വെള്ളിയാഴ്ച വൈകുന്നേരം ബംബോലിം ജി.എം.സി മൈതാനത്ത് കേരള^ പഞ്ചാബ് മത്സരം കണ്ടവർക്ക്, ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞയാഴ്ച പി.എസ്.ജിക്കെതിരെ ബാഴ്സലോണ നേടിയ അവിശ്വസനീയ ജയം ഓർമവന്നിട്ടുണ്ടാവണം. രണ്ട് ഗോളിന് പിന്നിലായി തോൽവിയുറപ്പിച്ച ടീം റഫറി അവസാന വിസിൽ മുഴക്കാൻ തയാറെടുക്കവെ തിരിച്ചുവന്ന് സമനില പിടിച്ചതിനെ അദ്ഭുതമെന്ന ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ പോരാ. പകരക്കാരനായെത്തിയ മുഹമ്മദ് പാറക്കോട്ടിലെന്ന അണ്ടർ 21 താരം നേടിയ അവസാന അഞ്ച് മിനിറ്റിലടിച്ച രണ്ട് ഗോളുകളാണ് ദാരുണാന്ത്യം കാത്തുനിന്ന കേരളത്തെ മരണമുഖത്ത് നിന്ന് തട്ടിയകറ്റിയത്. 89ാം മിനിറ്റിലും ഇൻജുറി ടൈമിെൻറ നാലാം മിനിറ്റിലുമാണ് മുഹമ്മദ് സ്കോർ ചെയ്തത്. പഞ്ചാബിെൻറ രണ്ടെണ്ണത്തിൽ ഒന്ന് 49ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളായിരുന്നു. 53ാം മിനിറ്റിൽ മൻവീർ സിങ്ങാണ് സ്കോർ ഉയർത്തിയത്.
അടിമുടി മാറ്റം
മഞ്ഞയിൽനിന്ന് മെറൂൺ ജഴ്സിയിലേക്ക് മാറിയ കേരള ടീമിനെ പ്രതീക്ഷിച്ചപോലെ സമൂല മാറ്റങ്ങളുമായാണ് പരിശീലകൻ വി.പി. ഷാജി ഇറക്കിയത്. ഉസ്മാനും ജോബി ജസ്റ്റിനുമായിരുന്നു കഴിഞ്ഞ കളിയിൽ മുന്നേറ്റ നിരയിലെങ്കിൽ ഇക്കുറി സഹൽ അബ്ദുസ്സമദും ഇവർക്കൊപ്പമെത്തി. മധ്യനിരയിലെ ജിജോ ജോസഫും ഡിഫൻഡർമാരായ നിഷോണും ലിജോയും കരക്കിരുന്നപ്പോൾ പ്രതിരോധത്തിന് കരുത്തുപകരാൻ നജേഷും രാഹുൽ വി. രാജും പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു.
ആദ്യ മിനിറ്റുകളിൽ പഞ്ചാബി താരങ്ങളെ പിടിച്ചു കെട്ടാനാവാതെ വിയർപ്പൊഴുക്കിയ കേരള ക്യാമ്പിൽ അങ്കലാപ്പ് മുഴച്ചുനിന്നു. എന്നാൽ കളി ചൂടുപിടിച്ചതോടെ ഒപ്പത്തിനൊപ്പമായി. ആറാം മിനിറ്റിൽ നല്ലൊരവസരം കേരളത്തിന് കൈവന്നു. അണ്ടർ 21 താരം അസ്ഹറുദ്ദീൻ ഇടതു കോർണറിൽനിന്ന് േക്രാസ് ചെയ്തത് പക്ഷേ ഗോൾകീപ്പർ പരംജിത് സിങ് പറന്നുപിടിച്ചു. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കുകാരൻ ജോബി കാണികളുടെ കൈയടി നേടിയെങ്കിലും പഞ്ചാബി താരങ്ങളൊരുക്കിയ പ്രതിരോധക്കോട്ട ഭേദിച്ച് മുന്നേറാനായില്ല. ഒമ്പതാം മിനിറ്റിൽ നജേഷിെൻറ ഉഗ്രനടി കൃത്യം പോസ്റ്റിലേക്കായിരുന്നു. പക്ഷേ ഗോളിയുടെ കൈയിൽ പന്തൊതുങ്ങി.
