മഡ്രിഡ്: രാജ്യത്ത് കോവിഡ് മഹാമാരിയെത്തുടർന്നുള്ള മരണസംഖ്യ 2000 കടന്നതിനെത്തുടർന്ന് സ്പെയിനിൽ ലാലിഗയടക്കം എല്ലാ ഫുട്ബാൾ മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കും. നേരത്തേ രണ്ട് റൗണ്ട് മത്സരങ്ങൾ റദ്ദാക്കി ഏപ്രിൽ മൂന്നിന് മത്സരങ്ങൾ പുനരാരംഭിക്കാനായിരുന്നു പദ്ധതി. കോവിഡ്- 19 നിയന്ത്രണത്തിലാവാത്തതിനെ തുടര്ന്ന് സ്പാനിഷ് പ്രധാനമന്ത്രി രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രിൽ 11 വരെ നീട്ടിയതായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ മത്സരം നടത്താൻ സർക്കാർ അനുമതി നൽകുന്നത് വരെ രാജ്യത്ത് കളി നടത്തേണ്ടന്ന് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാലിഗയും സംയുകത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലീഗ് റദ്ദാക്കുകയില്ലെന്നും കോവിഡ് ബാധ ശമിച്ചാൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്നും സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ തലവൻ ലൂയി റൂബിയൽസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. റയൽ മഡ്രിഡിെൻറ ബാസ്കറ്റ്ബാൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഴുവൻ ടീം അംഗങ്ങളെയും നിരീക്ഷണത്തിൽ പാർപ്പിച്ചതിനെത്തുടർന്നാണ് ആദ്യം ലീഗിലെ മത്സരങ്ങൾ നിർത്തിവെച്ചത്.
റയൽ മഡ്രിഡ് മുൻ പ്രസിഡൻറ് ലോറൻസോ സാൻസാണ് സ്പാനിഷ് ഫുട്ബാൾ രംഗത്ത് കോവിഡ് ബാധിച്ച് മരിച്ച പ്രധാന വ്യക്തി. 1995 മുതൽ 2000 വരെ റയൽ മഡ്രിഡിനെ നയിച്ച കരുത്തനായ അധ്യക്ഷനാണ് ശനിയാഴ്ച അന്തരിച്ചത്. നേരത്തേ കോവിഡ് ബാധിതനായ മലാഗയിലെ അത്ലറ്റികോ പോര്ട്ടാഡ അൽറ്റ ഫുട്ബാൾ ക്ലബ് ജൂനിയർ ടീം പരിശീലകനായ ഫ്രാൻസിസ്കോ ഗാർഷി 21ാം വയസ്സിൽ മരിച്ചതും ഞെട്ടലുളവാക്കിയിരുന്നു. കോവിഡിനൊപ്പം രക്താർബുദവും ബാധിച്ചതാണ് ഗാർസയയുടെ മരണത്തിനിടയാക്കിയത്.
നിലവിൽ രണ്ട് പോയൻറ് ലീഡുമായി ബാഴ്സലോണയാണ് പോയൻറ് പട്ടികയിൽ തലപ്പത്ത്. യൂറോ കപ്പ് അടുത്ത വർഷത്തേക്ക് മാറ്റിയതിനാൽ ലീഗ് പൂർത്തിയാക്കാൻ സമയം ലഭിക്കുമെന്നതിനാലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.