കോഴിക്കോട്: കഴിഞ്ഞ സീസണിൽ ഐ.എസ്.എല്ലിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സഹൽ അബ്ദുസ്സമദിെൻറ ചുവട് പിൻപറ്റി യു.എ.ഇയിൽ പന്തുതട്ടി വളർന്ന മറ്റൊരു മലയാളി താരംകൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക്. കോഴിക്കോട്ടുകാരൻ സായിദ് ബിൻ വലീദാണ് ബ്ലാസ്റ്റേഴ്സിെൻറ പുതുമുഖ താരം. 17കാരൻ ടീമുമായി കരാറൊപ്പിട്ടുകഴിഞ്ഞു.യു.എ.ഇയിൽ സ്പാനിഷ് ലാ ലിഗയുമായി സഹകരിച്ച് നടത്തുന്ന ‘ഡു ലാ ലിഗ’ ഹൈ പെർഫോമൻസ് സെൻററിലൂടെയാണ് സായിദിെൻറ വരവ്. ഡു ലാ ലിഗയിൽ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായ സായിദ് അവിടെ മിന്നിത്തിളങ്ങിയാണ് ശ്രദ്ധിക്കപ്പെട്ടത്. അതുവഴി രണ്ടുവട്ടം സ്പെയിനിൽ ലാ ലിഗ ക്ലബുകൾക്കൊപ്പം പരിശീലനത്തിന് അവസരം കിട്ടുകയും യു.എസിൽ ടൂർണമെൻറിൽ പങ്കെടുക്കുകയും ചെയ്തു. 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ലോകകപ്പിനുള്ള ദേശീയ ക്യാമ്പിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രായം കുറവായതിനാൽ അവസരം നഷ്ടമാവുകയായിരുന്നു.
മികച്ച പന്തടക്കവും പാസിങ്ങും കൈമുതലായുള്ള മിഡ്ഫീൽഡറാണ് സായിദ്. ഡെഡ്ബാൾ സ്പെഷലിസ്റ്റ് കൂടിയായ താരം ഇടങ്കാൽ ഷോട്ടുകൾ ഉപയോഗിക്കുന്നതിൽ മിടുക്കനാണ്. അബൂദബി ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ സായിദും സഹലും വ്യത്യസ്ത പ്രായവിഭാഗങ്ങളിലാണെങ്കിലും ഒരുമിച്ചുണ്ടായിരുന്നു. സഹലിനെ പോലെ പ്ലേമേക്കർ പൊസിഷനിൽ ശോഭിക്കാൻ കഴിവുള്ള സായിദിന് ബ്ലാസ്റ്റേഴ്സ് അണിയിലും മുൻഗാമിയുടെ കാൽവെപ്പുകൾ പിന്തുടരാനായാൽ പ്രഫഷനൽ ഫുട്ബാളിലെ തുടക്കം ഗംഭീരമാവും.
കോഴിക്കോട് മീഞ്ചന്ത ആയിഷ നിവാസിൽ തെക്കേപ്പുറം സ്വദേശികളായ വലീദ് പാലാട്ടിെൻറയും അക്കരപ്പറമ്പിൽ നൂഫ് ആലിക്കോയയുടെയും മകനാണ് സായിദ്. അബൂദബിയിൽ പ്ലസ് ടു പഠനം പൂർത്തിയായ ശേഷമാണ് സായിദ് ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നത്. ഇന്ത്യൻ ആരോസ്, ജാംഷഡ്പുർ എഫ്.സി എന്നിവിടങ്ങളിൽനിന്ന് ക്ഷണമുണ്ടായിരുന്നെങ്കിലും കേരളത്തിെൻറ പ്രിയടീമായ ബ്ലാസ്റ്റേഴ്സിെൻറ വിളി സായിദ് സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.