ്യ ഷെഡ്യൂൾ ഏപ്രിൽ 29ന് അവസാനിക്കും. ഫൈനൽ മേയ് 28ന് നടക്കും. കേരള ബ്ലാസ്റ്റേഴ്സിെൻറ സാങ്കേതിക സഹായത്തോടെയാണ് ലീഗ് സംഘടിപ്പിക്കുക. മുൻ വർഷങ്ങളിൽനിന്ന് ഭിന്നമായി കൂടുതൽ പുതുമകളോടെയാണ് നാലാം പതിപ്പിന് കൊടിയേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമാണ് പോരാട്ടത്തിനിറങ്ങുന്നത്. മലപ്പുറം കോട്ടപ്പടി മൈതാനമാണ് ഗോകുലം എഫ്.സി, കേരള പൊലീസ് ടീമുകളുടെ ഹോം ഗ്രൗണ്ട്. എസ്.ബി.ടി, എഫ്.സി കേരള ടീമുകളുടെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ്. എറണാകുളം അംബേദ്കർ സ്റ്റേഡിയമാണ് സെൻട്രൽ എക്സൈസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമുകളുടെ ഹോം ഗ്രൗണ്ട്. ജേതാക്കൾക്ക് രണ്ടുലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് ഒരുലക്ഷം രൂപയുമാണ് സമ്മാനം. കൊച്ചിൻ ഷിപ്യാർഡാണ് പ്രധാന സ്പോൺസർ. കോസ്കോയാണ് ഔദ്യോഗിക പാർട്ണർ. മീഡിയ വൺ ചാനലാണ് മീഡിയ പാർട്ണർ.
സുശാന്ത് മാത്യു, വി.പി. സഹീർ അടക്കമുള്ള കേരള താരങ്ങളും വിദേശതാരങ്ങളും ലീഗിൽ അണിനിരക്കുമെന്ന് സംഘാടകർ പറഞ്ഞു. സൗകര്യമുള്ള സ്റ്റേഡിയങ്ങളിൽ ടിക്കറ്റ് ഏർപ്പെടുത്തും. എന്നാൽ, സൗകര്യമില്ലാത്തിടത്ത് ടിക്കറ്റ് ഏർപ്പെടുത്തില്ല. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ക്ലബുകൾക്ക് തീരുമാനമെടുക്കാമെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽ കുമാർ പറഞ്ഞു. വരും വർഷങ്ങളിൽ ജില്ലതലത്തിൽ അണ്ടർ 12, 14, 16, 18 വിഭാഗത്തിലും വനിത വിഭാഗത്തിലും ലീഗ് സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കെ.എഫ്.എ അറിയിച്ചു. കൊച്ചി കെ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലീഗിെൻറ ലോഗോയും ടീമുകളുടെ ജഴ്സിയും ട്രോഫിയും പുറത്തിറക്കി. വാർത്തസമ്മേളനത്തിൽ കെ.എഫ്.എ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, കൊച്ചിൻ ഷിപ്യാർഡ് ജനറൽ മാനേജർ എം.ഡി. വർഗീസ്, മീഡിയവൺ ജനറൽ മാനേജർ സി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.