തിരുവനന്തപുരം: കോഴിക്കോട് സർവകലാശാലയിൽ ദേശീയ ഫുട്ബാൾ അക്കാദമി സ്ഥാപിക്കാനുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി അംഗീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. മലബാറിലെ ഫുട്ബാൾ കളിക്കാർക്ക് അന്താരാഷ്ട്രനിലവാരത്തിൽ പരിശീലനം ലഭിക്കാൻ പ്രയോജനപ്പെടുന്ന പദ്ധതിക്കുവേണ്ടി സർവകലാശാല 20 ഏക്കർ സ്ഥലം നൽകും. അക്കാദമിയുടെ ഭാഗമായി വോളിബാൾ, ഭാരോദ്വഹനം എന്നിവയിലും പരിശീലനത്തിന് സായിക്ക് പദ്ധതിയുണ്ട്.
ആദ്യഘട്ട പദ്ധതിക്ക് 14.7 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. അക്കാദമിയിൽ പ്രവേശനം കിട്ടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം, താമസം, പരിശീലനം എന്നിവക്കുള്ള ചെലവുകൾ സായ് വഹിക്കും. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ, ഫിഫ എന്നിവയുമായി സഹകരിച്ചാണ് ഫുട്ബാൾ അക്കാദമി സ്ഥാപിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിൽ ഫുട്ബാൾ പരിശീലനം നൽകുന്ന കേന്ദ്രം ഇപ്പോൾ കേരളത്തിലില്ല എന്നത് കണക്കിലെടുത്താണ് സായ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് സായിയുമായി സർവകലാശാല ധാരണപത്രം ഒപ്പിടും. ഇതുസംബന്ധിച്ച കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സ്പോർട്സ് സെക്രട്ടറി ഡോ.ബി. അശോക്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൽ മജീദ്, സായ് റീജ്യനൽ ഡയറക്ടർ ഡോ.ജി. കിഷോർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബ്രണ്ണൻ കോളജിൽ സിന്തറ്റിക് ട്രാക്
തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളജിൽ 400 മീറ്ററിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക് നിർമിക്കാനുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി അംഗീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 8.12 കോടി രൂപ ചെലവിലാണ് സായ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുവേണ്ടി ആവശ്യമായ സ്ഥലം കോളജ് നൽകും. പദ്ധതിക്കുവേണ്ടി 2.5 കോടി രൂപ ഇതിനകം സായ് അനുവദിച്ചു. അതിനാൽ നിർമാണ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് സായ് റീജ്യനൽ ഡയറക്ടർ ഡോ.ജി. കിഷോർ യോഗത്തിൽ അറിയിച്ചു. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, ഇൻഡോർ ഹാൾ, വോളിബാൾ- ബാസ്കറ്റ് ബാൾ കോർട്ട്, ജിംേനഷ്യം എന്നിവക്കുവേണ്ടി 42 കോടി രൂപയുടെ പദ്ധതി അടുത്തഘട്ടമായി സായ് നടപ്പാക്കും. കേന്ദ്ര സ്പോർട്സ് മന്ത്രി വിജയ് ഗോയലുമായി കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി ആലുവയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഫുട്ബാൾ അക്കാദമി, ബ്രണ്ണൻ കോളജിലെ സിന്തറ്റിക് ട്രാക് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.