അടിതെറ്റാതെ തുടക്കം
കളിയുടെ 19ാം മിനിറ്റിൽ മൻവീന്ദർ സിങ്ങിെൻറ േത്രാ പോസ്റ്റിന് നേരെയായിരുന്നു. കണക്ട് ചെയ്ത പന്തിന് അമൻദീപ് സിങ് തലവെച്ചെങ്കിലും ഗോൾശ്രമം ഏശിയില്ല. വീണ്ടും പഞ്ചാബിെൻറ മുന്നേറ്റം. വിജയ്കുമാറിെൻറ നെടുങ്കനടി പോസ്റ്റിലേക്ക്. ഗോൾകീപ്പർ മിഥുെൻറ കൈയിൽത്തട്ടിത്തെറിച്ച പന്ത് വരുതിയിലാക്കാൻ മൻവീർ സിങ് പാഞ്ഞെത്തിയെങ്കിലും മിഥുൻ കിടന്നുപിടിച്ചു. 32ാം മിനിറ്റിൽ കേരളത്തിെൻറ നീക്കം പഞ്ചാബ് പ്രതിരോധത്തിൽ തകർന്നു. കളി 40ാം മിനിറ്റിലേക്കടുക്കവെ പഞ്ചാബിന് തുടർച്ചയായി കോർണറുകളും ഫ്രീ കിക്കും േത്രായുമെത്തി.
അടികിട്ടി രണ്ടെണ്ണം
രണ്ടാം പകുതി തുടങ്ങിയപ്പോൾ കേരളത്തിെൻറ ഗോൾമുഖത്ത് പഞ്ചാബി താരങ്ങളുടെ വിളയാട്ടമായിരുന്നു. 49ാം മിനിറ്റിൽ അവർക്ക് ആദ്യ മധുരം. കേരളത്തിെൻറ ഇടതു കോർണറിൽനിന്ന് അമൻദീപിെൻറ േക്രാസ്. പോസ്റ്റിെൻറ വലതുമൂലയിലേക്ക് വന്ന പന്ത് കൈക്കലാക്കാൻ ഗോളി മിഥുൻ ഡൈവ് ചെയ്യാൻ ശ്രമിക്കവെ കേരള ഡിഫൻഡർ ഷെറിൻ സാമിെൻറ കാലിൽത്തട്ടി വലയിലേക്ക് (0-1). സെൽഫ് ഗോളിൽ പഞ്ചാബിെൻറ ആഘോഷം. 53ാം മിനിറ്റിൽ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ. നജേഷിന് പകരം ലിജോയെ ഇറക്കി. 56ാം മിനിറ്റിൽ കേരളത്തിന് രണ്ടാമത്തെ അടിയും കിട്ടി. മൈതാനമധ്യത്ത് നിന്ന് പന്തുമായി കുതിച്ച മൻവീർ സിങ്ങിനെതിരെ കേരള താരങ്ങൾ ഓരോരുത്തായി നടത്തിയ ചെറുത്തുനിൽപ്പുകൾ വെറുതെയായി. അഡ്വാൻസ് ചെയ്ത ശ്രീരാഗിനെയും ഗോളി മിഥുനെയും മറികടന്ന് മൻവീറിെൻറ സ്കോറിങ് (0-2).
അടിക്കടി അവസരം
രണ്ട് ഗോളിന് പിന്നിലായതോടെ ഉടലെടുത്ത നിരാശയും മോഹഭംഗവും കേരളത്തിെൻറ നീക്കങ്ങൾക്ക് നേരിയ തോതിൽ വേഗത കുറച്ചു. ജയിച്ചെന്നുറപ്പിച്ച പഞ്ചാബ് അലസരായത് ഉസ്മാനും സംഘവും മുതലെടുത്തു. ഗോൾ മടക്കാൻ ജോബിയുടെയും ജിഷ്ണു ബാലകൃഷ്ണെൻറയും കഠിനാധ്വാനം. 66ാം മിനിറ്റിൽ സഹലിെൻറ പാസിൽനിന്ന് ഉസ്മാനുതിർത്ത ഷോട്ട് ഗോളി പിടിച്ചു. 69ാം മിനിറ്റിൽ കളിയിലെ ഏറ്റവും നിർണായകമായ പരീക്ഷണം കോച്ച് നടത്തി. അസ്ഹറിനെ പിൻവലിച്ച് മുഹമ്മദ് പാറക്കോട്ടിലിന് അവസരം നൽകി.
