മഡ്രിഡ്: അഞ്ചു കളിക്കാർ കോവിഡ് പോസിറ്റിവായ വാർത്തകൾ സ്പാനിഷ് ലാ ലിഗ പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാവില്ലെന്ന് പ്രസിഡൻറ് യാവിയർ ടെബാസ്. മുൻ നിശ്ചയപ്രകാരം ജൂൺ 12ന് തന്നെ സീസൺ തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ‘‘നിലവിലെ സാഹചര്യത്തിൽ ലീഗ് ജൂൺ 12ന് പുനരാരംഭിക്കാനാണ് തീരുമാനം. എന്നാൽ, ഇത് മറ്റ് ഒരുപാട് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും’’ -ടെബാസ് അഭിമുഖത്തിൽ പറഞ്ഞു.
സീസൺ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഒന്നും രണ്ടും ഡിവിഷൻ ക്ലബുകളിലെ കളിക്കാർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കളിക്കാർക്ക് കോവിഡ് പോസിറ്റിവാണെന്ന് റിപ്പോർട്ട് ചെയ്തതത്.
‘‘ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളോടെയാവും മുന്നോട്ടുപോവുക. ഞായറാഴ്ച പുതിയ കേസുകൾ സ്ഥിരീകരിച്ചെങ്കിലും പരിശീലന പ്രോട്ടോകോളിൽ മാറ്റംവരുത്താൻ തീരുമാനമില്ല. ’’ -ടെബാസ് പറഞ്ഞു.
രണ്ട് ഡിവിഷനിലെ കളിക്കാരും ഒഫീഷ്യലുകളുമായി 2500ലേറെ പേരാണ് പരിശോധനക്ക് വിധേയരായത്. 30 പേരെങ്കിലും രോഗബാധിതരാവുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അഞ്ചു പേർക്ക് മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. ഇത് ആശ്വാസ വാർത്തയാണ് -അദ്ദേഹം പറഞ്ഞു. ബാഴ്സലോണ താരങ്ങൾ വെള്ളിയാഴ്ച തന്നെ പരിശീലനത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.