കോഴിക്കോട്: ‘‘കൊൽക്കത്തയും ഗോവയും കഴിഞ്ഞാൽ ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാർ എന്നാണ് എെൻറ വിശ്വാസം. കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) കളിക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷിച്ചതും അതിനാലാണ്. നാട്ടുകാർ സ്നേഹിച്ചെങ്കിലും നിരാശജനകമായ അനുഭവമായിരുന്നു ക്ലബിൽ. 20,000 രൂപ മാസശമ്പളത്തിനാണ് എത്തിയത്. പിന്നീട് ശമ്പളം കിട്ടാൻ പൊലീസ് സ്റ്റേഷനിൽ വരെ കയറേണ്ടി വന്നു. കിട്ടിയതോ 2000 രൂപ. ഒടുവിൽ ചെന്നൈയിലെത്തി കൂട്ടുകാരോട് കടം വാങ്ങി ഇങ്ങോട്ട് വരുകയായിരുന്നു’’ - കൊൽക്കത്തയിൽ നിന്ന് സഞ്ജയ് ബിശ്വാസ് ഫോണിലൂടെ വിലപിച്ചതിങ്ങനെ. കെ.പി.എല്ലിൽ കോഴിക്കോട് ക്വാർട്സ് സോക്കർ ക്ലബിെൻറ ഗോൾകീപ്പറായിരുന്നു സഞ്ജയ്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ക്വാർട്സ് ടീം കഴിഞ്ഞദിവസം മത്സരത്തിൽ നിന്ന് പിന്മാറിയതിനുപിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിക്കെതിരായ മത്സരത്തിൽ നിന്നാണ് ക്വാർട്സ് ടീം പിന്മാറിയത്. ഇതോടെ ലീഗിൽ മത്സരക്രമം പുനർനിർണയിക്കാനൊരുങ്ങുകയാണ് കേരള ഫുട്ബാൾ അസോസിയേഷൻ(കെ.എഫ്.എ). ശമ്പളം തരാത്തതിനാൽ കളിക്കാൻ പോയില്ലെന്നാണ് താരങ്ങൾ പറയുന്നത്. എന്നാൽ, വൈകിയെത്തിയതിനാൽ പോകാൻ കഴിഞ്ഞില്ലെന്നാണ് ക്വാർട്സ് എസ്.സി മേധാവി പി. ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞത്.
മാർച്ചിലാണ് സഞ്ജയ്കുമാറടക്കമുള്ള താരങ്ങൾ കോഴിക്കോട്ടെത്തിയത്. മിസോറം പ്രീമിയർ ലീഗിൽ ദിൻതാർ എഫ്.സിയിൽ കളിക്കുകയായിരുന്നു ഈ 26കാരൻ. വാഗ്ദാനം ചെയ്ത ശമ്പളം തരാതിരുന്നതിനെതുടർന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുക നൽകാമെന്ന് ക്ലബ് അധികൃതർ പിന്നീട് വാഗ്ദാനം ചെയ്തു. എന്നാൽ, 2000 രൂപ മാത്രമാണ് കിട്ടിയതെന്ന് സഞ്ജയ് പറഞ്ഞു.
മണിപ്പൂരിൽ നിന്നുള്ള രണ്ട് താരങ്ങളും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരിലൊരാൾക്ക് നാട്ടിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കൂലി പോലും കൊടുത്തില്ലെന്നും പരാതിയുണ്ട്. ടീമിൽ ഒരാളൊഴികെ മുഴുവൻ താരങ്ങളും ഇതരസംസ്ഥാനക്കാരാണ്. മിക്കവർക്കും ശമ്പളം െകാടുക്കാനുണ്ടെന്നാണ് ആരോപണം. അതേസമയം, വിവാദമുണ്ടാക്കുന്നത് സെവൻസ് ലോബിയാണെന്നും പണം കൊടുത്തിട്ടുണ്ടെന്നും എന്ന് പി. ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.