മുഹമ്മദിെൻറ വരവ് പകർന്ന ഉൗർജം സഹതാരങ്ങൾക്കും ഉണർവേകിയതോടെ കളി കേരളത്തിെൻറ കൈയിലായി. 73ാം മിനിറ്റിൽ സഹലിെൻറ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. വീണ്ടും ഉസ്മാെൻറ മുന്നേറ്റങ്ങൾ. മൻവീർ സിങ്ങിനെ ഫൗൾ ചെയ്തതിന് കേരള ഗോളി മിഥുന് 76ാം മിനിറ്റിൽ മഞ്ഞക്കാർഡ്. ഫ്രീ കിക്കും കോർണറുമായി പഞ്ചാബിെൻറ ഗോൾമുഖത്ത് കുറേനേരം കൂട്ടപ്പൊരിച്ചിൽ. 81ാം മിനിറ്റിൽ ഉസ്മാെൻറ പാസിൽ നിന്ന് ജിഷ്ണുവിെൻറ േക്രാസ്. ഇത് ജോബിക്ക് കണക്റ്റ് ചെയ്യാനായിരുന്നെങ്കിൽ േകരളത്തിെൻറ ആദ്യ ഗോൾ പിറന്നേനെ. താമസിയാതെ ഉസ്മാനെ പിൻവലിച്ച് ജിജോയെ ഇറക്കി.
അടിച്ചു മോനേ..
കളി അവസാന മിനിറ്റുകളിലേക്ക്. വിലപ്പെട്ട മൂന്ന് പോയൻറ് കേരളത്തിന് നഷ്ടമായെന്ന് കരുതിയ നിമിഷങ്ങളിൽ പക്ഷേ മുഹമ്മദിൽനിന്ന് അദ്ഭുതം പിറക്കാനിരിക്കുകയായിരുന്നു. 89ാം മിനിറ്റിൽ ജോബിയുടെ േക്രാസ്. ബോക്സിെൻറ ഇടതുഭാഗത്ത് നിന്ന മുഹമ്മദിെൻറ തകർപ്പൻ ഹെഡറിന് മുന്നിൽ പഞ്ചാബി ഗോളി പകച്ചു. പന്ത് വലയിൽത്തന്നെ പതിച്ചു (2-1). ഇൻജുറി ടൈമായി നൽകിയത് അഞ്ച് മിനിറ്റ്. പഞ്ചാബി ക്യാമ്പ് പരിക്ക് അഭിനയിച്ചും സബ്സ്റ്റിറ്റ്യൂഷൻ നടത്തിയും സമയംകൊല്ലാൻ നോക്കിക്കൊണ്ടിരുന്നു. അവസാന വിസിൽ മുഴങ്ങാൻ ഒരു മിനിറ്റ് മാത്രം ബാക്കി. ഇടതു ഭാഗത്തുനിന്ന് ലിജോയുടെ േത്രാ. പന്ത് തലയിലേക്ക് വാങ്ങി ജിജോ പോസ്റ്റിലേക്ക് നീക്കി. അവസരം കാത്തുനിന്ന മുഹമ്മദിെൻറ അടി കിറുകൃത്യം (2-2).
പിടിച്ചുയർത്തിയ ‘പാറ’
റെയിൽവേസിനെതിരായ ആദ്യ മത്സരത്തിൽ അവസാന പകുതിയുടെ ഇൻജുറി ടൈമിലാണ് വിങ്ങർ മുഹമ്മദ് പാറക്കോട്ടിലിന് കേരള പരിശീലകൻ അവസരം നൽകിയത്. കളിച്ചത് നാല് മിനിറ്റ് മാത്രം. ഇന്നലെ പഞ്ചാബിനെതിരെ 69ാം മിനിറ്റിൽ അണ്ടർ 21 താരത്തെ പരീക്ഷിക്കുമ്പോൾ ടീം രണ്ട് ഗോളിന് പിന്നിലായിരുന്നു. പിന്നെ കണ്ടത് മുഹമ്മദിെൻറ ഉശിരൻ കളി. മത്സരം തീരാൻ നേരം 89ാം മിനിറ്റിലും ഇൻജുറി ടൈമിെൻറ നാലാം മിനിറ്റിലും കൗമാരക്കാരൻ നേടിയ ഗോളുകളാണ് കേരളത്തെ രക്ഷപ്പെടുത്തിയത്. പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ മുഹമ്മദ്, തൃശൂർ ഇരിങ്ങാലക്കുട ൈക്രസ്റ്റ് കോളജിൽ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. കേരളത്തിൻറ ജൂനിയർ സംഘത്തിൽ അംഗവും ദേശീയ സീനിയർ സ്കൂൾ ടീം നായകനുമായിരുന്നു കൂട്ടുകാരുടെ ‘പാറ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.