ബ്വേനസ് എയ്റിസ്: താരങ്ങൾ മൈതാനത്ത് കളിച്ചുജയിക്കേണ്ട വൈരം ആരാധകക്കൂട്ടം പുറത്ത് തെരുവിൽ തീർത്തതോടെ ത്രിശങ്കുവിലായ ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബാൾ കലാശപ്പോരാട്ടം ഇനി എന്നു നടക്കും? േകാപ ലിബർട്ടഡോറസ് ഫൈനലിൽ അർജൻറീനൻ ചിരവൈരികളായ റിവർേപ്ലറ്റും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് തെരുവു കൈയേറിയ തെമ്മാടിക്കൂട്ടം അനിശ്ചിതത്വത്തിലാക്കിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നിശ്ചയിച്ച രണ്ടാംപാദ മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ബൊക്ക താരങ്ങളുടെ ബസ് ആക്രമിക്കപ്പെടുകയായിരുന്നു. ക്യാപ്റ്റൻ പാേബ്ലാ പെരസ് ഉൾപ്പെടെ മുൻനിര താരങ്ങളിലേറെയും കല്ലേറിലും കണ്ണീർവാതക പ്രയോഗത്തിലും പരിക്കേറ്റ് ആശുപത്രിയിലായി. പിറ്റേന്ന് ഞായറാഴ്ച അതേ സമയത്തേക്ക് കളി പുതുക്കിനിശ്ചയിച്ചെങ്കിലും പരിക്ക് അലട്ടുന്ന താരങ്ങൾക്ക് ഇറങ്ങാനാവില്ലെന്ന് കാണിച്ച് ബൊക്ക ടീം കത്ത് നൽകിയതോടെ പിന്നെയും നീണ്ടു. ഇനി എന്നു കളിക്കാമെന്ന് തീരുമാനിക്കാൻ ഇരു ടീമുകളുടെയും മാനേജ്മെൻറുമായി ചർച്ച നടത്തുമെന്ന് േകാപ ലിബർട്ടഡോറസ് അധികൃതർ പ്രഖ്യാപിച്ചതു മാത്രമാണ് ആശ്വാസം.
ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിെൻറയും അർജൻറീനയുടെയും ഒാരോ ടീമുകളാണ് പൊതുവെ േകാപ ലിബർട്ടഡോറസ് ഫൈനൽ കളിക്കാറെങ്കിലും വർഷങ്ങൾക്കിടെ ആദ്യമായി രണ്ടും അർജൻറീനക്കാരായത് രാജ്യത്തെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇത്തവണ ഫൈനൽ പോരാട്ടം രാജ്യത്തിെൻറ മുഖം ലോകത്തെ അറിയിക്കുന്നതാകുമെന്ന് പ്രസിഡൻറ് മൗറീഷ്യോ മാക്രി ആവേശത്തോടെ പറഞ്ഞത് പക്ഷേ, അറംപറ്റി. ബൊക്ക മൈതാനത്ത് നടന്ന ആദ്യ പാദം വെള്ളക്കെട്ടിനെ തുടർന്ന് 24 മണിക്കൂർ നീണ്ടുവെങ്കിലും അടിയില്ലാതെ നടന്നതാണ്. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെ രണ്ടാം പാദത്തിന് പ്രാധാന്യമേറെയായിരുന്നു. രണ്ടു ദിവസങ്ങളിലും മൈതാനം തുറന്ന് കളിയാരാധകരെ അകത്തുവിട്ടു തുടങ്ങിയശേഷമാണ് മത്സരം നീട്ടിവെക്കുന്നതായി പ്രഖ്യാപനം വരുന്നത്.
മൂന്നു വർഷം മുമ്പ് ബൊക്ക മൈതാനത്ത് റിവർേപ്ലറ്റ് ആരാധകർക്കുനേരെയും സമാന ആക്രമണമുണ്ടായിരുന്നു. മത്സരം നിർത്തിവെച്ച് റിവർേപ്ലറ്റിനെ വിജയികളായി പ്രഖ്യാപിച്ചായിരുന്നു അന്ന് സംഘാടകർ പ്രശ്നം തീർത്തത്. ഇത്തവണ പക്ഷേ, കളി നടത്തുമെന്നുതന്നെയാണ് സംഘാടകരുടെ പ്രഖ്യാപനം. ഇരുടീമുകൾക്കും സുഗമമായി പന്തുതട്ടാൻ സാധ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാകുമെന്നു മാത്രം. ഇത് എന്ന് സാധ്യമാകുമെന്നാണ് ആരാധകരുടെ കാത്തിരിപ്പ്. ബൊക്ക പ്രസിഡൻറ് ഡാനിയൽ എയ്ഞ്ചലിസിയും റിവർ മേധാവി റൊഡോൾഫോ ഡൊണോഫോറിയയും സംഘാടകരും ഒന്നിച്ചിരുന്ന് പ്രഖ്യാപനം നടത്തുന്ന ആ തീയതിക്കായി കാത്തിരിപ്പിലാണ് സോക്കർ ലോകം. േകാപ ലിബർട്ടഡോറസ് ജേതാക്കൾ ക്ലബ് ലോകകപ്പ് സെമിയിലേക്ക് യോഗ്യത നേടും. ടൂർണമെൻറ് ഡിസംബർ 12ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.