മോസ്കോ: 21ാമത് ലോകകപ്പിൽ മുത്തമിടാൻ ഫൈനലിൽ കൊമ്പുകോർക്കുന്ന ടീമുകളുടെ ചിത്രം ബുധനാഴ്ച രാത്രിയോടെ പൂർണമാവും. രാത്രി 11.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയുമാണ് കൊമ്പുകോർക്കുന്നത്.
സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിെൻറ നായകത്വത്തിൽ ഇംഗ്ലണ്ട് അഞ്ചു പതിറ്റാണ്ട് കാലത്തെ കിരീടവരൾച്ചക്ക് വിരാമമിടുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ് റൗണ്ടിൽ ബെൽജിയത്തിനു പിറകിൽ രണ്ടാമതായെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ കൊളംബിയയെയും സ്വീഡനെയും കീഴടക്കിയെത്തുന്ന ഗാരത് സൗത്ത്ഗേറ്റിെൻറ ടീം പതിവിൽനിന്ന് വ്യത്യസ്തമായി വമ്പൻ താരങ്ങളുടെ പകിട്ടില്ലാതെയാണ് ലോകകപ്പിനെത്തിയത്. കെയ്നിനെ കൂടാതെ ഡെലെ അലി, കീറൺ ട്രിപ്പിയർ, ഹാരി മഗ്വയർ, ജോർഡൻ പിക്ഫോർഡ്, റഹീം സ്റ്റെർലിങ്, ജെസെ ലിൻഗാർഡ് തുടങ്ങിയ യുവതാരങ്ങളുടെയും ജോർഡൻ ഹെൻഡേഴ്സൺ, ആഷ്ലി യങ് തുടങ്ങിയ പരിചയസമ്പന്നരുടെയും കരുത്തിലാണ് ഇംഗ്ലണ്ടിെൻറ സെമി പ്രവേശനം.
ഗ്രൂപ് ഘട്ടത്തിൽ എല്ലാ കളികളും ജയിച്ച് ഒന്നാമതായ ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിൽ ഡെന്മാർക്കിനെയും റഷ്യയെയും കീഴടക്കിയാണ് സെമിയിലെത്തിയത്. മധ്യനിരയിലെ എൻജിൻ ലൂക മോഡ്രിചിെൻറ നായകത്വത്തിൽ ഇവാൻ റാകിടിച്, ഇവാൻ പെരിസിച്, മാരിയോ മൻസൂകിച്, ഡെജാൻ ലോവ്റൻ, ഡോമഗോജ് വിദ, സിമെ വ്രിസാലിച്, ഡാനിയേൽ സുബാസിച് തുടങ്ങിയ ഒരുപിടി താരങ്ങളിൽ വിശ്വാസമർപ്പിച്ചാണ് ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡാലിചിെൻറ പടപ്പുറപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.