സ്കോപ്യ (മാസിഡോണിയ): റയൽ മഡ്രിഡിെൻറ മാറ്റിൽ ഇക്കുറിയും സംശയമൊന്നും വേണ്ട. പത്തരമാറ്റ് തന്നെ. കഴിഞ്ഞ സീസണിൽ സ്പാനിഷ് ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി ട്രിപ്പ്ൾ അടിച്ച സിദാനും സംഘവും പുതു സീസണിന് പത്തരമാറ്റ് തിളക്കത്തോടെ കിക്കോഫ് കുറിച്ചു. അതാവെട്ട യൂറോ ചാമ്പ്യന്മാരുടെ പോരാട്ടത്തിലെ കിരീടവുമായി. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലും യൂറോപ്പ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ യുനൈറ്റഡും ഏറ്റുമുട്ടിയ യുവേഫ സൂപ്പർ കപ്പിൽ 2-1െൻറ ജയവുമായി റയൽ മഡ്രിഡിന് സ്വപ്നത്തുടക്കം.
മാസിഡോണിയയിലെ സ്കോപ്യ ഫിലിപ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഹോസെ മൗറീന്യോയുടെ തന്ത്രങ്ങളെ കത്രികപ്പൂട്ടിൽ വരിഞ്ഞുകെട്ടിയ സിദാന് പുതുസീസണിലേക്ക് ഉൗർജം നൽകുന്നതായി ഇൗ വിജയം. കളിയുടെ 24ാം മിനിറ്റിൽ കാസ്മിറോയും 52ാം മിനിറ്റിൽ ഇസ്കോയും നേടിയ ഗോളിലൂടെ റയൽ ലീഡ് പിടിച്ചു. പൊരുതിക്കളിച്ച യുനൈറ്റഡിനെ രണ്ടാം പകുതിയിലെ 62ാം മിനിറ്റിൽ റൊമേലു ലുകാകു തിരിച്ചെത്തിച്ചെങ്കിലും ആക്രമണം ശക്തമാക്കി റയൽ പ്രതിരോധിച്ചു. ലോങ്വിസിൽ ഉയർന്നപ്പോൾ സ്കോർ 2-1. സാൻറിയാഗോ ബെർണബ്യൂവിലേക്ക് നാലാം സൂപ്പർ കപ്പ് കിരീടം. തുടർച്ചയായി രണ്ടാമത്തെയും. 2002, 2014, 2016 വർഷങ്ങളിലാണ് നേരത്തെ റയൽ സൂപ്പർ കപ്പ് ജേതാക്കളായത്.
സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി, ഗാരെത്ബെയ്ൽ-കാസ്മിറോ-ബെൻസേമ കൂട്ടുമായി കളി തുടങ്ങിയ റയൽ ശക്തമായ സന്ദേശം കൂടിയാണ് നൽകിയത്. കഴിഞ്ഞ സീസണിൽ ട്രിപ്പ്ൾ കിരീടത്തിലേക്കെത്തിച്ച റൊേട്ടഷൻ തന്ത്രം സിദാൻ ഇക്കുറിയും കൈവിടില്ലെന്നുറപ്പിച്ചു. മറുതലക്കൽ, സീസണിലെ ബിഗ് ഡീലായി വന്ന റൊമേലു ലുകാകു-ഹെൻറിക് മിഖിത്ര്യാൻ കൂട്ടുമായാണ് മൗറീന്യോ കളിതുടങ്ങിയത്. പോൾ പൊഗ്ബ-ലിൻഗാർഡ്-മാറ്റിച്-ഹെരീറ-വലൻസിയ മധ്യനിരയെയും കളത്തിലിറക്കി റയൽ പ്രതിരോധം പൊളിക്കാനായിരുന്നു പദ്ധതി.
പക്ഷേ, പന്ത് കൈവിടാതെ കളിച്ച യൂറോപ്യൻ ചാമ്പ്യന്മാർ നിരന്തര ആക്രമണവുമായി യുനൈറ്റഡ് ഗോളി ഡിഗിയയെയും പ്രതിരോധത്തെയും പരീക്ഷിച്ചു. ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങൾ വഴിമാറിയ ശേഷമാണ് കാസ്മിറോ സ്കോർ ചെയ്തത്. വഴിയൊരുക്കിയത് ഡാനിയേൽ കാർവയാലും. ഒാഫ്സൈഡ് സംശയമുയർന്ന ഗോളിനെതിരെ മൗറീന്യോ പ്രതിഷേധവുമുയർത്തി.
രണ്ടാം പകുതിയിൽ ലിൻഗാർഡിനെ വലിച്ച് റാഷ്ഫോഡിനെ മൗറീന്യോ പരീക്ഷിച്ചു. പക്ഷേ, യുനൈറ്റഡ് ആക്രമണത്തിന് ഏകോപനമില്ലായിരുന്നു. അവസരം മുതലെടുത്ത് കളിച്ച റയൽ ഇതിനിടെ രണ്ടാം ഗോളും നേടി. ഇത്തവണ, ബെയ്ലുമായി ചേർന്നുള്ള വൺ-ടു-വൺ നീക്കത്തിലൂടെ ഇസ്കോ പന്ത് വലയിലാക്കി റയലിന് ലീഡ് നൽകി. രണ്ട് ഗോളിന് പിന്നിലായ ശേഷം ഉണർന്നു കളിച്ച യുനൈറ്റഡിനെ ലുകാകുവും പൊഗ്ബയും ചേർന്ന് ഒന്നിലേറെ തവണ ഗോളിനരികിലെത്തിച്ചു. വഴുതിമാറിയ അവസരങ്ങൾ 62ാം മിനിറ്റിൽ ഗോളായി മാറി. ശേഷം റയൽ മൂന്ന് മാറ്റങ്ങളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അസൻസിയോ, വാസ്ക്വസ് എന്നിവരെ ഗ്രൗണ്ടിലെത്തിച്ച് ഇരുവിങ്ങിലെയും ആക്രമണം ശക്തമാക്കി. ഇതോടെ യുനൈറ്റഡിെൻറ ഗോൾമോഹം തകർത്ത് സൂപ്പർ കപ്പ് കിരീടം റയലിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.